-->
ന്യൂഡല്‍ഹി: പാക് അധീന കശ്‌മീരി (പി.ഒ.കെ)ല്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതു സസൂക്ഷ്‌മം നിരീക്ഷിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍. നീലം വാലി ജില്ലയില്‍ 'ദ്വിമുഖ ഉപയോഗ കേന്ദ്രം' നിര്‍മിക്കുന്നതായാണു വിവരം.
ലഷ്‌കറെ തോയ്‌ബ മുന്‍കൈയെടുത്തു കഴിഞ്ഞ നവംബര്‍ മുതലാണു നിര്‍മാണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഷാര്‍ദ മേഖലയില്‍ ജാമിയ മസ്‌ജിദ് ഇബിന്‍ തായ്‌മിയ വ മര്‍ക്കസ് എന്ന പുതിയ കേന്ദ്രത്തിന്റെ നിര്‍മാണം ത്വരിതപ്പെടുത്തിയതായാണ് ഉപഗ്രഹചിത്രങ്ങള്‍ ആധാരമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. മതപരമായ ആവശ്യങ്ങള്‍ക്കൊപ്പം ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഇതിലൂടെ ലക്ഷ്യമിടുന്നു. ലഷ്‌കറെ തോയ്‌ബയുടെ പി.ഒ.കെ. യൂണിറ്റ് ഉപമേധാവി റിസ്വാന്‍ ഹനീഫ് നീലംവാലി സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയതായും ഏജന്‍സികള്‍ പറയുന്നു.
മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ വേരോട്ടം നല്‍കുന്ന നീക്കമാണിതെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയ്‌ക്കു വകനല്‍കുന്നു. ശൈത്യകാലത്തെ പ്രതികൂലസാഹചര്യം മറയാക്കി 120-ല്‍ അധികം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്ന മുന്നറിയിപ്പിനു പുറമേയാണ് പുതിയ ഭീഷണി.
ലഷ്‌കറിന്റെ മേല്‍നോട്ടത്തില്‍ പാക് അധീന കശ്‌മീരില്‍ നിര്‍മാണത്തിലിരിക്കുന്ന നാല് പ്രധാന മര്‍ക്കസുകളില്‍ ഒന്നാണ് നീലം വാലിയിലേത്. ധിര്‍കോട്ട്, റാവല്‍കോട്ട്, പാലന്‍ദ്രി എന്നിവിടങ്ങളിലാണ് മറ്റു മൂന്നു മര്‍ക്കസുകള്‍. ഈ പ്രദേശങ്ങളില്‍ തങ്ങളുടെ തന്ത്രപരവും പ്രത്യയശാസ്‌ത്രപരവുമായ സാന്നിധ്യം വികസിപ്പിക്കാനാണ് ഈ സമാന്തര പദ്ധതികളിലൂടെ ലഷ്‌കര്‍ ലക്ഷ്യമിടുന്നത്.
കേന്ദ്രീകൃത മര്‍ക്കസുകള്‍ക്കു പകരം ചെറിയ തോതിലുള്ള അടിസ്‌ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി തന്ത്രം മാറ്റിപ്പരീക്ഷിക്കുകയാണ് ലഷ്‌കര്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത റാവല്‍കോട്ടിലെ ഭീകരകേന്ദ്രങ്ങളും പുനര്‍നിര്‍മാണത്തിന്റെ പാതയിലാണ്. ആരാധനാലയങ്ങളുടെ മറവില്‍ ഇവിടെ ഭീകരവാദ ലോഞ്ച് പാഡുകളുടെ നിര്‍മാണം തകൃതിയാണ്. ഖൈഗാല പ്രദേശത്ത് അല്‍ അഖ്‌സ മര്‍ക്കസ് എന്ന പേരില്‍ നിര്‍മിക്കുന്ന വമ്പന്‍ കെട്ടിടവും 'ഇരട്ട ഉപയോഗം' ലക്ഷ്യമിട്ടാണെന്ന് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍ പറയുന്നു.