Friday, March 13, 2026 Last Updated 33 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 04.03 PM

‘മൂലയ്ക്ക് നിന്ന് ഷൂട്ടിംഗ് കണ്ട് സിഗരറ്റു വലിച്ചു നില്‍ക്കുന്ന ഷാരൂഖ് ഖാന്‍; കണ്ടതും ഞാന്‍ സ്റ്റാര്‍ സ്രറ്റക്കായി; അദ്ദേഹം പേര് തെറ്റിച്ചു വിളിച്ചിട്ടും ഞാന്‍ തിരുത്തിയില്ല...’റോഷന്‍ മാത്യൂ

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിലും ബോളിവുഡിലുമടക്കം തിളങ്ങിയ നില്‍ക്കുന്ന യുവതാരമാണ് റോഷന്‍ മാത്യൂ. ഇപ്പോഴിതാ ഡാര്‍ലിങ്സ് എന്ന സിനിമയുടെ ഷൂട്ടിനിടെ ഷാരൂഖ് ഖാന്‍ അപ്രതീക്ഷിതമായി എത്തിയപ്പോഴുള്ള തന്റെ അവസ്ഥ പറയുകയാണ് റോഷന്‍.
Roshan Mathew, Shah Rukh Khan, Darlings movie
Roshan Mathew about meeting shah rukh khan (Image Source: Youtube)

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ ഏറെ ശ്രദ്ധ നേടിയ യുവതാരമാണ് റോഷന്‍ മാത്യൂ. യുവ നടന്മാരിൽ അഭിനയം കൊണ്ടും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള വ്യത്യസ്തത കൊണ്ടും ശ്രദ്ധ നേടിയ റോഷന്‍, ഒരേ സമയം ബോളിവുഡിലും മലയാളത്തിലും തിളങ്ങിയിട്ടുണ്ട്. മലയാളവും കടന്ന് തമിഴിലും ബോളിവുഡിലുമെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള താരം ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. പിന്നീട് അഞ്ജലി മേനോന്റെ സംവിധാനത്തിലിറങ്ങിയ ‘കൂടെ’യിലൂടെ പ്രിയങ്കരനായി മാറി. മികച്ച ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് റോഷന്‍ കൈയടി നേടിയിട്ടുണ്ട്.
അനുരാഗ് കശ്യപ് ഒരുക്കിയ ചോക്ക്ഡിലൂടെയാണ് റോഷന്‍ ബോളിവുഡിലെത്തുന്നത്. ആലിയ ഭട്ട് ചിത്രം ഡാർലിങ്ങ്സിലൂടെ ഹിന്ദി സിനിമാലോകത്തും താരം ശ്രദ്ധിക്കപ്പെട്ടു. വിജയ് വര്‍മ, ഷെഫാലി ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഡാര്‍ലിങ്‌സ്. ഷാരൂഖ് ഖാന്‍ ആയിരുന്നു ഡാര്‍ലിങ്‌സിന്റെ നിര്‍മാണം.
ഇപ്പോഴിതാ ഈ സിനിമാ സെറ്റിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് റോഷന്‍ മാത്യു. ആലിയ ഭട്ടിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ഷൂട്ടിങ് കാണാന്‍ ഷാരൂഖ് ഖാന്‍ വന്നതിനെക്കുറിച്ചുമാണ് റോഷന്‍ സംസാരിക്കുന്നത്.
‘‘ഞാന്‍ കൂടെ അഭിനയിച്ചിട്ടുള്ളവരില്‍ ഏറ്റവും പ്രൊഫഷണലും കഴിവുള്ളതുമായ അഭിനേതാക്കളില്‍ ഒരാളാണ് ആലിയ ഭട്ട്. പ്രാക്ടീസ് ചെയ്തുണ്ടാക്കിയ പ്രൊഫഷണലിസം ആണ് ആലിയയുടേത്. വന്ന് നിന്ന് ആ മൊമന്റില്‍ അഭിനയിച്ച്‌ പൊളിക്കുന്ന ആളായിട്ടല്ല ഡാര്‍ലിങ്‌സില്‍ തോന്നിയിട്ടുള്ളത്. ശരിക്കും പണിയെടുത്ത് പണിയെടുത്ത് കഥാപാത്രത്തെ അവിടെ എത്തിക്കുകയാണ്. അത് കാണാന്‍ ഭയങ്കര രസമാണ്...’’ എന്നാണ് ആലിയയെക്കുറിച്ച് റോഷന്‍ പറയുന്നത്.
നെറ്റ്ഫ്‌ളിക്‌സ് ചിത്രമായിരുന്ന ഡാര്‍ലിങ്‌സ് നിര്‍മിച്ചത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും ആലിയ ഭട്ടും ചേര്‍ന്നായിരുന്നു. ജസ്മീത് റീന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡാര്‍ലിങ്‌സ്. ഈ സിനിമയുടെ സെറ്റില്‍ ഒരു ദിവസം ഷൂട്ടിങ് കാണാന്‍ ഷാരൂഖ് ഖാന്‍ നേരിട്ടെത്തിയ അനുഭവവും റോഷന്‍ പങ്കുവച്ചു.
‘‘ഷൂട്ട് കാണാന്‍ ഒരു ദിവസം ഷാരൂഖ് ഖാന്‍ വന്നിരുന്നു. ഞാനൊരു ദിവസം സെറ്റില്‍ ചെന്നപ്പോള്‍ എല്ലാവരുടേയും മുഖം വല്ലാണ്ടിരിക്കുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പറഞ്ഞു. അവിടെ ഒരു മൂലയ്ക്കു നിന്ന് അദ്ദേഹം സിഗരറ്റ് വലിക്കുകയായിരുന്നു. ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. കണ്ടതും ഞാന്‍ സ്റ്റക്കായി. ശരിക്കും സ്റ്റാര്‍ സ്രറ്റക്കായി. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത് കുറച്ച്‌ നേരം കണ്ടു നിന്ന ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് പോയി. കെട്ടിപ്പിടിച്ചിട്ടാണ് പോയത്. ഞാന്‍ എന്തോ മണ്ടത്തരമൊക്കെ പറഞ്ഞു. നമുക്ക് നമ്മുടെ പേരു പോലും മറന്നു പോകുന്ന അവസ്ഥയായിരുന്നു. എന്നെ റോഹന്‍ എന്നായിരുന്നു വിളിച്ചത്. പക്ഷെ ഞാന്‍ തിരുത്താനൊന്നും പോയില്ല....’’ റോഷന്‍ പറയുന്നു. ക്ലബ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോഷന്‍ ഇക്കാര്യം പറഞ്ഞത്.

ജാന്‍വി കപൂര്‍ നായികയായ ഉലജ് ആണ് റോഷന്‍ മാത്യുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം. ദിലീഷ് പോത്തനൊപ്പം എത്തിയ റോന്ത് ആണ് റോഷന്റെ അവസാനമിറങ്ങിയ സിനിമ. ഇതിലെ റോഷന്റെ അഭിനയവും കയ്യടി നേടിയതാണ്. ‘ഇത്തിരി നേരം...’ ആണ് റിലീസ് കാത്തിരിക്കുന്ന സിനിമ. ‘ചേര’, ‘ചത്താ പച്ചാ’ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

Ads by Google
Thursday 06 Nov 2025 04.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW