Tuesday, March 10, 2026 Last Updated 29 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 02.44 PM

‘ഞാനുണ്ടാക്കിയ ഒരു കഥയാണിതെന്ന് പോലും കേള്‍ക്കേണ്ടി വന്നു; പ്രശ്നമുണ്ടായ ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നെയും അടിച്ചിടുന്ന അവസ്ഥ ഞാന്‍ നേരിട്ടു...’ഭാവന

uploads/news/2025/12/815275/Untitled-1.jpg
Bhavana (Image Source: Youtube)

മലയാളത്തിന്റെ പ്രിയനടി ഭാവന തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. താരത്തിന്റെ ജീവിതത്തിലെ നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കൂടെ നില്‍ക്കാനും ധൈര്യം പകര്‍ന്നു നല്‍കാനും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരുണ്ടായിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടായപ്പോള്‍ പ്രതികരിക്കാനും ​തുറന്നു പറയാനും ധൈര്യം കിട്ടിയത് എവിടെ നിന്നാണെന്ന് പറയുകയാണ് ഭാവന. എങ്ങനെയാണ് ഈ ധൈര്യം വന്നത് എന്ന ചോദ്യത്തിനാണ് ഭാവന മറുപടി പറഞ്ഞത്.
‘‘എന്റെ ലൈഫ് എന്നെ അങ്ങനെയൊക്കെ കൊണ്ടുപോയതാണ്. കാരണം എനിക്കതില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റുമായിരുന്നില്ല. വളരെ നിർഭാഗ്യകരമായ ഒരു സംഭവം എന്റെ ജീവിതത്തിലുണ്ടായി. ഞാനത് അപ്പോള്‍​ത്തന്നെ കംപ്ലയിന്റ് ചെയ്തു. അതിന്റെ പേരില്‍ ഞാനൊരുപാട് കാര്യങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഞാനുണ്ടാക്കിയ ഒരു കഥയാണെന്നു പോലും കേള്‍ക്കേണ്ടി വന്നു. ഒരാള്‍ക്കും ഇതൊന്നും ഉണ്ടാവരുത്. അതായത് നമ്മുടെ ലൈഫില്‍ ഒരു പ്രശ്നമുണ്ടായി നമ്മള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നെയും അടിച്ച് താഴെയിടുകയാണ്. ഞാനത് എങ്ങനെ മറികടന്നുവെന്നത് ഇപ്പോള്‍ ചോദിച്ചാല്‍ എനിക്കറിയില്ല. ഇപ്പോഴും എനിക്കതിന്റെ പ്രശ്നങ്ങളുണ്ട്.
ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒക്കെയാകുമെന്ന് വേറൊരാള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ എനിക്കറിയില്ല. അങ്ങനെയുള്ള അനുഭവങ്ങള്‍ വരുമ്പോള്‍ തനിയെ പഠിക്കുന്നതാണത്. എനിക്ക് വേണ്ടി ഞാന്‍ തന്നെ പോരാടിയേ പറ്റൂ. അല്ലാതെ ഞാനിനി കോടതിയില്‍ പോവില്ല, നിങ്ങള്‍ പൊക്കോ എന്ന് എനിക്ക് പറയാന്‍ പറ്റില്ല. അപ്പോഴും ഞാന്‍ ചിന്തിക്കുന്നത്, എനിക്കെതിരെ മാത്രമല്ല ​ലോകത്ത് അനീതി സംഭവിക്കുന്നത്, എനിക്കു മാത്രമല്ല ട്രാജഡികള്‍ സംഭവിക്കുന്നത് എന്നാണ്.
ഈ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ എനിക്കിതൊക്കെ തുറന്നു പറയാന്‍ പറ്റിയെന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. എന്റെ സഹോദരന്റെയടുത്തും, കുടുംബത്തിലും, പ്രതിശ്രുത വരന്റെയടുത്തും എനിക്കിതൊക്കെ പറയാന്‍ പറ്റിയല്ലോ. അതൊന്നും പറ്റാത്ത സ്വന്തം അമ്മയോടു പോലും ഷെയര്‍ ചെയ്യാന്‍ പറ്റാത്ത എത്രയോ പേരുണ്ട്. എനിക്കിതു തുറന്നു പറയാനും ഇതിനു വേണ്ടി പോരാടാനും പറ്റിയല്ലോ. ഞാനിത് തുറന്നു പറഞ്ഞതു ​കൊണ്ടാണല്ലോ എല്ലാവ​രും ഞാന്‍ ബോള്‍ഡാണെന്ന് പറയുന്നത്. പക്ഷേ അവി​​ടേക്കെത്തിപ്പെടണം എന്ന് ആഗ്രഹിക്കുകയും നടക്കാതെ വരുകയും ചെയ്യുന്ന എത്രയോ പേരുണ്ട്. എനിക്ക് ചുറ്റും വലിയൊരു സപ്പോര്‍ട്ട് സിസ്റ്റമുണ്ടായിരുന്നു. എന്റെ ഫ്രണ്ട്സ്, ഫാമിലി, ചുറ്റുമുള്ളവര്‍ ഒക്കെയാണ് എന്റെ തുറന്നു പറച്ചിലും പോരാട്ടത്തിനും കാരണം. അല്ലാതെ പെട്ടെന്നൊരു ദിവസം എനിക്ക് വന്ന ധൈര്യമൊന്നുമല്ലയിത്.
വളരെ സിമ്പിളായ ഒരു വ്യക്തിയായതു കൊണ്ടു തന്നെ തകര്‍ന്നടിയുന്ന, മാനസിക തകർച്ച വരുന്ന, വളരെ പ്രശ്നങ്ങളുണ്ടാകുന്ന ദിവസങ്ങളുണ്ട്. പക്ഷേ എന്തു ചെയ്യാം, നമ്മള്‍ ഓവര്‍കം ചെയ്തേ പറ്റൂ. അത്രേയുള്ളൂ...’’ ഭാവന പറയുന്നു. ഇക്കഴിഞ്ഞ ദിവസം വന്ന കോടതിവിധിക്കു ശേഷം താരത്തിന്റെ പഴയ അഭിമുഖത്തിലെ പ്രശസ്തമായ ഈ ഭാഗം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ഏറെ ശ്രദ്ധ നേടുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW