-->
ജമ്മു: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ഏഴുപേരുടെ പേരുള്‍പ്പെടുന്ന കുറ്റപത്രം എന്‍.ഐ.എ. ജമ്മുവിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ആക്രമണത്തിന്റെ ഗൂഢാലോചന പാകിസ്‌താനില്‍നിന്നാണെന്നു കുറ്റപത്രത്തിലുണ്ട്. അഞ്ച് ഭീകരരും രണ്ട് പാദേശികവാസികളുമാണു പ്രതികള്‍. പ്രതിപ്പട്ടികയില്‍ പാകിസ്‌താന്‍ ആസ്‌ഥാനമായ ലഷ്‌കറെ തോയ്‌ബയുടെയും ദ് റെസിസ്‌റ്റന്‍സ് ഫ്രണ്ടിന്റെയും ഹാന്‍ഡ്‌ലറും ഭീകരനുമായ സാജിദ് ജട്ട്‌ും ഉള്‍പ്പെടുന്നു. ഇന്ത്യക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു എന്ന കുറ്റമാണ് എന്‍.ഐ.എ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 2025 ജൂലൈയില്‍ ശ്രീനഗറിലെ ദച്ചിഗാമില്‍ നടന്ന ഓപ്പറേഷന്‍ മഹാദേവ് എന്ന സൈനിക നടപടിയില്‍ ഇന്ത്യന്‍ സുരക്ഷാ സേന വധിച്ച മൂന്ന് പാക് ഭീകരരെയും 1,597 പേജുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫൈസല്‍ ജട്ട് (സൊലൈമാന്‍ ഷാ), ഹബീബ് താഹിര്‍ (ജിബ്രാന്‍), ഹംസ അഫ്‌ഗാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പാക് പഞ്ചാബിലെ കാസൂര്‍ ജില്ലക്കാരനാണു ജട്ട്. അയാളുടെ യഥാര്‍ത്ഥ പേര്‍ ഹബീബുള്ള മാലിക് ആണെന്നും, സെയ്‌ഫുള്ള, നൂമി, നൂമാന്‍, ലാങ്‌ഡ, അലി സാജിദ്, ഉസ്‌മാന്‍ ഹബീബ്, ഷാനി എന്നിങ്ങനെ നിരവധി വ്യാജപേരുകളില്‍ അറിയപ്പെട്ടിരുന്നു എന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. ആക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക പൗരനും കൊല്ലപ്പെട്ടു.
ഭീകരര്‍ക്ക് സഹായം നല്‍കിയ പ്രാദേശികവാസികളായ പര്‍വേസ് അഹമ്മദ്, ബഷീര്‍ അഹമ്മദ് ജോഥാഡ് എന്നിവര്‍ക്കെതിരേയും എന്‍.ഐ.എ കുറ്റം ചുമത്തി. ഇവരെ എന്‍.ഐ.എ കഴിഞ്ഞ ജൂണ്‍ 22ന് അറസ്‌റ്റ് ചെയ്‌തിരുന്നു.