-->
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ രണ്ടാം സീസണിലെ ഒന്നാം സെമി ഫൈനല്‍ ഇന്ന്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. കാലിക്കറ്റ് എഫ്.സിയെ നേരിടും.
സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒന്നില്‍ കാലിക്കറ്റ് ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയായി. തൃശൂര്‍ മാജിക്ക് എഫ്.സിക്കെതിരേ ജയിച്ച അത്മവിശ്വാസത്തിലാണ് കണ്ണൂര്‍. എന്നിരുന്നാലും ഫിനിഷിങ്ങിലെ പോരായ്‌മ പരിഹരിക്കേണ്ടതുണ്ട്. പരുക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. സ്‌ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ദിനേറോ, മധ്യനിര താരം എണസ്‌റ്റീന്‍ ലവ്‌സാംബ, പ്രതിരോധ താരങ്ങളാണ് നിക്കോളാസ്, ഷിബിന്‍ ഷാദ് എന്നിവര്‍ പരുക്കിന്റെ പിടിയിലാണ്. നിക്കോളാസും ലവ്‌സംബയും പരുക്ക് മാറയെത്തുമെന്നാണ് പ്രതീക്ഷ.
ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ മുഹമ്മദ് സിനാനും അസിയര്‍ ഗോമസുമുണ്ട് കരുത്തായി പരിചയസമ്പന്നന്‍ കീന്‍ ലൂയിസും. തൃശൂരിനെതിരെ ഗോള്‍ വഴങ്ങാതെ കാത്ത രണ്ടാം നമ്പര്‍ ഗോള്‍ കീപ്പര്‍ അല്‍കേഷ് രാജ് ടീമിന് കരുത്ത് പകരും.
നിലവിലെ ചാമ്പ്യന്‍മാരും ശക്‌തരുമാണ് കാലിക്കറ്റ്. കോഴിക്കോട്ടുകാരായ മുഹമ്മദ് അജ്‌സല്‍, കെ.പ്രശാന്ത്, മുഹമ്മദ് റോഷല്‍ എന്നിവരാണ് ആക്രമണ നിരയില്‍. അജ്‌സല്‍ പത്ത് മത്സരങ്ങളില്‍നിന്ന് ഏഴ് ഗോളടിച്ചു. ലീഗില്‍ ഏറ്റവും അധികം ഗോളടിച്ച ടീമും കോഴിക്കോടാണ്‌്. പത്തില്‍ ഏഴ് മത്സരവും ജയിച്ച അവര്‍ തോല്‍വി അറിയാതെയാണ് സെമിയിലേക്ക് പ്രവേശിച്ചത്. സെമി ഫൈനല്‍ നോക്കൗട്ട് മത്സരമായതിനാല്‍ ഇരു ടീമുകളെയും എഴുതിത്തള്ളാന്‍ സാധിക്കില്ല.