Saturday, March 14, 2026 Last Updated 52 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.36 PM

കണ്ണൂര്‍ വാരിയേഴ്‌സ് സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളിന്റെ ഫൈനലില്‍

കോഴിക്കോട്‌: നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ്‌ എഫ്‌.സിയെ ഒരു ഗോളിനു തോല്‍പ്പിച്ച്‌ കണ്ണൂര്‍ വാരിയേഴ്‌സ് സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ഇ.എം.എസ്‌. സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം സെമി ഫൈനലില്‍ മുഹമ്മദ്‌ സിനാനാണ്‌ വിജയ ഗോളടിച്ചത്‌. രണ്ടാം പകുതിയിലെ 71-ാം മിനിറ്റിലായിരുന്നു ഗോള്‍. ആറാം മിനിറ്റില്‍ മുഹമ്മദ്‌ ആസിഫിനെ വലിച്ചുവീഴ്‌ത്തിയ കണ്ണൂര്‍ നായകന്‍ ലവ്‌സാംബക്ക്‌ മഞ്ഞക്കാര്‍ഡ്‌ ലഭിക്കുന്നത്‌ കണ്ടാണ്‌ മത്സരം ചൂടുപിടിച്ചത്‌. പിന്നാലെ കാലിക്കറ്റിന്റെ ഗോള്‍ ശ്രമത്തിന്‌ ക്രോസ്‌ ബാര്‍ തടസം. 21-ാം മിനിറ്റില്‍ കാലിക്കറ്റിന്റെ സച്ചു സിബി പരുക്കേറ്റ്‌ മടങ്ങി. പകരം കളിച്ചത്‌ ഷഹബാസ്‌ അഹമ്മദ്‌. ആദ്യ മിനിറ്റുകളില്‍ കാലിക്കറ്റായിരുന്നു കളി നിയന്ത്രിച്ചത്‌. പിന്നീട്‌ വാരിയേഴ്‌സിന്റെ കാല്‍ക്കലായിരുന്നു പന്ത്‌. അവര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധ കോട്ടയില്‍ തകര്‍ന്നു.
ഒന്നാം പകുതി ഗോള്‍ രഹിതമായി. രണ്ടാം പകുതി കാലിക്കറ്റിന്റെ ശക്‌തമായ മുന്നേറ്റങ്ങളോടെയാണ്‌ തുടങ്ങിയത്‌. 56-ാം മിനിറ്റില്‍ ഇടതു വിങിലൂടെ മുന്നേറി പകരക്കാരന്‍ മുഹമ്മദ്‌ ആഷിഖ്‌ നല്‍കിയ ക്രോസ്‌ നായകന്‍ പ്രശാന്തിന്‌ ഗോളാക്കാന്‍ കഴിഞ്ഞില്ല.
71-ാം മിനിറ്റില്‍ എസിയര്‍ ഗോമസിനെ ബോക്‌സില്‍ വീഴ്‌ത്തിയതിന്‌ ലഭിച്ച പെനാല്‍റ്റി സിനാന്‍ ലക്ഷ്യത്തിലെത്തിച്ചു. വലത്തോട്ട്‌ ഡൈവ്‌ ചെയ്‌ത ഗോള്‍ കീപ്പര്‍ ഹജ്‌മലിന്റെ കൈകളില്‍ തട്ടിയാണ്‌ പന്ത്‌ പോസ്‌റ്റില്‍ കയറിയത്‌. അണ്ടര്‍ 23 താരമായ സിനാന്റെ സീസണിലെ നാലാമത്തെ ഗോളാണിത്‌.
29,388 പേര്‍ മത്സരം കാണാനെത്തി. ഇന്നു നടക്കുന്ന രണ്ടാം സെമിയില്‍ തൃശൂര്‍ മാജിക്‌ എഫ്‌.സി. മലപ്പുറം എഫ്‌.സിയെ നേരിടും. തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ്‌ മത്സരം. കിക്കോഫ്‌. 19 ന്‌ കണ്ണൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാണ്‌ ഫൈനല്‍.

വിനോദ്‌ താമരശേരി

Ads by Google
Sunday 14 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW