Wednesday, March 11, 2026 Last Updated 58 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 09.52 PM

‘മായാനദിയുടെ ഓഡീഷന് ഫസ്റ്റ് വന്ന മെയില്‍ പേര്‍ളി മാണിയുടേതാണ്; ഓഡീഷന് വിളിക്കുകയും ചെയ്തു’വെന്ന് ബിനു പപ്പു; ‘എന്നെ ഇമോഷണല്‍ ആക്കല്ലേ’യെന്ന് പേര്‍ളി

മായാനദിയെന്ന സിനിമ പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ ഓര്‍ത്തിരിക്കുന്ന സിനിമയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ഓഡീഷന്‍ അനൗണ്‍സ് ചെയ്തപ്പോള്‍ ആദ്യം വന്ന മെയില്‍ പേര്‍ളി മാണിയുടേതാണെന്ന് പറയുകയാണ് അഭിനേതാവും അസിസ്റ്റന്റ് ഡയറക്ടറുമായ ബിനു പപ്പു.
Pearle maaney, Mayanadhi movie, Binu Pappu
Binu Pappu and Pearle maaney about mayandhi movie (Image Source: Youtube)

ആഷിക് അബു സംവിധാനം ചെയ്ത് ടൊവിനോ തോമസ് ഐശ്വര്യലക്ഷ്മി കോമ്പോയിലെത്തി നിറയെ ആരാധകരെ നേടിയെടുത്ത സിനിമയായിരുന്നു മായാനദി. പ്രണയത്തിന്റെയും പകപോക്കലിന്റെയും കഥ മനോഹമരമായ ഫ്രെയിമുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ മികച്ച ക്രാഫ്റ്റിങ്ങിൽ ഒരുക്കിയിരിക്കുന്ന ചിത്രമായിരുന്നു ഇത്. ടൊവിനോ അവതരിപ്പിച്ച മാത്തൻ എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കഥാപാത്രമാണ് അതിലെ നായിക അപ്പു എന്ന അപര്‍ണ്ണ. അഭിനയത്തിലൂടെ അക്ഷരാർഥത്തിൽ ഞെട്ടിച്ച ഐശ്വര്യ ലക്ഷ്മിയുടെ കരിയറില്‍ ടേണിങ് പോയിന്റായി മാറിയ കഥാപാത്രമായിരുന്നു മായനദിയിലെ അപ്പു.
ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരനും ദിലീഷ് നായരുമായിരുന്നു. സിനിമയുടെ അണിയറയില്‍ പ്രവർത്തിച്ചവരില്‍ ഒരാള്‍ കുതിരവട്ടം പപ്പുവിന്റെ മകനും അഭിനേതാവും അസിസ്റ്റന്റ് ഡയറക്ടറുമൊക്കെയായ ബിനു പപ്പുവായിരുന്നു.
ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗ് കോള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ആദ്യം വന്ന മെയില്‍ പേളി മാണിയുടേതാണെന്ന് പറയുകയാണ് ബിനു പപ്പു. തന്റെ കരിയറിന്റെ ശരിക്കുള്ള തുടക്കം മായാനദിയെന്ന സിനിമയും ആഷിക് അബുവെന്ന ഡയറക്ടറുമാണെന്ന് ബിനു പപ്പു പറഞ്ഞപ്പോഴാണ് കാസ്റ്റിംഗ് കോളില്‍ പേര്‍ളിയുടെ മെയിലാണ് ആദ്യം വന്നതെന്ന് ബിനു പപ്പു പറഞ്ഞത്. ‘‘മായാനദിയെന്ന മൂവി നമുക്ക് എല്ലാവർക്കും സ്പെഷ്യലായിട്ടുള്ള സിനിമയാണ്. ആഷിക് അബുവിന്റെ മിക്ക സിനിമകളും നമുക്ക് സ്പെഷ്യലാണ്. യുണീക്കായിട്ടുള്ള സംവിധായകനാണ് അദ്ദേഹം...’’ എന്ന് പേര്‍ളി പറഞ്ഞു. അപ്പോഴാണ് ബിനു ഇക്കാര്യം ഓര്‍മ്മിച്ചെടുത്തത്. ‘‘അത് പറഞ്ഞപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത്. എന്റെ അടുത്ത് നീ വന്ന് പെട്ടല്ലോ... മായാനദിയുടെ ഓഡീഷന് ഫസ്റ്റ് വന്ന മെയില്‍ പേര്‍ളി മാണിയുടേതാണ്...’’ ബിനു പപ്പു പറഞ്ഞു.
‘‘അത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് രണ്ട് മിനിറ്റിനകം ഞാൻ മെയില്‍ അയച്ചു...’’ എന്നായിരുന്നു പേളിയുടെ മറുപടി. ‘‘അത് കേട്ടതും ഒരു കയ്യടി കൊടുക്കടോ...’’ എന്നായി ബിനു പപ്പു. എന്നിട്ട് പേര്‍ളി മാണിയെ സെലക്‌ട് ചെയ്തില്ലേയെന്ന് സന്ദീപ് പ്രദീപ് ചോദിച്ചപ്പോള്‍ പിന്നെ പറയാം എന്നായിരുന്നു ബിനു പപ്പുവിന്റെ മറുപടി.
‘‘ഓരോരോ കാര്യങ്ങള്‍ ഓർമിപ്പിക്കല്ലേ. എന്നെ ഇമോഷണല്‍ ആക്കല്ലേ. എന്നെ എന്തിനാണ് ഇഗ്നോർ ചെയ്തത്. നിങ്ങളാണല്ലേ എന്റെ മെയില്‍ ഡിലീറ്റ് ചെയ്തത്...?’’ എന്ന് പേളി ബിനു പപ്പുവിനോട് ചോദിച്ചു.
‘‘പേളിയുടെ മെയില്‍ വന്ന കാര്യം ഞാൻ ആഷിക്കയോട് പോയി പറഞ്ഞിരുന്നു. എന്നിട്ട് പേര്‍ളിയെ ഓഡീഷന് വിളിക്കുകയും ചെയ്തിരുന്നു...’’ എന്നായി ബിനു പപ്പു.
‘‘അയ്യോ... ഞാൻ കണ്ടില്ല. ടിഷ്യു തരൂ... കരയണം എനിക്ക്. എന്തോ ഒരു കള്ളക്കഥ... എക്കോപോലെ ഇതിന് പിന്നിലുണ്ട്. എന്നെ റെസ്ട്രിക്‌ട് ചെയ്തിട്ട് പക്ഷെ പ്രൊട്ടക്‌ട് ചെയ്തു എന്ന് പറയുന്നത് പോലെ തോന്നുന്നു. കുഴപ്പമില്ല... ഞാൻ കരയാം. മായാനദി 2 വിന് വിളിച്ചാല്‍ ഞാൻ പൊക്കോട്ടെ ശ്രീനി...’’ എന്നാണ് ചിരിച്ചു കൊണ്ട് പേര്‍ളി പറഞ്ഞത്. ബിനുവും ഭാഗമായ ഏറ്റവും പുതിയ സിനിമ എക്കോയുടെ പ്രമോഷന്റെ ഭാഗമായി പേളിയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ദുല്‍ഖർ സിനിമയില്‍ ബൈക്കർ ഗേളായിട്ടായിരുന്നു പേര്‍ളിയുടെ സിനിമ അരങ്ങേറ്റം. പിന്നീട് ദി ലാസ്റ്റ് സപ്പർ, ഞാൻ, ലോഹം, ഡബിള്‍ ബാരല്‍, ജോ ആന്റ് ദി ബോയ്, പ്രേതം, കാപ്പിരി തുരുത്ത്, പുള്ളിക്കാരൻ സ്റ്റാറാ, ഹു, ലുഡോ, വലിമൈ, ക്വീൻ എലിസബത്ത്, ഡിക്ടറ്റീവ് ഉജ്വലൻ തുടങ്ങി നിരവധി സിനിമകളില്‍ പേര്‍ളി അഭിനയിച്ചു. അവതാരക റോളില്‍ മിനിസ്ക്രീനില്‍ തിളങ്ങി നിന്ന പേര്‍ളി വിവാഹശേഷം യുട്യൂബ് ചാനലിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW