-->
ഭാഷയും ദേശവും കടന്നാണ് പലരും മോഹന്‍ലാല്‍ എന്ന താരത്തെ ആരാധിക്കുന്നത്. സാധാരണക്കാര്‍ മുതല്‍ അഭിനേതാക്കള്‍ വരെ മലയാളത്തിന്റെ നടനവിസ്മയത്തെ ആരാധിക്കുന്നുണ്ട്. പലരുമത് തുറന്നു പറഞ്ഞിട്ടുമുണ്ട്. സൂപ്പര്‍താരങ്ങള്‍ വരെയത് പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. തങ്ങള്‍ക്കിഷ്ടമുള്ള മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ മുതല്‍ തങ്ങളുടെ ജീവിതത്തിലെ ഫാന്‍ ബോയ് മൊമന്റ് വരെ പലരും ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ മോഹൻലാലിനോടുള്ള ആരാധന തുറന്നുപറയുകയാണ് തമിഴ് സൂപ്പർതാരം വിജയ് സേതുപതി. ചെന്നൈയില്‍ നടന്ന ‘ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അണ്‍ബൗണ്ട്’ എന്ന പരിപാടിക്കിടെ മോഹന്‍ലാലിനും നാഗാര്‍ജുനയ്ക്കുമൊപ്പം വേദിയില്‍ നില്‍ക്കുമ്പോഴാണ് വിജയ് സേതുപതി തന്റെ ആരാധനെക്കുറിച്ച് പറഞ്ഞത്.
‘‘ഇത്രയും വലിയ രണ്ട് മനുഷ്യരോടൊപ്പം നിൽക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ മോഹൻലാല്‍ സാറിന്റെ ഏറ്റവും വലിയ ആരാധകനാണ്. അദ്ദേഹത്തെ എനിക്കേറെ ഇഷ്ടമാണ്. എനിക്ക് ലഭിച്ച അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് ഫ്രെയിം ചെയ്ത് എന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്...’’ നിറചിരിയോടെയാണ് വിജയ് സേതുപതിയുടെ വാക്കുകള്‍ മോഹന്‍ലാല്‍ കേട്ടത്. സദസ്സും നിറഞ്ഞ കൈയടിയോടെ വിജയ് സേതുപതിയുടെ വാക്കുകള്‍ ഏറ്റെടുത്തു.
രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാർഡ് നേടിയ മോഹൻലാലിനെ വിജയ് സേതുപതിയും നാഗാർജുനയും ചേർന്ന് ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് മോഹൻലാലിന് ലഭിച്ച ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തില്‍ വിജയ് സേതുപതി ആദരവും സ്നേഹവും പങ്കുവച്ചു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയതിന്റെ ബഹുമാനാർത്ഥം ഇതിഹാസ നടനെ പൊന്നാട അണിയിക്കുന്നതിനുമുമ്പ്, ‘ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മനുഷ്യനെ പ്രശംസിക്കാനും അഭിനന്ദിക്കാനും എനിക്ക് കിട്ടിയത് വലിയ ഒരവസരമാണ്. ഒരുപാട് സന്തോഷമുണ്ട്...’ എന്നാണ് വിജയ് സേതുപതി പറഞ്ഞത്. ഏറെ ബഹുമാനത്തോടെ വിജയ് സേതുപതി പൊന്നാട അണിയിച്ചപ്പോള്‍ തെലുങ്ക് നടൻ നാഗാർജുനയും ഒപ്പം ചേര്‍ന്നു.
‘ഏറ്റവും അർഹനായ വ്യക്തിക്കാണ് ഫാൽക്കെ പുരസ്കാരം ലഭിച്ചതെന്ന് നാഗാർജുന പറഞ്ഞു. അഭിനയത്തിന്റെ കാര്യത്തിൽ മോഹന്‍ലാലിന് എന്തും ചെയ്യാൻ സാധിക്കുമെന്നും അത് കണ്ട് കയ്യടിക്കാനേ നമുക്ക് കഴിയൂ...’ എന്നാണ് നാഗാര്‍ജുന പറഞ്ഞത്.
ഇതിന് മുൻപും മോഹൻലാലിനോടുള്ള ആരാധന വിജയ് സേതുപതി പരസ്യമാക്കിയിട്ടുണ്ട്. ശിവാജി ഗണേശനും കമൽഹാസനും എംജിആറിനുമൊപ്പം തന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് മോഹൻലാലെന്നായിരുന്നു വിജയ് സേതുപതി പറഞ്ഞിട്ടുള്ളത്. മോഹൻലാല്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നും, അദ്ദേഹത്തിന്റെ പ്രകടനം എത്ര അനായാസമാണെന്ന് മനസ്സിലാകുന്നില്ലെന്നും വിജയ് സേതുപതി പല അഭിമുഖങ്ങളിലും നേരത്തേയും പ്രശംസിച്ചിട്ടുണ്ട്. ‘‘മോഹൻലാല്‍ സാറിനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ വലിയ വിഷമമുണ്ട്. മെറി ക്രിസ്മസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ താമസിച്ചിരുന്ന ഒരു ഹോട്ടലിൽ വെച്ചാണ് മോഹൻലാല്‍ സാറിനെ കണ്ടത്, അന്ന് ഓട്ടോഗ്രാഫ് വാങ്ങി...’ എന്നാണ് തിരുവനന്തപുരത്ത് തന്റെ മഹാരാജാ എന്ന ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടിയെത്തിയപ്പോള്‍ വിജയ് സേതുപതി പറഞ്ഞത്.