Wednesday, March 11, 2026 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.13 AM

രാജ്യാന്തര മയക്കുമരുന്ന്‌ ശൃംഖലയിലെ മുഖ്യകണ്ണി പിടിയില്‍

uploads/news/2025/12/815680/3.jpg

കല്‍പ്പറ്റ: കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച്‌ കര്‍ണ്ണാടകത്തിലും വാണിജ്യാടിസ്‌ഥാനത്തില്‍ മയക്കുമരുന്ന്‌ വിപണനം നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി പിടിയില്‍. മുഹമ്മദ്‌ ജാമിയു അബ്‌ദു റഹീം എന്നയാളെയാണ്‌ വയനാട്‌ ജില്ലാ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മീഷണറുടെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച്‌ അറസ്‌റ്റ് ചെയ്‌തത്‌. വയനാട്ടില്‍ അന്വേഷണത്തിലിരിക്കുന്ന കേസുകളിലെ പ്രതികള്‍ക്ക്‌ ഇയാള്‍ പണം സ്വീകരിച്ച്‌ മയക്കു മരുന്ന്‌ ലഭ്യമാക്കിയതായി കണ്ടെത്തിയിരുന്നു.
കേരളത്തിലേക്കുള്ള മയക്കുമരുന്ന്‌ കടത്തിന്റെ പ്രധാന ഉറവിടം ബംഗളൂരുവാണ്‌. അവിടെയുള്ള മറ്റ്‌ ആഫ്രിക്കന്‍ സ്വദേശികള്‍ക്ക്‌ മയക്കുമരുന്ന്‌ ലഭ്യമാക്കുന്നത്‌ നൈജീരിയന്‍ സ്വദേശിയാണെന്ന്‌ അന്വേഷണസംഘത്തിനു ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ രണ്ടുമാസമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.
വയനാട്‌ ജില്ലാ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മീഷണര്‍ വൈ. പ്രസാദിന്റെ നേതൃത്വത്തില്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷര്‍ഫുദിന്‍ ടി, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ സുഷാദ്‌ പി.എസ്‌, ബേസില്‍. സി.എം, ശ്രീജമോള്‍ പി.എന്‍, സിനി പി.എം എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.
നൈജീരിയന്‍ സ്വദേശിയെ അന്വേഷിച്ച്‌ പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയിലെത്തുമ്പോഴേക്കും എത്യോപ്യ വഴി ഇയാള്‍ നൈജീരിയയിലേക്കു കടന്നിരുന്നു. പിന്നീട്‌ ലുക്കൗട്ട്‌ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇയാളെ അതിവിദഗ്‌ധമായി ഇന്ത്യയിലെത്തിക്കുകയുമായിരുന്നു. പ്രതി വിമാനത്താവളത്തിലെത്തിയ ഉടന്‍ ബ്യൂറോ ഓഫ്‌ എമിഗ്രേഷന്റെ സഹായത്തോടെ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തു. പാട്യാല കോടതിയുടെ അനുമതി തേടിയശേഷം സി.ഐ.എസ്‌.എഫിന്റെ പ്രത്യേക സുരക്ഷയോടെ വിമാനമാര്‍ഗമാണ്‌ ഇയാളെ നാട്ടിലെത്തിച്ചത്‌. മാസത്തില്‍ രണ്ടുതവണ ഇയാള്‍ നൈജീരിയയില്‍ പോയിവരാറുണ്ടെന്ന്‌ അന്വേഷണസംഘംപറയുന്നു. കേസുമായി ബന്ധപ്പെട്ട്‌ നാലുപേരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി അസി. എക്‌സൈസ്‌ കമ്മിഷണര്‍ അറിയിച്ചു.

Ads by Google
Saturday 13 Dec 2025 09.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW