-->
ന്യൂഡല്‍ഹി: ആധുനികയുദ്ധമുഖങ്ങളില്‍ അനിവാര്യമായി മാറിയ ഡ്രോണുകള്‍ സൈന്യത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താനൊരുങ്ങി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകള്‍ വാങ്ങാന്‍ കരസേന 5000 കോടി രൂപയുടെ കരാറൊപ്പിടും.
ഇവ സേനയുടെ ഭാഗമാക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണങ്ങള്‍ നടന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഉണ്ടായതിനു സമാനമായ സാഹചര്യങ്ങള്‍ പുനഃസൃഷ്‌ടിച്ചായിരുന്നു പരീക്ഷണം.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്‌താനും ഭീകരതാവളങ്ങള്‍ക്കുമെതിരേ ഇന്ത്യന്‍ കരസേന വ്യാപകമായി ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം, അടിയന്തരഘട്ടങ്ങളില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ സൈന്യത്തിനു ലഭിച്ച പ്രത്യേകാധികാരം ഉപയോഗിച്ചാണ് കൂടുതല്‍ ഡ്രോണുകള്‍ സ്വന്തമാക്കുന്നത്. പൊതു-സ്വകാര്യ നിര്‍മാതാക്കളില്‍നിന്നാകും തദ്ദേശീയ ഡ്രോണുകള്‍ വാങ്ങുക. ചൈനീസ് നിര്‍മിത യന്ത്രഭാഗങ്ങള്‍ ഒഴിവാക്കും.
ഹൃസ്വദൂര കാമികസെ ഡ്രോണുകള്‍ ലക്ഷ്യം തകര്‍ത്തശേഷം സ്വയം നശിക്കുന്ന 'ചാവേര്‍' വിഭാഗത്തില്‍പ്പെട്ടവയാണ്. ദീര്‍ഘദൂര ഡ്രോണുകള്‍ ദൗത്യം നടപ്പാക്കിയശേഷം തിരിച്ചുവരാന്‍ ശേഷിയുള്ളവയും. പരീക്ഷണ വിലയിരുത്തലുകളുടെ അടിസ്‌ഥാനത്തില്‍ മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എം.ഐ.എല്‍) കമ്പനി 500 കോടി രൂപയുടെ കരാര്‍ നേടി.