-->
ന്യൂഡല്‍ഹി: യുവനേതാവ് നിതിന്‍ നബീനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതിലൂടെ ദേശീയതലത്തില്‍ ബി.ജെ.പിയിലെ തലമുറമാറ്റത്തിനുള്ള ചുവടുവയ്‌പ്പാണ് പാര്‍ട്ടി നടത്തുന്നത്. അപ്രതീക്ഷിതമായ ഈ നീക്കത്തിനു പിന്നില്‍ യുവനേതാക്കളെ പാര്‍ട്ടിയുടെ മുഖങ്ങളാക്കുക എന്ന ലക്ഷ്യവുമുണ്ട്. നിലവിലെ പ്രസിഡന്റ് ജെ.പി. നദ്ദയ്‌ക്കു പകരം നിതിന്‍ നബീന്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായേക്കുമെന്നും സൂചനകളുണ്ട്.
ബിഹാര്‍ സ്വദേശിയും അന്തരിച്ച ബി.ജെ.പി. നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനുമാണ് 45 വയസുകാരനായ നിതിന്‍ നബീന്‍. എ.ബി.വിപിയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ അദ്ദേഹം അച്‌ഛന്റെ മരണശേഷം നടന്ന 2006 ലെ ഉപതെരഞ്ഞെടുപ്പിലൂടെ ബിഹാര്‍ നീയമസഭയിലെത്തി. പിന്നീട് 2010 മുതല്‍ 2025 വരെ വിജയം ആവര്‍ത്തിച്ചു. 2021 മുതല്‍ സംസ്‌ഥാന മന്ത്രിസഭയില്‍ വിവിധ വകുപ്പുകളും കൈകാര്യം ചെയ്‌തു. ബിഹാര്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാര്‍ട്ടിയുടെ ഉന്നതപദവി അദ്ദേഹത്തെ തേടിയെത്തിയത്.
ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയിലും നിതിന്‍ നബീന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഛത്തീസ്‌ഗ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിരവധി പ്രധാനപ്പെട്ട പല ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. ഛത്തീസ്‌ഗഡില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തിയതില്‍ നിതിന്റെകൂടി സംഭാവനയുണ്ട്. പാര്‍ട്ടിപ്രവര്‍ത്തനത്തിലും ഭരണനിര്‍വഹണത്തിലും ഒരുപോലെ അനുഭവപരിചയമുള്ള നേതാവാണ് അദ്ദേഹം.
വര്‍ക്കിങ് പ്രസിഡന്റായുള്ള നിതിന്‍ നബീന്റെ നിയമനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ജനപ്രതിനിധിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും നിരവധി റെക്കോഡുകളുള്ള കഠിനാധ്വാനിയായ യുവ നേതാവാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സംഘടനാപരമായ അനുഭവസമ്പത്തും നിതിന്‍ നബീനുണ്ട്. ജനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹം ശ്രദ്ധയോടെ പ്രവര്‍ത്തിച്ചു. വിനയവും ലാളിത്യവുമുള്ള പ്രവര്‍ത്തനശൈലിയാണ് അദ്ദേഹത്തിന്റേത്. നിതിന്റെ ഊര്‍ജവും അര്‍പ്പണബോധവും വരുംകാലങ്ങളില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ജെ.പി നദ്ദ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും നിതിന്‍ നബീനെ അഭിന്ദിച്ചു.