-->
മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യൻ സിനിമയെ ഇളക്കിമറിച്ച ഷാരൂഖ്-കജോള്‍ കോമ്പോയിലെത്തിയ ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ആദിത്യ ചോപ്രയുടെ സംവിധാന അരങ്ങേറ്റം അടയാളപ്പെടുത്തി യാഷ് ചോപ്ര നിർമ്മിച്ചതുമായ ഈ റൊമാന്റിക-കോമഡി ചിത്രം നിരവധി അവാർഡുകൾ നേടിയതാണ്. ബോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നു കൂടിയാണ് ഡിഡിഎല്‍ജെ.
ഇപ്പോഴിതാ ദിൽവാലെ ദുൽഹാനിയ ലേ ജായേംഗേ 30 വാർഷികം ആഘോഷിക്കുന്ന ദിവസം ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ രാജ് & സിമ്രാന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സന്തോഷം പങ്കിടുകയാണ് ഷാരൂഖ് ഖാന്‍. ബോളിവുഡിന്റെ കിംഗ് ഖാനും ബോളിവുഡ് അടക്കിവാണിരുന്ന താരറാണിയായിരുന്ന കജോളും ഒരുമിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഡിഡിഎല്‍ജെയിലെ പ്രശസ്തമായ റൊമാന്റിക് ഡയലോഗ് കുറിച്ചാണ് ഷാരൂഖ് ഈ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്.
‘‘ബഡേ ബഡേ ദേശോം മേം ഐസി ഛോട്ടി ഛോട്ടി ബാത്തേൻ ഹോട്ടി രെഹ്തി ഹേ, സെനോറിറ്റ...ദിൽവാലെ ദുൽഹാനിയ ലേ ജായേങ്കെ (ഡിഡിഎല്‍ജെ) യുടെ 30 വാർഷികം ആഘോഷിക്കുന്ന ഇന്ന് ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ രാജ് & സിമ്രാന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്..
സീൻസ് ഇൻ ദി സ്ക്വയർ ട്രെയിലിൽ ഒരു പ്രതിമ കൊണ്ട് ആദരിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയാണ് ഡിഡിഎല്‍ജെ എന്നതിൽ അവിശ്വസനീയമാംവിധം സന്തോഷം....ഇത് സാധ്യമാക്കിയതിന് യുകെയിലെ എല്ലാവർക്കും ഒരു വലിയ നന്ദി....നിങ്ങൾ ലണ്ടനിലാണെങ്കിൽ രാജിനെയും സിമ്രാനെയും കാണാൻ വരൂ... ഡിഡിഎല്‍ജെയുമായി കൂടുതൽ ഓർമ്മകൾ സൃഷ്ടിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു...’’ എന്നാണ് ഷാരൂഖ് ഖാന്‍ കുറിച്ചിരിക്കുന്നത്. ആരാധകര്‍ വലിയ സന്തോഷത്തോടെയാണ് ഈ ആദരം ഏറ്റെടുക്കുന്നത്. ‘എന്നേക്കും രാജും സിമ്രാനും, ഡിഡിഎൽജെ ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, രാജ് & സിമ്രാൻ + ഡിഡിഎൽജെ = എന്റെ സുവർണ്ണ കാലഘട്ടം...’ എന്നതടക്കമാണ് കമന്റുകള്‍.