-->
ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. വ്യക്തിജീവിതത്തിലായാലും കരിയറിലായാലും സമ്മര്‍ദ്ദങ്ങള്‍ കാരണം സ്വന്തം ജീവന്‍ പോലും നല്‍കിയ ഒരുപാട് ചെറുപ്പക്കാര്‍ ഇന്നത്തെ സമൂഹത്തിലുണ്ട്. കുടുംബത്തിനോടും കൂടെപിറപ്പിനോടും മാതാപിതാക്കളോടും തുറന്നു സംസാരിച്ചാല്‍ മാത്രം തീരാവുന്ന ഒട്ടനവധി പ്രശ്നങ്ങളിലൂടെയാണ് ഇന്നത്തെ തലമുറ കടന്നുപോകുന്നത്. പലപ്പോഴും തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടി ഒരു കാര്യവും പങ്കുവയ്ക്കാതിരിക്കുന്നത് തന്നെയാണ് ഈ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
ഇപ്പോഴിതാ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി തനിക്കുണ്ടായ കരിയര്‍ സമ്മര്‍ദ്ദം അച്ഛനോട് തുറന്നു പറയുന്ന ഒരു മകളെയും സ്നേഹത്തോടെ ആശ്വസിപ്പിക്കുന്ന അച്ഛനെയുമാണ് സോഷ്യല്‍ മീഡിയ ഹൃദയം തുറന്ന് സ്വീകരിക്കുന്നത്. കരിയര്‍ സമ്മര്‍ദ്ദം കാരണം തകര്‍ന്ന മകളോട് പരീക്ഷാ മാർക്കിനേക്കാളും തൊഴില്‍ വിജയത്തേക്കാളും വലുതാണ് ഒരു വ്യക്തിയുടെ യഥാർഥ മൂല്യമെന്നാണ് അച്ഛന്‍ സ്നേഹത്തോടെ പറയുന്നത്.
പുലർച്ചെ രണ്ട് മണിക്ക് അച്ഛനെ വിളിച്ചു കരയുന്ന മകളെയാണ് വീഡിയോയില്‍ കാണുന്നത്. ‘‘പുലർച്ചെ രണ്ട് മണിക്ക് ഞാൻ അച്ഛനെ വിളിക്കുമ്പോള്‍, അദ്ദേഹം എപ്പോഴും എനിക്ക് പ്രചോദനവും പിന്തുണയും നല്‍കാൻ കൂടെയുണ്ടായിരുന്നു...’’ എന്ന വാചകവും സ്ക്രീനില്‍ എഴുതി കാണിക്കുന്നുണ്ട്.
ഫോണിലൂടെ മകളോട് സംസാരിക്കുന്ന പിതാവ്, ഒരു പ്രത്യേക കരിയർ തിരഞ്ഞെടുക്കണമെന്ന യുവതിയുടെ സമ്മർദ്ദത്തെ വളരെ ശാന്തമായി ഇല്ലാതാക്കുന്നു. ‘‘ഡോക്ടറായാല്‍ മാത്രമേ എല്ലാം ആകുകയുള്ളൂ, അല്ലെങ്കില്‍ ഒന്നുമാവില്ല എന്ന ചിന്തയൊന്നും വേണ്ട. ഈ ലോകത്ത് ഒരുപാട് നല്ല ജോലികളുണ്ട്. നിനക്ക് അതിനുമാത്രം പ്രായമായിട്ടില്ല. അതുകൊണ്ട് നീ ഒരു സമ്മർദ്ദത്തിലും പെടരുത്. സന്തോഷമായിരിക്കൂ...’’ എന്നാണ് ആ അച്ഛന്‍ മകളോട് പറയുന്നത്.
മകളുടെ ഭാവി ഒരൊറ്റ തൊഴില്‍ പാതയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അച്ഛൻ ഉറപ്പുനല്‍കുന്നു. ‘‘കുറച്ചുനേരം പഠനം നിർത്തിവെച്ചോളൂ. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആളുകള്‍ക്ക് മടുപ്പും വിരസതയും തോന്നും. നീ വളരെ ബുദ്ധിയുള്ള കുട്ടിയാണ്. ഒരുപാട് അവസരങ്ങളുണ്ട്. ഞാൻ ഇപ്പോഴും വയസനായിട്ടില്ല, വീട്ടില്‍ വരുമാനം ഉണ്ടാക്കാൻ ആരുമില്ല എന്നൊന്നും ഇല്ല. പണത്തിന്റെ പേരില്‍ ഒരു ബുദ്ധിമുട്ടുമില്ല. ഞാൻ സമ്പാദിച്ചോളാം, നീ അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട...’’ എന്നും ആ അച്ഛന്‍ മകളോട് പറയുന്നു. കണ്ണുനീര്‍ തുടച്ചും വിതുമ്പിപൊട്ടിയും ഇത് കേള്‍ക്കുന്ന മകള്‍ പക്ഷേ അവസാനം അച്ഛന്റെ വാക്കുകള്‍ക്ക് ചെവികൊടുത്ത് ആശ്വസിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വൈകാരികമായ ഈ അച്ഛന്‍-മകള്‍ സംഭാഷണം സോഷ്യല്‍ മീഡയയില്‍ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഒപ്പം കമന്റുകളിലൂടെ പ്രശംസകളും നേടിയെടുത്തു. അച്ഛന്റെ കരുതലും കരുത്തും സഹാനുഭൂതിയും, മകളുടെ ആത്മവിശ്വാസം കൂട്ടുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതിനാണ് കൂടുതല്‍ പ്രശംസ കിട്ടിയത്. ഉപരിയായി മകളുടെ മാനസികാരോഗ്യത്തിന് അദ്ദേഹം നല്‍കുന്ന ഊന്നലും ഉപയോക്താക്കള്‍ ഏറ്റെടുത്തു.
എല്ലാ കുട്ടികള്‍ക്കും ഇങ്ങനെ പിന്തുണ നല്‍കുന്ന മാതാപിതാക്കളെ ലഭിക്കട്ടെ എന്ന ആശംസകളും പലരും പങ്കുവെച്ചു. ‘ചില വാക്കുകള്‍ ശമ്പളമായി ലഭിക്കുന്നില്ലായിരിക്കാം, പക്ഷേ അവ ജീവിതകാലം മുഴുവൻ നമ്മള്‍ കൊണ്ടുനടക്കുന്ന ധൈര്യമായി മാറും, ഒരച്ഛന്റെ വാക്കുകള്‍ വെറും ആശ്വാസം നല്‍കുന്നവയല്ല. തകർന്നടിഞ്ഞെന്ന് തോന്നുന്ന ലോകത്തെയാണ് അവ വീണ്ടും പടുത്തുയർത്തുന്നത്....’ എന്നതടക്കമാണ് കമന്റുകള്‍.
Heartwarming video 🥹A young girl breaks down under heavy career pressure, but her father’s calm and loving words give her the strength to stand again ❤️ pic.twitter.com/Cf6IzksQZP— Lakshay Mehta (@lakshaymehta08) December 2, 2025