Thursday, March 12, 2026 Last Updated 19 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.34 PM

കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങളുടെ കൂട്ടിയിടി; കാര്‍ കനാലിലേക്ക്‌ മറിഞ്ഞ്‌ ദമ്പതികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി, ഹരിയാന സംസ്‌ഥാനങ്ങളില്‍ തണുപ്പ്‌ വര്‍ധിച്ചതോടെ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം കൂടുതല്‍ മോശമായി. കടുത്ത പുകമഞ്ഞും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്‌. ഹരിയാന റോഹ്‌തക്കില്‍ കനത്ത മൂടല്‍മഞ്ഞ്‌ കാഴ്‌ച മറച്ചതിനെത്തുടര്‍ന്ന്‌ ട്രക്കുകളും ബസുകളും ഉള്‍പ്പെടെ പന്ത്രണ്ടോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വലിയ അപകടമുണ്ടായി.
ശനിയാഴ്‌ച റോഹ്‌തക്കില്‍, മെഹാം പ്രദേശത്തെ ഹൈവേയിലാണ്‌ അപകടമുണ്ടായത്‌. പുകമഞ്ഞുമൂലം റോഡിലെ കാഴ്‌ച മങ്ങിയതിനേത്തുടര്‍ന്ന്‌ ആദ്യം ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന്‌ പുറകെയെത്തിയ ബസ്‌ അടക്കമുള്ള വാഹനങ്ങള്‍ നിരനിരയായി കൂട്ടിയിടിച്ചു. അപകടത്തില്‍ നൂറോളം ആളുകള്‍ക്ക്‌ പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചാതായും റിപ്പോര്‍ട്ടുകളുണ്ട്‌. സംസ്‌ഥാനത്തെ ഹിസാറിലും റെവാരിയിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.അതിനിടെ, അയല്‍ സംസ്‌ഥാനമായ പഞ്ചാബില്‍ കാര്‍ കനാലിലേക്ക്‌ മറിഞ്ഞ്‌ അധ്യാപക ദമ്പതികള്‍ മരിച്ചു. മോഗ ജില്ലയിലായിരുന്നു ദുരന്തം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായ ജസ്‌കരണ്‍ സിങ്‌, ഭാര്യ കമല്‍ജീത്‌ കൗര്‍ എന്നിവരാണ്‌ മരിച്ചത്‌. കനത്ത മൂടല്‍മഞ്ഞ്‌ കാരണം റോഡ്‌ വ്യക്‌തമായി കാണാന്‍ കഴിയാത്തതിനാല്‍ കാര്‍ നിയന്ത്രണം വിട്ട്‌ കനാലിലേക്ക്‌ വീഴുകയായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഗത്‌പുരയിലെ പോളിങ്‌ ബൂത്തിലായിരുന്നു കമല്‍ജീതിന്‌ ഡ്യൂട്ടി. കമല്‍ജീതിനെ അവിടേയ്‌ക്കു കൊണ്ടു പോകുന്നതിനിടെ വാഹനം കനാലിലേക്കു മറിയുകയായിരുന്നു. ഇരുവുരും സംഭവസ്‌ഥലത്തുവച്ചു മരിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഹരിയാനയില്‍ കടുത്ത തണുപ്പ്‌ അനുഭവപ്പെടുന്നുണ്ട്‌. മിക്ക ജില്ലകളിലും താപനില 4-6 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്‌. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ സംസ്‌ഥാനത്തിന്‌ കഴിഞ്ഞ ദിവസം ശീതതരംഗ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അപകടകരമായ റോഡ്‌ സാഹചര്യങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കി. യാത്രക്കാര്‍ ജാഗ്രത പാലിക്കാനും താഴ്‌ന്ന ബീം ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിക്കാനും വാഹനമോടിക്കുമ്പോള്‍ അകലം പാലിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

Ads by Google
Sunday 14 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW