-->
ബംഗളുരു: വോട്ടര്‍പട്ടികയില്‍നിന്ന് അനധികൃതമായി വോട്ടുകള്‍ നീക്കിയെന്ന കേസില്‍ കര്‍ണാടക മുന്‍ എം.എല്‍.എയും മകനും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ കുറ്റപത്രം. കലബുറഗിയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം ബംഗളുരുവിലെ ഫസ്‌റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ആലന്ദില്‍നിന്ന് നാലു തവണ എംഎല്‍എയായിരുന്ന സുഭാഷ് ഗുട്ടേദാര്‍, മകന്‍ ഹര്‍ഷാനന്ദ് ഗുട്ടേദാര്‍, പഴ്‌സണല്‍ സെക്രട്ടറി ടിപ്പെരുദ്ര, കലബുറഗിയിലെ ഡാറ്റാ സെന്ററിന്റെ ജീവനക്കാരായ അക്രം പാഷ, മുകരാം പാഷ, മുഹമ്മദ് അഷ്‌ഫാഖ്, ഇവരുടെ സഹായി ബാപി അദ്യ എന്നിവര്‍ക്കെതിരേയാണു കുറ്റപത്രം. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ആലന്ദ് നിയമസഭാ മണ്ഡലത്തിലെ 5,994 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. എസ്.ഐ.ടി. അറസ്‌റ്റ് ചെയ്‌ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
നേരത്തേ സുഭാഷ് ഗുട്ടേദാറുടെ വീടിനു സമീപം വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട രേഖകള്‍ കത്തിനശിച്ചനിലയില്‍ കണ്ടെത്തി.
കൃത്രിമമായി തയാറാക്കിയ ഫോം ഉപയോഗിച്ചാണ് വോട്ടുകള്‍ നീക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണം നടത്തിയ സി.ഐ.ഡി. ഉദ്യോഗസ്‌ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എ.ഡി.ജി.പി: ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
അതേസമയം, തനിക്കും പിതാവിനുമെതിരായ കുറ്റങ്ങള്‍ എം.എല്‍.എയുടെ മകന്‍ ഹര്‍ഷാനന്ദ് നിഷേധിച്ചു. തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.