-->
ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റാനും പദ്ധതി പുനഃക്രമീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയീസ് ഗ്യാരന്റി സ്‌കീം (എം.ജി.എന്‍.ആര്‍.ഇ.ജി.എ.) എന്ന പേരു മാറ്റും. വികസിത് ഭാരത് ഗ്യരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്നാണു പുതിയപേര്‍. ചുരുക്കപ്പേര്‍: 'വിബി ജി റാം ജി.'
പ്രതിവര്‍ഷ തൊഴിലുറപ്പ് ദിനങ്ങള്‍ നൂറില്‍നിന്ന് 125 ആയി ഉയര്‍ത്തും. പണി പൂര്‍ത്തിയായി ഏഴു ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കുമെന്നും ബില്ലില്‍ വ്യവസ്‌ഥ. ഈ സമയത്തിനുള്ളില്‍ നല്‍കാനായില്ലെങ്കില്‍ പ്രത്യേക തൊഴിലില്ലായ്‌മ അലവന്‍സ് നല്‍കും. 2005-ല്‍ അന്നത്തെ യു.പി.എ. സര്‍ക്കാരാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.
പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ജലസുരക്ഷ, ഗ്രാമീണ അടിസ്‌ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്‌ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നീ നാലു മേഖലകളായി തിരിക്കാനും പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നു. ഗ്രാമീണ മേഖലയില്‍ കാര്‍ഷിക സീസണ്‍ സജീവമായിരിക്കുമ്പോള്‍ ഈ വേര്‍തിരിവുണ്ടാകില്ല. സുതാര്യത ഉറപ്പാക്കാന്‍ ബയോമെട്രിക്‌സും ജിയോടാഗിങ്ങും ഉപയോഗിക്കും.
വിവിധ തലങ്ങളില്‍ പരാതി പരിഹാര സംവിധാനങ്ങുമുണ്ടാകും.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അവിദഗ്‌ധ തൊഴിലുകള്‍ക്കുള്ള വേതനത്തിന്റെ 100 ശതമാനവും കേന്ദ്ര സര്‍ക്കാരാണു വഹിച്ചിരുന്നത്. വിദഗ്‌ധ തൊഴിലാളികളെ നിയമിക്കുന്നതിനും തൊഴിലുപകരണങ്ങള്‍ സംഘടിപ്പിക്കുന്നതിനടക്കമുള്ള മറ്റു ചെലവുകള്‍ മാത്രമാണ് സംസ്‌ഥാന സര്‍ക്കാരുകള്‍ വഹിച്ചിരുന്നത്. എന്നാല്‍ ജി റാം ജി സ്‌കീമില്‍ കേന്ദ്രവും മിക്ക സംസ്‌ഥാനങ്ങളും തമ്മില്‍ 60:40 എന്ന അനുപാതത്തില്‍ വേതനമടക്കമുള്ള ചെലവുകള്‍ പങ്കിടണം. വടക്കുകിഴക്കന്‍ ഹിമാലയന്‍ സംസ്‌ഥാനങ്ങളില്‍ ഇത് 90:10 എന്ന അനുപാതത്തിലാകും. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചെലവിന്റെ നൂറുശതമാനവും കേന്ദ്രം വഹിക്കും.
പേരുമാറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുള്ള ' വികസിത് ഭാരത് 2047' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തൊഴിലുറപ്പ് പദ്ധതി പുനഃക്രമീകരിക്കുന്നതെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ബില്ല് പാസാകുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടി എം.പിമാരും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്നു നിര്‍ദേശിച്ച് ബി.ജെ.പി. വിപ്പ് നല്‍കി.
പദ്ധതിയുടെ പേര്‍ മാറ്റുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര്‍ മാറ്റുന്നതിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാധ്‌ര ചോദിച്ചു. 'എന്തുകൊണ്ടാണ് അവര്‍ മഹാത്മാഗാന്ധിയുടെ പേര്‍ നീക്കം ചെയ്യുന്നത്? ഏറ്റവും വലിയ ഇന്ത്യന്‍ നേതാവായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ല. പ്രധാനവിഷയങ്ങളെക്കുറിച്ചു ചര്‍ച്ച നടക്കുന്നില്ല. സമയവും പൊതു പണവും പാഴാക്കുന്നു.'- പ്രിയങ്ക പറഞ്ഞു.
ബി.ജെ.പിക്ക് നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമായിരുന്നു പ്രശ്‌നം. ഇപ്പോഴവര്‍ക്ക് ബാപ്പുവും പ്രശ്‌നമായിരിക്കുന്നു. പദ്ധതി പ്രകാരം കൃത്യസമയത്ത് വേതനം നല്‍കുന്നുവെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. തൊഴില്‍ ദിനങ്ങള്‍ 100 ല്‍നിന്ന് 150 ആയി ഉയര്‍ത്തുകയും പദ്ധതി മെച്ചപ്പെടുത്തുകയും ചെയ്യൂ. പേരു മാറ്റത്തിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നത് ലജ്‌ജാകരമാണ്.' -കോണ്‍ഗ്രസ് എം.പി: രഞ്‌ജിത് രഞ്‌ജന്‍ പറഞ്ഞു.