Saturday, March 14, 2026 Last Updated 53 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.37 PM

''ഗോട്ട്‌ ഇന്ത്യ ടൂര്‍''

uploads/news/2025/12/816000/sp1.jpg

മുംബൈ: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ''ഗോട്ട്‌ ഇന്ത്യ ടൂര്‍'' പര്യടനത്തിന്റെ രണ്ടാം ദിവസം അവസാനിച്ചു. യുറുഗ്വേയുടെ ലൂയിസ്‌ സുവാരസ്‌, റോഡ്രിഗോ ഡി പോള്‍ എന്നിവര്‍ മുംബൈയിലും മെസിക്കൊപ്പമുണ്ടായിരുന്നു.
വാങ്കഡെ സ്‌റ്റേഡിയത്തില്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളില്‍ മെസി പങ്കെടുത്തു. മാസ്‌റ്റര്‍ ക്ലാസും പെനാല്‍റ്റി ഷൂട്ടൗട്ടും ചാരിറ്റി ഫാഷന്‍ ഷോയുമായിരുന്നു പ്രധാന പരിപാടികള്‍. മുന്‍ ക്രിക്കറ്റ്‌ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ്‌, രോഹിത്‌ ശര്‍മ തുടങ്ങിയവരും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മെസിയെ കാണാനെത്തി. തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിന്‌ നടുവിലായിരുന്നു മെസി വന്നിറങ്ങിയത്‌. ആരാധകര്‍ ആര്‍പ്പുവിളികളോടെ ഇതിഹാസത്തെ വരവേറ്റു. സുനില്‍ ഛേത്രിക്കും ഫഡ്‌നാവിസിനും മെസി ലോകകപ്പ്‌ ജഴ്‌സി സമ്മാനിച്ചു. സച്ചിന്‍ മെസിക്ക്‌ ഇന്ത്യ 2011 ലോകകപ്പ്‌ ജേതാക്കളായപ്പോള്‍ ധരിച്ചിരുന്ന ജഴ്‌സി സമ്മാനിച്ചു. 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്താണു മെസിയുടെ വകയായി സച്ചിന്‌ ലഭിച്ചത്‌്. ''സ്വപ്‌ന നഗരിയില്‍ മെസിക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. വാങ്കഡെ സ്‌റ്റേഡിയത്തില്‍ വച്ച്‌ ലോകകപ്പ്‌ കിരീടം ഏറ്റുവാങ്ങുന്ന മുഹൂര്‍ത്തത്തെ ഓര്‍മിപ്പിക്കുകയും ചെയ്‌തു'' സച്ചിന്‍ പറഞ്ഞു.
ഫുട്‌ബോളിനോടുള്ള മെസിയുടെ സമര്‍പ്പണം ഏവര്‍ക്കും മാതൃകയാണെന്നും സച്ചിന്‍ പറഞ്ഞു. ഇന്ത്യയുടെ വെറ്ററന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്ക്‌ മെസി അര്‍ജന്റീനയുടെ ലോകകപ്പ്‌ ജഴ്‌സിയും സമ്മാനിച്ചു. ഹൈദരാബാദിലെ ഉപ്പല്‍ സ്‌റ്റേഡിയത്തില്‍ കാണികളെ രസിപ്പിച്ചതു പോലെ ആള്‍ക്കൂട്ടത്തിലേക്കു പന്ത്‌ തട്ടാന്‍ ഇതിഹാസ താരം മറന്നില്ല. മെസിയും സുവാരസും ഡി പോളും സൗഹൃദ പ്രദര്‍ശന മത്സരത്തിലും പങ്കെടുത്തു. മെസിയുടെ പര്യടനം ഇന്നവസാനിക്കും. ന്യൂഡല്‍ഹിയിലെത്തുന്ന താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചില പരിപാടികള്‍ പങ്കെടുത്ത ശേഷം മടങ്ങും.
കൊല്‍ക്കത്ത, ഹൈദരാബാദ്‌, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലായാണ്‌ '' ഗോട്ട്‌ ടൂര്‍''. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടത്തിയ അഞ്ച്‌ മിനിറ്റ്‌ സന്ദര്‍ശനം കാണികള്‍ പ്രകോപിതരായതോടെ വിവാദമായി. 2011 ലാണ്‌ മെസി ആദ്യം ഇന്ത്യയിലെത്തിയത്‌.
സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ വെനസ്വേലയുമായി നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയെ നയിച്ചത്‌ മെസിയായിരുന്നു. സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ മെസിയെ കാണാനെത്തിയ കാണികള്‍ പിച്ച്‌ കൈയേറിയ അനിഷ്‌ട സംഭവമുണ്ടായിരുന്നു. മെസിയെ കാണാന്‍ 12,000 രൂപയ്‌ക്കും 4000 രൂപയ്‌ക്കും ടിക്കറ്റെടുത്ത്‌ 50,000 പേരാണെത്തിയത്‌. ചിലര്‍ കരിഞ്ചന്തയില്‍ 20,000 രൂപ കൊടുത്താണു ടിക്കറ്റ്‌ സ്വന്തമാക്കിയത്‌. മെസിക്കു ചുറ്റും സുരക്ഷാ ഉദ്യോഗസ്‌ഥരും വി.ഐ.പികളും നിരന്നതോടെ കാണികള്‍ക്കു തടസമായിരുന്നു.
സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തിലെത്തിയ മെസിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തത്‌ ആരാധകരെ പ്രകോപിതരാക്കുകയും സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിക്കുകയും ചെയ്‌തു. മെസി വേഗം തന്നെ അവിടെനിന്നു മടങ്ങി. സ്‌റ്റേഡിയത്തിലേക്ക്‌ കുപ്പികള്‍ വലിച്ചെറിയുകയും സീറ്റുകള്‍ തകര്‍ക്കുകയും ചെയ്‌തു. സംഭവത്തില്‍ മുഖ്യ സംഘാടകന്‍ സത്രാദു ദത്തയെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മെസിയോടും ആരാധകരോടും മാപ്പുപറഞ്ഞു. ഹൈദരാബാദില്‍ ആരാധകരുടെ മനംകവരാന്‍ മെസിക്കായി. സൂപ്പര്‍ താരം തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിക്കൊപ്പം പന്തുതട്ടി. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിയും മെസിയെ കാണാനെത്തി. രേവന്ത്‌ റെഡ്‌ഡിക്കും രാഹുല്‍ ഗാന്ധിക്കും മെസി അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേഴ്‌സി സമ്മാനിച്ചിരുന്നു.

Ads by Google
Sunday 14 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW