Saturday, March 14, 2026 Last Updated 46 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.46 PM

പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും

uploads/news/2025/12/815863/sp3.jpg

ധര്‍മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും.
ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര 1-1 നു തുല്യനിലയിലാണ്‌്.
കടുപ്പമേറിയ പിച്ചുകളിലൊന്നാണ്‌ ഇവിടുത്തേത്‌. ഇവിടെ നടന്ന അഞ്ച്‌ ട്വന്റി20 കളും രാത്രിയാണു നടത്തിയത്‌്. അതില്‍ നാലും രണ്ടാമത്‌ ബാറ്റ്‌ ചെയ്‌ത ടീമാണു ജയിച്ചത്‌. തണുപ്പന്‍ കാലാവസ്‌ഥ മത്സരത്തെ അപ്രവചനീയമാക്കും. ധര്‍മശാലയില്‍ ടോസ്‌ ഏറെ നിര്‍ണായകമാകും. രണ്ടാം ട്വന്റി20 യില്‍ തോറ്റെങ്കിലും ഇന്ത്യ പ്ലേയിങ്‌ ഇലവനില്‍ മാറ്റം വരുത്താനിടയില്ല. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ചാല്‍ മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനു സാധ്യയതുണ്ട്‌. അധിക സ്‌പിന്നറെ കളിപ്പിക്കാനും സാധ്യതയുണ്ട്‌.
ദക്ഷിണാഫ്രിക്ക ലുതോ സിപാംലയ്‌ക്കു പകരം ആന്റിച്‌ നോര്‍ടിയയെ കളിപ്പിച്ചേക്കും. സ്‌പിന്നറുടെ റോളില്‍ കേശവ്‌ മഹാരാജോ ജോര്‍ജ്‌ ലിന്‍ഡെയോ കളിക്കും. ഇരുവരും ഒരു മത്സരം വീതം കളിച്ചു.
സാധ്യതാ ടീം: ഇന്ത്യ - അഭിഷേക്‌ ശര്‍മ, ശുഭ്‌മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്‌ (നായകന്‍), തിലക്‌ വര്‍മ, ജിതേഷ്‌ ശര്‍മ, ഹാര്‍ദിക്‌ പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ്‌ സിങ്‌, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത്‌ ബുംറ.
സാധ്യതാ ടീം: ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക്‌, എയ്‌ദീന്‍ മാര്‍ക്രം (നായകന്‍), ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ്/റീസ ഹെന്‍ഡ്രിക്‌സ്, ഡെവാള്‍ഡ്‌ ബ്രെവിസ്‌, ഡേവിഡ്‌ മില്ലര്‍, ഡോണോവന്‍ ഫെരേര, മാര്‍കോ യാന്‍സന്‍, ജോര്‍ജ്‌ ലിന്‍ഡെ/ കേശവ്‌ മഹാരാജ്‌, ലുങ്കി എന്‍ഗിഡി/കോര്‍ബിന്‍ ബോഷ്‌, ഒട്ടെനില്‍ ബാര്‍ട്‌മാന്‍, ആന്റിച്‌ നോര്‍ടിയ/ലുതോ സിപാംല.
ഇന്ത്യയുടെ ലെഗ്‌ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക്‌ ട്വന്റി20 യില്‍ ഒരു വിക്കറ്റ്‌ കൂടിയെടുത്താല്‍ 50 കടക്കാം. ന്യൂ ചണ്ഡീഗഡില്‍ ജസ്‌പ്രീത്‌ ബുംറയെ കടന്നാക്രമിച്ച ഡോണോവന്‍ ഫെരേരയാണ്‌ ഇന്നും ശ്രദ്ധാകേന്ദ്രം. ബുംറയ്‌ക്കെതിരേ ആറ്‌ പന്തില്‍ 17 റണ്ണെടുക്കാന്‍ ഫെരേരയ്‌ക്കായി. ബുംറയുടെ രണ്ട്‌ പന്തുകള്‍ നിലം തൊടാതെ അതിര്‍ത്തി കടക്കാനും താരത്തിനായി. ഡോണോവന്‍ ഫെരേര ലോവര്‍ മിഡില്‍ ഓഡര്‍ ബാറ്ററും ബും ഡെത്ത്‌ ഓവര്‍ സ്‌പെഷലിസ്‌റ്റുമായതിനാല്‍ പോരാട്ടം ആവര്‍ത്തിക്കാന്‍ സാധ്യതയേറെ.
ഫോമില്ലാതെ വലയുന്ന നായകന്‍ സൂര്യകുമാര്‍ യാദവിന്‌ അഗ്നി പരീക്ഷയാണ്‌. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ട്വന്റി20 യില്‍ സൂര്യ ഒരു സിക്‌സറും ഫോറുമടിച്ചെങ്കിലും 11 പന്തില്‍ 12 റണ്ണുമായി മടങ്ങി. ന്യൂ ചണ്ഡീഗഡില്‍ 214 പിന്തുടര്‍ന്ന ഇന്ത്യക്ക്‌ സൂര്യ അഞ്ച്‌ റണ്ണുമായി മടങ്ങിയതു തിരിച്ചടിയായി.
ലോകകപ്പ്‌ ആസന്നമായ സാഹചര്യത്തില്‍ സൂര്യകുമാറിന്റെ ഫോം ആശങ്കയാണ്‌. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണു സൂര്യയെ ട്വന്റി20 നായകനാക്കിയത്‌. നായകനായതോടെ സൂര്യയുടെ ബാറ്റിങ്ങിന്റെ കരുത്ത്‌ ചോര്‍ന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ ജേതാക്കളായെങ്കിലും ആറ്‌ ഇന്നിങ്‌സുകളിലായി 72 റണ്‍ മാത്രാണു സൂര്യകുമാര്‍ നേടിയത്‌. നായകനായ ശേഷം 29 മത്സരങ്ങളിലായി രണ്ട്‌ അര്‍ധ സെഞ്ചുറികളടക്കം 431 റണ്ണെടുത്തു.

Ads by Google
Saturday 13 Dec 2025 11.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW