-->
എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിന്റെ പ്രമുഖ നടിയെ വാഹനത്തില്‍ വച്ച് ആക്രമിച്ച കേസിലെ വിധി ഇക്കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വച്ച് നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ ആദ്യത്തെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചിരുന്നു. എന്നാല്‍ കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപ്തമായതു കൊണ്ടും പണം നല്‍കിയതിന് തെളിവില്ലാത്തതിനാലും എട്ടാം പ്രതിയായ ദിലീപ് കുറ്റവിമുക്തനായി.
ഇപ്പോഴിതാ താന്‍ ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമായി പ്രതികരിക്കുകയാണ് അതിജീവിത. കോടതിയില്‍ നിന്നും തനിക്ക് പൂർണമായും നീതി ലഭിച്ചില്ലെന്നും ജഡ്ജി പക്ഷപാതപരമായ സമീപനം സ്വീകരിച്ചെന്നും അതിജീവിത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ട്രയല്‍ കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഓരോന്നായി അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ എണ്ണി പറയുന്നുണ്ട്.
‘‘എട്ട് വർഷം 9 മാസം 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ കണിക ഞാൻ കാണുന്നു. പ്രതികളില്‍ ആറ് പേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു... എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു.
നിങ്ങള്‍ക്ക് ഇപ്പോള്‍ അല്‍പ്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അത് പോലെ ഒന്നാം പ്രതി എന്റെ പേഴ്സണല്‍ ഡ്രെെവർ ആയിരുന്നെന്ന് ഇപ്പോഴും പറയുന്നവരോട്. അത് ശുദ്ധമായ നുണയാണ്. അയാള്‍ എന്റെ ഡ്രെെവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല.
ഞാൻ വർക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രാെഡക്ഷനില്‍ നിന്നും നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമാണ്. ഈ ക്രെെം നടക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങള്‍ അഭിരുചിക്കനുസരിച്ചുള്ള കഥകള്‍ പറയുന്നത് നിർത്തുമെന്ന് കരുതുന്നു. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ എനിക്കിതില്‍ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നു.
കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ കേസ് അതുവരെ കെെകാര്യം ചെയ്ത് വന്ന രീതിയില്‍ മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് പ്രോസിക്യൂഷനും മനസിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് കൊണ്ട് ഞാൻ ബഹുമാനപ്പെട്ട ഹെെക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജില്‍ നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും നിഷേധിക്കുകയായിരുന്നു.
നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങള്‍ക്കും ഒടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. നിയമത്തിന്റെ മുന്നില്‍ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല. തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങള്‍ അത് തുടരുക. അതിനാണ് നിങ്ങള്‍ പണം വാങ്ങിയിരിക്കുന്നത്.
ഈ ട്രയല്‍ കോടതിയില്‍ എന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍:
- ഈ കേസില്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ്, കോടതി കസ്റ്റഡിയില്‍ ഉണ്ടായിരിക്കെ മൂന്ന് തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.
- ഈ കേസില്‍ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവച്ചു. അവര്‍ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത് ഈ കോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് - അവര്‍ക്ക് ഈ കോടതിയില്‍ പക്ഷപാതം ഉണ്ടെന്ന തോന്നല്‍ ഉറപ്പായതിനാലാണ് അത്.
- മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം മാത്രമാണ് നല്‍കപ്പെട്ടത്.
- ഞാന്‍ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹര്‍ജിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍, പ്രതി ഭാഗം ഹര്‍ജിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍, പ്രതി ഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടര്‍ന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹര്‍ജിയില് കക്ഷി ചേര്‍ന്നു. ഇത് എന്റെ സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതായിരുന്നു.
- എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച്. ബഹുമാനപ്പെട്ട രാഷ്ട്രപതിയ്ക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകള്‍ അയക്കേണ്ടതായും വന്നിട്ടുണ്ട്.
- ഈ കേസിന്റെ നടപടികള്‍ ഓപ്പണ്‍ കോടതിയില്‍ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാന്‍ കഴിയുന്ന രീതിയില്‍ നടത്തണമെന്ന് ഞാന്‍ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ അപേക്ഷയും തീര്‍ത്തും നിഷേധിക്കപ്പെടുകയായിരുന്നു....’’ എന്നാണ് അതിജീവിത കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വലിയ പിന്തുണയാണ് അതിജീവിതയുടെ പോസ്റ്റിന് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ദിലീപ് അനുകൂലികളും സിനിമയിലെ മിക്ക താരങ്ങളും ദിലീപിനെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. പൃഥ്വിരാജ്, മഞ്ജു വാര്യർ, മിയ ജോര്‍ജ്, ഹണിറോസ്, എസ്തര്‍ അനില്‍, സുപ്രിയ മേനോന്‍, ടൊവിനോ തോമസ്, അഹാന കൃഷ്ണ, സംയുക്ത വര്‍മ്മ, നിഖില വിമല്‍, ആഷിക് അബു തുടങ്ങിയ പ്രമുഖ താരങ്ങളും സഹപ്രവര്‍ത്തകരും ഈ പോസ്റ്റ് ലൈക്ക് ചെയ്ത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്.