-->
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയുടെ തെഞ്ഞെടുപ്പ് കമ്മിഷനാണെന്നും നരേന്ദ്ര മോദിയുടെ കമ്മിഷനല്ലെന്ന് ഓര്‍മ വേണമെന്നും രാഹുല്‍ പറഞ്ഞു. രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യം വളരെ പ്രധാനപ്പെട്ടതാണെന്ന് രാഹുല്‍ പറഞ്ഞു. നേരും നുണയും തമ്മിലാണ് രാജ്യത്ത് പോരാട്ടം നടക്കുന്നത്. സത്യത്തിനു പിന്നില്‍ അണിനിരന്ന് മോദി സര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വോട്ടുകൊള്ള നടത്തുകയാണ്. ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് 10,000 രൂപ കൊടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പി സര്‍ക്കാരിന് ഒത്താശ ചെയ്യുകയാണ്.
തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കായി പുതിയ നിയമം കൊണ്ടുവന്നു. അവര്‍ എന്തു ചെയ്‌താലും നിയമപ്രകാരം നടപടിയെടുക്കാന്‍ കഴിയില്ല. മോദി സര്‍ക്കാര്‍ കമ്മിഷനുവേണ്ടി നിര്‍മിച്ച നിയമം കോണ്‍ഗ്രസ് മാറ്റും. നടപടിയെടുക്കും. ബ്രസീലിലെ വനിതപോലും ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടതായി രാഹുല്‍ പറഞ്ഞു. യു.പിയിലെ വനിതയും ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടു. അവര്‍ക്ക് യു.പിയിലും ഹരിയാനയിലും വോട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇക്കാര്യങ്ങള്‍ ആരാഞ്ഞു. മറുപടിയില്ല. സര്‍ക്കാരിനോട് ചര്‍ച്ച ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യം അറിയാം. സത്യത്തിനുവേണ്ടി മരിക്കാന്‍ തയാറായ ജനങ്ങളാണ് ഇവിടെയുള്ളത്. നരേന്ദ്രമോദി ജയിച്ചത് വോട്ടുകൊള്ള നടത്തിയാണെന്ന് എല്ലാവര്‍ക്കുമറിയാം. സത്യത്തിന്റെ മാര്‍ഗത്തില്‍ ഈ സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.