-->
ബിഎംഡബ്ലു 5 സീരിസ് LWB മോഡലില്‍ ഇപ്പോള്‍ ചില പുതിയ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തി അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ വിലയില്‍ ഒരു രൂപ പോലും മാറ്റമില്ലാതെയാണ് വാഹനം അപ്‌ഡേറ്റ് ചെയ്ത് എത്തുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ 73.35 ലക്ഷം എക്സ്ഷോറൂം വില മുടക്കിയാല്‍ 5 സീരിസ് LWB മോഡല്‍ സ്വന്തമാക്കാവുന്നതാണ്. ഇതില്‍ പ്രധാന ആകര്‍ഷണം പുതിയ പനോരമിക് സണ്‍റൂഫും ഡ്രൈവര്‍-അസിസ്റ്റന്‍സ് സവിശേഷതകളുമാണ്. ഇന്ത്യയില്‍ ഈ അപ്ഡേറ്റുകള്‍ 530Li M സ്‌പോര്‍ട്ട് എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് ലഭ്യമാകുന്നത്.
പുതുക്കിയ സ്‌കൈ ലോഞ്ച് പനോരമിക് ഗ്ലാസ് സണ്‍റൂഫാണ് കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വലിയ ഗ്ലാസ് റൂഫ് ക്യാബിനിനുള്ളിലേക്ക് കൂടുതല്‍ വെളിച്ചവും പ്രീമിയം അനുഭവവും നല്‍കാന്‍ സഹായിക്കുന്നതാണ്. രാത്രികാല യാത്രകളില്‍ ക്യാബിന്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്ന എല്‍ഇഡി അധിഷ്ഠിത ആംബിയന്റ് ലൈറ്റിംഗ് ഡിസൈന്‍ ഇതോടൊപ്പം ലഭ്യമാണ്. ഈ ലൈറ്റിംഗ് സംവിധാനങ്ങള്‍ ഇന്റീരിയറിന്റെ ലക്ഷ്വറി ഫീല്‍ കൂടുതല്‍ ഉയര്‍ത്തുകയും പ്രത്യേകിച്ച് പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് മികച്ച യാത്ര നല്‍കുകയും ചെയ്യുന്നു.
സുരക്ഷയുടെ കാര്യത്തിലും ബിഎംഡബ്ല്യു അപ്ഡേറ്റില്‍ വലിയ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഡ്രൈവിംഗ് അസിസ്റ്റന്റ് പ്ലസ് എന്ന അഡ്വാന്‍സ്ഡ് സുരക്ഷാ സ്യൂട്ട് ഇപ്പോള്‍ 5 സീരീസ് എല്‍ഡബ്ല്യുബിയില്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ ലെയ്ന്‍-ചേഞ്ച് വാര്‍ണിംഗ്, അപകടസാധ്യത ഉണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന ഫ്രണ്ട്-കൊളീഷന്‍ വാര്‍ണിംഗ്, സ്റ്റോപ്പ് & ഗോ സംവിധാനമുള്ള ക്രൂയിസ് കണ്‍ട്രോള്‍, അതോടൊപ്പം റിയര്‍-കൊളീഷന്‍ വാര്‍ണിംഗ്, ക്രോസ്-ട്രാഫിക് വാര്‍ണിംഗ് തുടങ്ങിയ സവിശേഷതകള്‍ ലഭിക്കുന്നു.
പുറംഭാഗ ഡിസൈനില്‍ ഒരു സ്‌പോര്‍ട്ടിയും പ്രീമിയവും ആയ നിലപാടാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ എയറോഡൈനാമിക് ആയി രൂപകല്‍പ്പന ചെയ്ത ബമ്പറുകളും ഭംഗിയുള്ള സൈഡ് പാനലുകളുമാണ് പ്രധാന ആകര്‍ഷണങ്ങളായി വരുന്നത്. മുന്‍വശത്ത് ബ്രാന്‍ഡിന്റെ സിഗ്‌നേച്ചറായ ഗ്രില്‍ ഡിസൈന്‍ ശ്രദ്ധ നേടുന്നുണ്ട്. ഇതിനൊപ്പം അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ലഭിക്കുന്നതിനാല്‍ മികച്ച ദൃശ്യതയും സുരക്ഷയും ഉറപ്പാക്കുന്നു. വശങ്ങളില്‍ കാറിന്റെ സ്‌പോര്‍ട്ടി സ്വഭാവം ഉയര്‍ത്തിക്കാട്ടുന്ന 19 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ട്.
കൂടാതെ സാറ്റിന്‍ അലുമിനിയം എക്സ്റ്റീരിയര്‍ ലൈന്‍ കാറിന്റെ പ്രീമിയം ഫിനിഷ് കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്നു. ക്യാബിനില്‍ കയറുന്ന ഉടന്‍ തന്നെ ഒരു ലക്ഷ്വറി ഫീല്‍ ലഭിക്കുന്ന രീതിയിലാണ് പുതിയ മോഡല്‍ ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഡ്യുവല്‍-ടോണ്‍ അപ്‌ഹോള്‍സ്റ്ററിയും, അതിനൊപ്പം മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവര്‍ക്ക് ഒരുപോലെ കംഫര്‍ട്ട് ഉറപ്പാക്കുന്ന തരത്തില്‍ സീറ്റുകളുടെ ഡിസൈനും ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളുള്ള ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ് സിസ്റ്റവും ഇതില്‍ നല്‍കിയിട്ടുണ്ട്.