-->
കൊല്‍ക്കത്ത: ആരാധകള്‍ ആവേശത്തോടെ കാത്തിരുന്ന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം ഒടുവില്‍ ദുരന്തമായി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടി അലങ്കോലമായി.
ജനങ്ങള്‍ സ്‌റ്റേഡിയം അടിച്ചുതകര്‍ത്തു. വന്‍ തുക മുടക്കി സ്‌റ്റേഡിയത്തിലെത്തിയവര്‍ക്ക് മെസിയെ ഒരുനോക്കു കാണാന്‍ പോലും കഴിയാതെ വന്നതോടെയാണ് ആഘോഷം അക്രമത്തിലേക്കു വഴിമാറിയത്.
രണ്ടു മണിക്കൂര്‍ പരിപാടി അരമണിക്കൂര്‍ പോലും നടത്താതെ അവസാനിപ്പിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സൂപ്പര്‍ സ്‌റ്റാര്‍ ഷാരൂഖ് ഖാന്‍, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എന്നിവരുമായി മെസി കൂടിക്കാഴ്‌ച നടത്തുമെന്നു അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. പരിപാടിയുടെ മുഖ്യസംഘാടകന്‍ ശതാദ്രു ദത്തയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
മൂന്നു ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായാണ് മെസി ഇന്നലെ രാവിലെ കൊല്‍ക്കത്തയില്‍ എത്തിയത്.
നഗരത്തില്‍ 70 അടി ഉയരമുള്ള സ്വന്തം പ്രതിമ വെര്‍ച്വലായി അനാച്‌ഛാദനം ചെയ്‌ത ശേഷം മെസി സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലെത്തി. പതിനായിരക്കണക്കിന് ആരാധകര്‍ അവിടെ മെസിയെ കാണാന്‍ തടിച്ചുകൂടിയിരുന്നു. ഒരു ടിക്കറ്റിന് 25,000 രൂപ വരെ മുടക്കിയാണ് ആളുകള്‍ എത്തിയത്. എന്നാല്‍ ഗ്രൗണ്ടില്‍ നിന്ന മെസിയെ ഒരു നോക്കു കാണാന്‍ പോലും പലര്‍ക്കും സാധിച്ചില്ല. സ്‌റ്റേഡിയത്തിലെത്തിയ മെസിയെ ചില വിശിഷ്‌ട വ്യക്‌തികളും രാഷ്‌്രടീയക്കാരും മറ്റു പ്രമുഖരും വളയുകയായിരുന്നു. ഇതോടെ മെസിയെ കാണാനാകാതെ ഗാലറിയിലിരുന്ന ആരാധകര്‍ ക്ഷുഭിതരായി. അവര്‍ കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ആളുകള്‍ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി. ചിലര്‍ സ്‌റ്റേഡിയത്തിലെ കസേരകള്‍ ഉള്‍പ്പെടെയുള്ള അടിസ്‌ഥാനസൗകര്യങ്ങള്‍ അടിച്ചുതകര്‍ത്തു. സ്‌ഥിതി നിയന്ത്രണാതീതമാകുമെന്നു തോന്നിയതോടെ അധികൃതര്‍ ഉടന്‍ മെസിയെ സ്‌ഥലത്തുനിന്നു മാറ്റി. പോലീസിനു പുറമേ കലാപ നിയന്ത്രണ സേനയും സ്‌റ്റേഡിയത്തിലെത്തി. സംഘടാകരുടെ വീഴ്‌ചയാണു സംഭവത്തിനു കാരണമെന്നു പറഞ്ഞ പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മെസിയോടും ജനങ്ങളോടും ക്ഷമാപണം നടത്തി. ഉത്തരവാദികളെ കണ്ടെത്താന്‍ ജസ്‌റ്റിസ് ആഷിം കുമാര്‍ റേയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. ആഗോളതലത്തില്‍ തന്നെ നാണക്കേടായ പിടിപ്പുകേടിന് ഉത്തരവാദി സംസ്‌ഥാന സര്‍ക്കാരാണെന്നു ബി.ജെ.പി. കുറ്റപ്പെടുത്തി.
അതേസമയം, സംഘാടകരെ വിമര്‍ശിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ആളുകള്‍ക്കു മെസിയെ കാണാനാകുന്നുവെന്ന് സംഘാടകള്‍ ഉറപ്പാക്കേണ്ടിയിരുന്നെന്നു പാര്‍ട്ടി പറഞ്ഞു. കൊല്‍ക്കത്ത നാണംകെട്ടെന്നു മമത ബാനര്‍ജിയുമായി അടുപ്പമുള്ള മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.
സംഘാടകരെ അറസ്‌റ്റ് ചെയ്യാനും ആളുകള്‍ക്കു പണം തിരികെ നല്‍കാനും ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണു പരിപാടിയുടെ പ്രധാന സംഘാടകനായ ശതാദ്രു ദത്തയ്‌ക്കെതിരേ കേസെടുത്ത് അറസ്‌റ്റ്‌ചെയ്‌തത്. 'എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി'ന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.