-->
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെച്ചൊല്ലി ലോക്‌സഭയില്‍ കോലാഹലമുണ്ടായതിനു പിന്നാലെ ഇന്നലെയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ ആക്രമണം തൊടുത്തു. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ ബി.ജെ.പി നേതാവ് സമ്മര്‍ദത്തിലാണെന്ന് രാഹുല്‍ ആരോപിച്ചു.'ഇന്നലെ പാര്‍ലമെന്റില്‍ അമിത് ഷാ വളരെ പരിഭ്രാന്തനായിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു, അദ്ദേഹം തെറ്റായ ഭാഷ ഉപയോഗിച്ചു.അമിത് ഷാ വളരെയധികം മാനസിക സമ്മര്‍ദത്തിലാണ്. ഇന്നലെ രാജ്യം മുഴുവന്‍ അത് കണ്ടു'.- പ്രതിപക്ഷ നേതാവ് പറഞ്ഞു.'വോട്ട് ചോരി'യെക്കുറിച്ചുള്ള പത്രസമ്മേളനത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ ഷായെ രാഹുല്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. എന്നാല്‍, ഉത്തരം ഇനിയും ലഭിച്ചില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. 'ഞാന്‍ പറഞ്ഞ കാര്യങ്ങള്‍, അദ്ദേഹം അഭിസംബോധന ചെയ്‌തില്ല, ഒരു തെളിവും നല്‍കിയില്ല. എന്റെ പത്രസമ്മേളനത്തില്‍ എന്നോട് വാദിക്കാന്‍ ഞാന്‍ അമിത് ഷായെ നേരിട്ട് വെല്ലുവിളിച്ചു. അതിനും പ്രതികരണം ലഭിച്ചില്ല. സത്യം എന്താണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പെട്ടെന്ന് ഇരു നേതാക്കളുമായുള്ള വാക്‌പോരിലേക്ക് പരിണമിക്കുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തെ (എസ്.ഐ.ആര്‍.) ഷാ ന്യായീകരിച്ചു. മറുവശത്ത്, ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മിഷനും വന്‍തോതിലുള്ള വോട്ട് തട്ടിപ്പ് നടത്തുന്നെന്ന ആരോപണത്തിനു മറുപടി പറയൂ എന്നായി രാഹുല്‍.പ്രതിപക്ഷത്തിന് തന്റെ പ്രസംഗത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവില്ലെന്നു വ്യക്‌തമാക്കി ഷാ തിരിച്ചടിച്ചു: 'എനിക്ക് ഒരു കാര്യം വ്യക്‌തമാക്കണം. ഞാന്‍ 30 വര്‍ഷമായി നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അദ്ദേഹം ആവശ്യപ്പെടുന്ന ക്രമത്തില്‍ ഉത്തരം കിട്ടണമെന്ന് ആഗ്രഹിക്കുന്നു. ഞാന്‍ അദ്ദേഹത്തോട് വ്യക്‌തമാക്കട്ടെ: പാര്‍ലമെന്റ് നിങ്ങളുടെ ആഗ്രഹങ്ങളുടെ അടിസ്‌ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ആദ്യം ഏത് പറയണമെന്ന് ഞാന്‍ തീരുമാനിക്കും. അദ്ദേഹം ക്ഷമയോടെ എന്റെ മറുപടി കേള്‍ക്കണം. ഞാന്‍ എല്ലാത്തിനും ഉത്തരം നല്‍കും. എന്റെ പ്രസംഗത്തിന്റെ ക്രമം പക്ഷേ അദ്ദേഹം തീരുമാനിക്കില്ല.'- അമിത് ഷാ പറഞ്ഞു.