-->
നമ്മുടെ രാജ്യം ഏറ്റവും കൂടുതല്‍ നേരിടുന്ന വെല്ലുവിളിയാണ് മാലിന്യ സംസ്‌കരണം. ചിലര്‍ മാലിന്യങ്ങള്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യും. എന്നാല്‍, മറ്റു ചിലരത് പൊതുജനങ്ങള്‍ക്ക് സമ്മാനിക്കും. അത്തരത്തില്‍ ഒരു ദൃശ്യമാണ് ദില്ലിയിലെ പാലി മാര്‍ക്കറ്റില്‍ നിന്നും പുറത്ത് വന്നത്. നഗരവത്ക്കരണത്തിനായി വച്ച ചെടിച്ചട്ടികള്‍ പ്രദേശവാസികള്‍ താല്‍ക്കാലിക ചവറ്റുകൊട്ടയായി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍, സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായി.
വീഡിയോയില്‍ ചെടികള്‍ നട്ടുവെച്ചിരിക്കുന്ന വലിയ ചട്ടികളില്‍ പ്ലാസ്റ്റിക് കവറുകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം. ആളുകള്‍ യാതൊരു മടിയുമില്ലാതെ ചവറുകള്‍ അതിലേക്ക് വലിച്ചെറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് കൊണ്ട് ആളുകള്‍ 'ചെടിച്ചട്ടികളെ ചവറ്റുകൊട്ടകളാക്കി മാറ്റി' എന്ന് പറയുന്നു. തലസ്ഥാനത്തിന്റെ8 പൗരബോധത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നുമുണ്ട്. ഇത് പൊതുബോധമോ അതോ അസംബന്ധമോയെന്ന് പങ്കുവെച്ച ദൃശ്യങ്ങളില്‍ അദ്ദേഹം ചോദിക്കുന്നു.
മാലിന്യം ശരിയായി സംസ്‌കരിക്കുന്നതില്‍ ആളുകള്‍ അടിസ്ഥാനപരമായ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍, ചവറ്റുകുട്ടകള്‍ സ്ഥാപിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന് ദൃശ്യങ്ങളോട് പ്രതികരിച്ച് കൊണ്ട് ചിലരെഴുതി. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, വ്യക്തിപരമായ ഉത്തരവാദിത്തമില്ലായ്മയാണ് ഇത്തരം മോശം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. മാലിന്യം ചവറ്റുകൊട്ടയില്‍ ഇടാനായി ഒരു ചെറിയ ദൂരം പോലും നടക്കാന്‍ ആളുകള്‍ വിസമ്മതിക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെങ്കില്‍ ശുചിത്വത്തോടുള്ള മനോഭാവം മാറണം എന്ന് ചിലരെഴുതി.