Thursday, March 12, 2026 Last Updated 42 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 08.08 AM

‘നീതി പൂര്‍ണ്ണമായി നടപ്പായി എന്നു പറയാനാവില്ല; കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്; ആസൂത്രണം ചെയ്തവര്‍ അതാരായാലും പകല്‍ വെളിച്ചത്തിലുണ്ട്...’ മഞ്ജുവാര്യര്‍

നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിനു പിന്നാലെ തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മിക്ക സെലിബ്രിറ്റികളും പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ അതിജീവിതയുടെ സുഹൃത്തും തെന്നിന്ത്യന്‍ സൂപ്പര്‍താരവുമായ മഞ്ജുവാര്യര്‍ തന്റെ അഭിപ്രായം കുറിച്ചിരിക്കുകയാണ്.
Manju Warrier, Manju Warrier on case verdict, dileep
Manju Warrier reaction on actress assault case verdict (Image Source: Instagram)

നടിയെ ആക്രമിച്ച കേസിനു വിധി വന്നതിനു പിന്നാലെ മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യരുടെ പ്രതികരണം എല്ലാവരും കാത്തിരുന്നതാണ്. ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദിലീപ് മഞ്ജുവാര്യരുടെ പേര് പറഞ്ഞപ്പോഴും എന്തുകൊണ്ട് താരം പ്രതികരിക്കുന്നില്ല എന്ന ആശങ്ക പലരിലും ഉണ്ടായിരുന്നു. ഈ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിനു ശേഷമാണ് തന്നിലേക്ക് കേസ് തിരിഞ്ഞതെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നിട്ടും മഞ്ജുവാര്യര്‍ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നത് ആരാധകരും സംശയിച്ചു.
ഇപ്പോഴിതാ നിശബ്ദത പിന്‍വലിച്ച് സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആദ്യ പ്രതികരണം പങ്കിടുകയാണ് മഞ്ജുവാര്യര്‍. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഉണ്ടായിരു​ന്നെന്നും. കോടതിയോട് ആദരവുണ്ടെന്നും നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നുമാണ് മഞ്ജു വാര്യർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ.
പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച്‌ ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.
അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം- മഞ്ജു വാര്യർ...’’ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും താരം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്ക് മുന്‍പ് അതിജീവിത പങ്കുവച്ച സുദീര്‍ഘമായ കുറിപ്പും മഞ്ജുവാര്യര്‍ പങ്കുവച്ചിരുന്നു. മഞ്ജുവിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് പിന്തുണ കുറിച്ച് കമന്റുകള്‍ കുറിക്കുന്നത്. ‘അവള്‍ക്കൊപ്പം...’ എന്നാണ് കൂടുതല്‍ പേരും കുറിച്ചിരിക്കുന്നത്.
മഞ്ജു വാര്യർ ഈ വിഷയത്തില്‍ അണുവിട പിന്നോട്ടില്ലെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ വീണ്ടും വ്യക്തമാക്കുകയാണ്. എട്ടാം പ്രതിയായ ദിലീപ് കുറ്റവിമുക്തനായ കോടതി വിധിയെ അനുകൂലിച്ചും, ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് തോന്നുന്നെന്നും പല താരങ്ങളും വാദിക്കുന്നുണ്ട്. ദിലീപ് കുറ്റവിമുക്തനായ ശേഷം മലയാള സിനിമാ ലോകത്ത് ദിലീപ് അനുകൂല തരംഗം വരുന്നുണ്ട്. സംഘടനകളും പ്രബല താരങ്ങളും ദിലീപിന് വേണ്ടി സംസാരിക്കുന്നുണ്ട്.

കോടതിവിധിക്ക് പിന്നാലെ ദിലീപ് അനുകൂലികള്‍ പല കഥകളും പ്രചരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യർ, രമ്യ നമ്പീശൻ തുടങ്ങിയവർ കെട്ടിച്ചമച്ച കേസാണ് ഇതെന്നടക്കമാണ് കഥകള്‍. എന്നാല്‍ തന്നെ ഇക്കാര്യങ്ങളൊന്നും ബാധിക്കുന്നില്ലെന്നാണ് മഞ്ജുവാര്യരുടെ പോസ്റ്റ് വ്യക്തമാക്കുന്നത്.
കോടതി കുറ്റവിമുക്തനാക്കിയ ശേഷം ദിലീപ് പ്രതികരിച്ചപ്പോള്‍ എടുത്ത് പറഞ്ഞ പേര് മഞ്ജു വാര്യരുടേതാണ്. മഞ്ജുവിന്റെ വാക്കുകളാണ് തന്റെ നേരെ അന്വേഷണം നീങ്ങാൻ കാരണമായതെന്നാണ് ദിലീപ് പറഞ്ഞത്. ഈ പോസ്റ്റു കൂടി വന്നതോടെ വരും ദിവസങ്ങളില്‍ ദിലീപിന്റെ കൂടുതല്‍ പ്രതികരണങ്ങളും വന്നേക്കുമെന്ന് പ്രതീക്ഷിക്കാം. ദിലീപ് മഞ്ജുവിന്റെ പേരെ‌ടുത്ത് പ്രതികരിച്ചെങ്കിലും, കോടതിയില്‍ അല്ലാതെ ഒരിടത്തും ദിലീപിന്റെ പേരെടുത്ത് പറഞ്ഞ് മഞ്ജു വാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തുടങ്ങാന്‍ അണിയറക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Monday 15 Dec 2025 08.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW