-->
ചെന്നൈ: സ്‌ക്വാഷ് ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം. ചെന്നൈയിലെ എക്‌സ്പ്രസ് അവന്യു മാളില്‍ നടന്ന ഫൈനലില്‍ ഹോങ്കോങിനെ 3-0 ത്തിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. സ്‌ക്വാഷ് ലോകകപ്പില്‍ ഇന്ത്യയുടെ കന്നിക്കിരീടമാണ്.
ആദ്യമായാണ് രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2023 ല്‍ വെങ്കലം നേടിയതായിരുന്നു അതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഹോങ്കോങിന്റെയും ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ജോഷ്‌ന ചിന്നപ്പ കായ് യി ലീയെ 23 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചു. സ്‌കോര്‍: 7-3, 2-7, 7-5, 7-1. ഏഷ്യന്‍ ചാമ്പ്യന്‍ അലക്‌സ് ലുവിനെ അഭയ് സിങും തോല്‍പ്പിച്ചു. സ്‌കോര്‍: 7-1, 7-4, 7-4.
അനാഹത് സിങ് ടൊര്‍നാറ്റോ ഹോയെ 16 മിനിറ്റ് കൊണ്ടു തോല്‍പ്പിച്ചതോടെ ഇന്ത്യ കിരീടം ഉറപ്പിച്ചു. സ്‌കോര്‍: 7-2, 7-2, 7-5. ലോക റാങ്കിങ്ങില്‍ 79-ാം സ്‌ഥാനക്കാരിയായ ജോഷ്‌ന 42 റാങ്കുകള്‍ മുന്നിലുള്ള താരത്തെയാണു തോല്‍പ്പിച്ചത്. നിലവിലെ ചാമ്പ്യന്‍ ഈജിപ്‌തിനെ അട്ടിമറിച്ചാണ് (3-0) ഇന്ത്യ ഫൈനലില്‍ കടന്നത്. ജപ്പാനെതിരേ 2-2 നു സമനില വഴങ്ങിയെങ്കിലും ഗെയിം ഡിഫറന്‍സിന്റെ അടിസ്‌ഥാനത്തില്‍ ഹോങ്കോങും ഫൈനലിലെത്തി. മിക്‌സഡ് ടീമായാണ് ലോകകപ്പ് നടത്തിയത്. ഒന്‍പതിനു തുടങ്ങിയ ലോകകപ്പില്‍ 12 രാജ്യങ്ങള്‍ പങ്കെടുത്തു.
നാല് ഗെയിമുകളായാണു മത്സരം. ഇന്ത്യക്കായി അഭയ് സിങ്, വേലവന്‍ സെന്തില്‍കുമാര്‍, അനാഹത് സിങ്, ജോഷ്‌ന ചിന്നപ്പ എന്നിവരാണു മത്സരിച്ചത്. സെമിയില്‍ വേലവന്‍ സെന്തില്‍കുമാര്‍ ഇബ്രാഹിം എല്‍കാബാനിയെയും അനാഹത് നൂര്‍ ഹെയ്‌കലിനെയും അഭയ് സിങ് ആഡം ഹവാലിനെയും തോല്‍പ്പിച്ചു.
ലോക സ്‌ക്വാഷ് ടീം ചാമ്പ്യന്‍ഷിപ്പ് നേടുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഓസ്‌ട്രേലിയ, ഈജിപ്‌ത്, ഇംഗ്ലണ്ട്, പാകിസ്‌താന്‍ എന്നിവരാണു മുന്‍ഗാമികള്‍.