-->
ന്യൂഡല്‍ഹി: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കാതെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ മെസിയെ കാണാനെത്തിയ കാണികള്‍ പിച്ച് കൈയേറിയ അനിഷ്‌ട സംഭവമുണ്ടായിരുന്നു. മെസിയെ കാണാന്‍ 12,000 രൂപയ്‌ക്കും 4000 രൂപയ്‌ക്കും ടിക്കറ്റെടുത്ത് 50,000 പേരാണെത്തിയത്. ചിലര്‍ കരിഞ്ചന്തയില്‍ 20,000 രൂപ കൊടുത്താണു ടിക്കറ്റ് സ്വന്തമാക്കിയത്.
മെസിക്കു ചുറ്റും സുരക്ഷാ ഉദ്യോഗസ്‌ഥരും വി.ഐ.പികളും നിരന്നതോടെ കാണികള്‍ക്കു തടസമായിരുന്നു. മെസിക്കൊപ്പം യുറുഗ്വേയുടെ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഒരു പി.ആര്‍. കമ്പനി സംഘടിപ്പിച്ച സ്വകാര്യ പരിപാടിയായതിനാല്‍ പ്രതികരിക്കാനില്ലെന്ന് എ.ഐ.എഫ്.എഫ്. വാര്‍ത്താക്കുറിപ്പിറക്കി. സംഘാടകര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഫെഡറേഷന്‍ വ്യക്‌തമാക്കി.
മെസി ''ശരിക്കു'' കാണാന്‍ കഴിയാത്ത നിരാശയില്‍ കാണികള്‍ കുപ്പികള്‍ വലിച്ചെറിഞ്ഞു. സ്‌റ്റേഡിയങ്ങളില്‍ കുടിവെള്ള കുപ്പികളും ഭക്ഷണ പാക്കറ്റുകളും കൊണ്ടു വരുന്നതിനു വിലക്കുണ്ട്. സ്‌റ്റേഡിയത്തിലെത്തും മുമ്പ് മെസി സ്വന്തം പ്രതിമ അനാവരണം ചെയ്‌തിരുന്നു. കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്‌പോര്‍ട്ടിങ്‌ക്ല ബിന്റെ നേതൃത്വത്തില്‍ ലേക്ക് ടൗണ്‍ ഏരിയയിലാണ് ഭീമന്‍ മെസി പ്രതിമ നിര്‍മിച്ചത്. 20 അടിയുള്ള തറ ഉള്‍പ്പെടെ 70 അടിയുള്ള നിര്‍മിതി ലോകത്തെ ഏറ്റവും വലിയ മെസി പ്രതിമയാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. 2022 ഖത്തര്‍ ലോകകപ്പിലെ ജേതാക്കളായ അര്‍ജന്റീന ടീമിനു വേണ്ടി കിരീടം ഏറ്റുവാങ്ങി സന്തോഷം പ്രകടിപ്പിക്കുന്ന മെസിയുടെ പ്രതിമയാണിത്. ശില്‍പ്പി മോണ്ടി പോളിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘം 27 ദിവസം കൊണ്ടാണു പ്രതിമ നിര്‍മിച്ചത്. ബംഗാള്‍ കായികമന്ത്രിയും ശ്രീഭൂമി സ്‌പോര്‍ട്ടിങ്‌ക്ല ബ് പ്രസിഡന്റുമായ സുജിത് ബോസും പ്രതിമ നിര്‍മാണത്തില്‍ സജീവമായിരുന്നു. മെസി നേരിട്ടെത്തി ചടങ്ങ് നിര്‍വഹിക്കാനായാണ് ആദ്യം തീരുമാനിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ചടങ്ങ് ഓണ്‍ലൈനാക്കി.