-->
ലത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ലോക്‌സഭാ സ്‌പീക്കറുമായ ശിവരാജ് പാട്ടീല്‍ (90) അന്തരിച്ചു. മഹാരാഷ്‌ട്രയിലെ ലാത്തൂരിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നടത്തും.
നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്‌തനായിരുന്ന പാട്ടീല്‍ അഞ്ചു ദശകത്തിലേറെ നീണ്ട പൊതുജീവിതത്തിനിടെ നിര്‍ണായകമായ ഭരണഘടനാപദവികള്‍ വഹിച്ചു.
26/11 മുംബൈ ഭീകരാക്രമണസമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. ആക്രമണം കൈകാര്യംചെയ്യുന്നതില്‍ വീഴ്‌ച സംഭവിച്ചെന്ന വിമര്‍ശനങ്ങളെത്തുടര്‍ന്ന് 2008 നവംബര്‍ 30 ന് രാജിവച്ചു.
1935 ഒക്‌ടോബര്‍ 12 ന് ജനിച്ച പാട്ടീല്‍ 1966 ല്‍ ലാത്തൂര്‍ മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റായാണ് രാഷ്‌ട്രീയ യാത്ര തുടങ്ങിയത്. തുടര്‍ന്ന് രണ്ട് തവണ നിയമസഭാംഗമായി.
ഏഴു തവണ ലാത്തൂര്‍ ലോക്‌സഭാ സീറ്റില്‍ വിജയിച്ച അദ്ദേഹം 1991 മുതല്‍ 1996 വരെ ലോക്‌സഭയുടെ പത്താമത്തെ സ്‌പീക്കറായിരുന്നു.
2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രൂപതായ് പാട്ടീല്‍ നീലങ്കേക്കറിനോട് പരാജയപ്പെട്ടു. രാജ്യസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രിസഭയില്‍ ആഭ്യന്തരം, പ്രതിരോധം, വാണിജ്യം, ശാസ്‌ത്ര സാങ്കേതികം എന്നിവയുള്‍പ്പെടെ പ്രധാന വകുപ്പുകള്‍ വഹിച്ചു. പഞ്ചാബ് ഗവര്‍ണറായും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്‌മിനിസ്‌ട്രേറ്ററായും സേവനമനുഷ്‌ഠിച്ചു.
2022 ല്‍ ഒരു പുസ്‌തക പ്രകാശന ചടങ്ങില്‍, 'ജിഹാദ്' എന്ന ആശയം ഇസ്ലാമില്‍ മാത്രമല്ല, ഭഗവദ്‌ഗീതയിലും ക്രിസ്‌തുമതത്തിലുമുണ്ടെന്നു പ്രസംഗിച്ചതു വിവാദം സൃഷ്‌ടിച്ചിരുന്നു.
ശിവരാജ് പാട്ടീലിന്റെ നിര്യാണത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, എന്‍.സി.പി.(എസ്.പി.) മേധാവി ശരദ് പവാര്‍, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. ശൈലേഷ് പാട്ടീലാണു മകന്‍. മരുമകള്‍: അര്‍ച്ചന.