-->
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയെ അപൂര്‍വമായ രീതിയില്‍ പ്രവര്‍ത്തന പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി നൂറുകണക്കിന് വിമാനങ്ങള്‍ വൈകി. 200-ലേറെ സര്‍വീസുകള്‍ റദ്ദാവുകയും ആയിരക്കണക്കിന് യാത്രക്കാര്‍ ടെര്‍മിനലുകളില്‍ കുടുങ്ങി, ലഗേജ് നഷ്ടപ്പെട്ടു, എയർലൈൻ ജീവനക്കാരിൽ നിന്നുള്ള ആശയവിനിമയക്കുറവ് എന്നിവ കാരണം ബുദ്ധിമുട്ടുകയും ചെയ്തു.
ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളെ ബാധിക്കുന്ന പ്രവർത്തന കുഴപ്പങ്ങളുടെ തുടർച്ചയായ നാലാം ദിവസമാണ് ഈ പ്രതിസന്ധി. ചെക്ക്-ഇൻ കൗണ്ടറുകളിൽ യാത്രക്കാർക്ക് നീണ്ട ക്യൂവും, തിരക്കേറിയ ടെർമിനലുകളും, ബദൽ വിമാനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും നേരിടേണ്ടിവന്നു.
ഇപ്പോഴിതാ, ഒരു വിമാനത്താവളത്തില്‍ നിന്ന് പങ്കിട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരാശനായ ഒരു പിതാവ് തന്റെ മകള്‍ക്ക് ഒരു സാനിറ്ററി പാഡ് നല്‍കണമെന്ന് ഇൻഡിഗോ ജീവനക്കാരോട് യാചിക്കുന്ന ദൃശ്യങ്ങളാണത്. എന്റെ മകള്‍ക്ക് ഒരു സാനിറ്ററി പാഡ് വേണം എന്ന് നിലവിളിച്ചു കൊണ്ട് എയർപോർട്ടിലൂടെ ഓടുകയാണ് ആ അച്ഛൻ.
‘‘സഹോദരി, എന്റെ മകള്‍ക്ക് ബ്ലീഡിംഗ് ഉണ്ട്..എനിക്ക് ഒരു സാനിറ്ററി പാഡ് വേണം..എനിക്ക് ഒരു സ്റ്റേഫ്രീ തരൂ...’’ എന്ന് വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്ന് ഉച്ചത്തില്‍ നിലവിളിക്കുകയാണ് ഒരു യാത്രക്കാരനായ അച്ഛന്‍. ആ അച്ഛന്‍ യാചിക്കുന്നത് കണ്ടിട്ട് ആരും ശ്രദ്ധിക്കുന്നതു പോലുമില്ല. അവസാനം അയാള്‍ രോഷാകുലനായി ശബ്ദം ഉയർത്തി മുന്നോട്ട് വരുമ്പോള്‍ മാത്രമാണ് മാനേജർ മറുപടി നല്‍കുന്നത് എന്നുള്ളതും ദൃശ്യങ്ങളില്‍ കാണാം. ഈ സംഭവം എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. വൈറലായ ഈ വീഡിയോയിലൂടെ യാത്രക്കാരുടെ യഥാര്‍ത്ഥ ദുരിതം പ്രകടമാകുന്നുണ്ട്.
പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് പ്രാബല്യത്തില്‍ വന്നതോടെയാണ് പൈലറ്റുകളും ക്യാബിന്‍ ക്രൂവും കുറവായത്, ചെക്ക്-ഇന്‍, ഡിപാര്‍ച്ചര്‍ സിസ്റ്റങ്ങളിലുണ്ടായ സാങ്കേതിക തകരാറുകള്‍, കൂടിയ ശൈത്യകാല ട്രാഫിക് ഇതെല്ലാം ഒരുമിച്ച് ഇന്‍ഡിഗോയുടെ വമ്പന്‍ പ്രവര്‍ത്തന ശൃംഖലയെ താറുമാറാക്കി.
ഡല്‍ഹിയില്‍, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ഇൻഡിഗോ വെള്ളിയാഴ്ച അർദ്ധരാത്രി വരെ റദ്ദാക്കി. ബെംഗളൂരുവില്‍, രാവിലെ കുറഞ്ഞത് 102 വിമാനങ്ങളെങ്കിലും റദ്ദാക്കി. കാര്യങ്ങള്‍ ഉടനടി മെച്ചപ്പെടില്ലെന്ന് എയർലൈൻ സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനോട് പറഞ്ഞു. കാലതാമസങ്ങളും റദ്ദാക്കലുകളും രണ്ടോ മൂന്നോ ദിവസത്തേക്ക് കൂടി നീണ്ടുനില്‍ക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ഇൻഡിഗോ പറയുന്നത്.
"सिस्टर, मेरी बेटी को सेनेटरी पैड चाहिए…नीचे से ब्लड गिर रहा है।पिता रो रहा है।फ़्लाइट टाइम पर नहीं चल रहा है,सत्ता के नाम पर सट्टा चल रहा है।अच्छे दिन आ गए…#अमृतकाल चल रहा है.#घोरकलजुग #IndigoDelay pic.twitter.com/J8YjPJB7qh— अपूर्व اپوروا Apurva Bhardwaj (@grafidon) December 5, 2025
പ്രതിസന്ധി നിയന്ത്രിക്കാന്‍ ഇന്‍ഡിഗോ അടിയന്തര നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിക്കല്‍, രാത്രികാല ഷെഡ്യൂളുകളില്‍ മാറ്റം, റൊട്ടേഷനുകളുടെ പുനഃസംഘടന എന്നിവ നടപ്പിലാക്കുന്നുവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ നിയമങ്ങളിലേക്ക് ഉടന്‍ പൊരുത്തപ്പെടാനാകാത്തതിനാല്‍ 2026 ഫെബ്രുവരി വരെ ചില ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട ഇന്‍ഡിഗോയുടെ അപേക്ഷ പരിഗണിച്ച് ഡിജിസിഎ താല്‍ക്കാലിക ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തന ആശയക്കുഴപ്പങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ യാത്രക്കാര്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസ് നിരന്തരം പരിശോധിക്കണമെന്നും സമയതാമസം പ്രതീക്ഷിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.