-->
ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലേക്ക് തന്നെ മടങ്ങിവരുന്നെന്നു സൂചന. വരും സീസണില്‍ ടീമിന്റെ ഹോം ഗ്രൗണ്ട് ചിന്നസ്വാമി തന്നെയാകുമെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണു പുറത്തുവിട്ടത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ കെ.എസ്.സിഎയ്‌ക്ക് അനുമതി നല്‍കി. വിജയ് ഹസാരെയില്‍ ഡല്‍ഹിയുടെ മത്സരങ്ങള്‍ക്ക് ചിന്നസ്വാമി വേദിയായേക്കുമെന്നും ഇ.എസ്.പി.എന്‍. പുറത്തുവിട്ടു.
ആര്‍.സി.ബി അടുത്ത സീസണിന് മുന്നോടിയായി ഹോം ഗ്രൗണ്ട് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഐ.പി.എല്‍. കന്നിക്കിരീടം നേടിയതിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമിയില്‍ നടന്ന ദുരന്തം കാരണമായിരുന്നു തീരുമാനം. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം പുതിയ ഹോം ഗ്രൗണ്ടാക്കാനായിരുന്നു പദ്ധതി. ആര്‍.സി.ബിയും മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. മറ്റ് വേദികളും പരിഗണനയിലുണ്ടായിരുന്നു. കെ.എസ്.സി.എ. ഐ.പി.എല്‍ മത്സരങ്ങള്‍ ചിന്നസ്വാമിയിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള കടുത്ത ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.പി.എല്‍. തിരിച്ച് കൊണ്ടുവരാനുള്ള പാതയിലാണ്. ഭാവിയില്‍ അനിഷ്‌ട സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. അതിന്റെ അടിസ്‌ഥാനത്തില്‍ മത്സരങ്ങള്‍ നടത്താനുള്ള അനുമതി നേടി- കെ.എസ്.സി.എ. പ്രസിഡന്റ് വെങ്കിടേഷ് പ്രസാദ് പറഞ്ഞു.