-->
നവാഗതനായ ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയാണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രശംസ നേടിയ ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം മമ്മൂട്ടിയുടെയും വിനായകന്റെയും മികച്ച പ്രകടനങ്ങളാണ്.
‘കളങ്കാവൽ’ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. കഴിഞ്ഞ എട്ട് മാസങ്ങൾക്കിടയിലെ വലിയ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണിത്. വലിയ ഇടവേളയ്ക്ക് ശേഷമുള്ള മെഗാസ്റ്റാറിന്റെ ബോക്സ് ഓഫീസ് തിരിച്ചുവരവ് ആഘോഷമാക്കുകയാണ് പ്രേക്ഷകർ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 22 നായികമാർ ഒന്നിച്ച് അണിനിരന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിവരാണ് താരനിരയിലുള്ളത്. സിനിമയില്‍ നിരവധി നായിക കഥാപാത്രങ്ങള്‍ ഉണ്ട്, അതിലൊരു പ്രധാനപ്പെട്ട വേഷം ചെയ്തത് ഗായത്രി അരുണാണ്.
ഇപ്പോഴിതാ കളങ്കാവലിന് മുൻപ് മറ്റൊരു മമ്മൂട്ടി ചിത്രത്തില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ സിനിമയുടെ അവസാന ഘട്ടത്തില്‍ ചിത്രത്തില്‍ നിന്നും മാറ്റിയതായും പറയുകയാണ് ഗായത്രി. പിന്നീട് തന്നെ കളങ്കാവലിലേക്കാണ് വിളിച്ചതെന്നും ഇരുപതിലധികം നായികമാരുണ്ടെങ്കിലും ഓരോരുത്തര്‍ക്കും അവരുടെതായ പ്രാധാന്യം ചിത്രത്തിലുണ്ടെന്നുമാണ് ഗായത്രി പറയുന്നത്.
‘‘കളങ്കാവലിന് മുമ്പ് മമ്മൂക്കയുടെ മറ്റൊരു ചിത്രത്തിലേക്ക് വിളിച്ചിരുന്നു. പക്ഷേ ചിത്രത്തില്‍ ആ കഥാപാത്രത്തിന് റെലവെന്‍സില്ലെന്ന് പറഞ്ഞ് എന്റെ വേഷം ഒഴിവാക്കി. ഏകദേശം എല്ലാം പൂര്‍ത്തിയായി അവസാന ഘട്ടത്തില്‍ എത്തിയ അവസരത്തിലായിരുന്നു ചിത്രത്തില്‍ നിന്നും മാറ്റിയത്. അത് മമ്മൂട്ടിക്കമ്പനിയുടെ തന്നെ പ്രൊജക്ടായിരുന്നു. പിന്നീട് ഇതിലേക്കാണ് എന്നെ വിളിക്കുന്നത്.
ഇരുപതിലധികം നായികമാരുണ്ടെങ്കിലും ഓരോരുത്തര്‍ക്കും അവരുടെതായ പ്രാധാന്യം ചിത്രത്തിലുണ്ട്. വീണ്ടും മമ്മൂട്ടി കമ്പനി എന്നെ മറക്കാതെ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ സന്തോഷം തോന്നി. ‘വണ്‍’ എന്ന മമ്മൂക്ക ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ അതിലെ സംവിധായകന്‍ പ്രത്യേകം പറഞ്ഞിരുന്നു, ഞാന്‍ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്ന്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്...’’ ഗായത്രി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇത് പറഞ്ഞത്.
തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി കളങ്കാവല്‍ റെക്കോർഡുകള്‍ തകർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവല്‍ സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണിത്.