Friday, March 13, 2026 Last Updated 10 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.37 PM

മലയാളിക്കരുത്തില്‍ പാകിസ്‌താന്‍ മുട്ടുമടക്കി

uploads/news/2025/12/816003/sp4.jpg

ദുബായ്‌: അണ്ടര്‍ 19 ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ തുടരെ രണ്ടാം ജയവുമായി ഇന്ത്യ. ഗ്രൂപ്പ്‌ എ മത്സരത്തില അവര്‍ 90 റണ്ണിന്‌ പാകിസ്‌താനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 240 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 41.2 ഓവറില്‍ 150 റണ്ണിന്‌ ഓള്‍ഔട്ടായി. ഇന്ത്യ ആദ്യ മത്സരത്തില്‍ യു.എ.ഇയിയെ തോല്‍പ്പിച്ചു. ഐ.സി.സി. അക്കാദമിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ടോസ്‌ നേടിയ പാകിസ്‌താന്‍ നായകന്‍ ഫര്‍ഹാന്‍ യൂസഫ്‌ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. മറുനാടന്‍ മലയാളി ആരോണ്‍ ജോര്‍ജിന്റെ (88 പന്തില്‍ ഒരു സിക്‌സറും 12 ഫോറുമടക്കം 85) ബാറ്റിങാണ്‌ ഇന്ത്യയെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌. പാകിസ്‌താനു വേണ്ടി ഹുസൈഫ അഹ്‌സാന്‍ (83 പന്തില്‍ രണ്ട്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 70) മികച്ച ബാറ്റിങ്‌ പുറത്തെടുത്തെങ്കിലും മറ്റു ബാറ്റര്‍മാര്‍ പിന്തുണച്ചില്ല. ഫര്‍ഹാന്‍ (23), ഉസ്‌മാന്‍ ഖാന്‍ (16) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി ദീപേഷ്‌ ദേവേന്ദ്രനും കനിഷ്‌ക ചൗഹാനും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു. കിഷന്‍ സിങ്‌ രണ്ട്‌ വിക്കറ്റും ഖിലാന്‍ പട്ടേലും വൈഭവ്‌ സൂര്യവംശിയും ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
നായകനും ഓപ്പണറുമായ ആയുഷ്‌ എംഹാത്രെ (25 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 38), കനിഷ്‌ക് ചൗഹാന്‍ (46 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 46) എന്നിവരുമായി നിര്‍ണായക കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ആരോണിനായി. വിക്കറ്റ്‌ കീപ്പര്‍ അഭിജ്‌ഞാന്‍ കുണ്ടുവുമായി (22) 60 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ആരോണിനായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ വൈഭവ്‌ സൂര്യവംശി (അഞ്ച്‌) നിരാശപ്പെടുത്തി. യു.എ.ഇക്കെതിരായ ആദ്യ മത്സരത്തിലും ആരോണ്‍ തിളങ്ങിയിരുന്നു. കോട്ടയം സ്വദേശിയായ 19 വയസുകാരന്‍ ആരോണ്‍ ഹൈദരാബാദ്‌ അണ്ടര്‍ 19 ടീമിന്‌ വിനു മങ്കാദ്‌ ട്രോഫി കിരീടം നേടിക്കൊടുത്ത നായകനാണ്‌. വിജയ്‌ മര്‍ച്ചന്റ്‌ ട്രോഫിയില്‍ ബിഹാറിനെതിരേ 303 റണ്ണെടുത്തതോടെ ശ്രദ്ധിക്കപ്പെട്ടു. സൂര്യവംശി, ആയുഷ്‌ എംഹാത്രെ എന്നിവരെപ്പോലെ സ്‌ട്രോക്ക്‌ പ്ലേയുടെ താരമല്ല ആരോണ്‍. മികച്ച ബാറ്റ്‌ ലിഫ്‌റ്റും ഫുട്‌വര്‍ക്കും കൈമുതലായുള്ള ആരോണ്‍ ഫീല്‍ഡിലെ വിടവ്‌ കണ്ടെത്തി റണ്ണെടുക്കുന്നതില്‍ വിദഗ്‌ധനാണ്‌. ഇന്ത്യന്‍ താരം മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനോടാണ്‌ ആരോണിനെ നിരൂപകര്‍ ഉപമിക്കുന്നത്‌. ആഭ്യന്തര താരമായിരുന്ന പിതാവ്‌ ഈശോ വര്‍ഗീസാണ്‌ ആരോണിന്റെ താരോദയത്തിനു പിന്നില്‍. പോലീസ്‌ ഉദ്യോഗസ്‌ഥാനായിരുന്ന ഈശോ ജോലി ഉപേക്ഷിച്ച്‌ കോര്‍പറേറ്റ്‌ മേഖലയിലേക്കു തിരിഞ്ഞു. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എ.ബി. ഡിവിലിയേഴ്‌സിനെപ്പോലെ ടേബിള്‍ ടെന്നീസും ബാസ്‌കറ്റ്‌ബോളും ആരോണിന്റെ ഇഷ്‌ടയിനങ്ങളാണ്‌. മുടങ്ങിപ്പോകുന്ന ക്ലാസുകളുടെ നഷ്‌ടം നികത്തുന്നതു മാതാവ്‌ പ്രീതിയാണ്‌.

Ads by Google
Sunday 14 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW