-->
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് കെപിസിസി
ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ ഉയര്‍ന്ന് ലൈംഗികാരോപണത്തില്‍ പരാതിക്കാരിയെ താന്‍ അധിക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി.
പരാതിക്കാരിയെ സാമുഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ കഴിഞ്ഞദിവസം രാഹുല്‍ ഈശ്വറിനെ അറസ്റ്റ്് ചെയ്തിരുന്നു. ഇതേകേസിലെ നാലാംപ്രതിയാണ് സന്ദീപ് വാര്യര്‍. ഈ കേസില്‍ സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാലാംപ്രതി സന്ദീപ് വാര്യര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലെ ഒരു വര്‍ഷം മുമ്പുള്ള ചിത്രം പ്രചരിപ്പിച്ചായിരുന്നു കൂടുതല്‍ ആക്ഷേപം. തുടര്‍ന്ന് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി സിറ്റി സൈബര്‍ പോലീസാണ് കേസെടുത്തത്. ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളും കോണ്‍ഗ്രസ് അനുകൂല ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗങ്ങളും നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് അതിജീവിത പരാതി നല്‍കിയിരുന്നത്. രാഹുല്‍ പീഡിപ്പിച്ചതായി പറയുന്ന പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ച രണ്ടു ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആലുവയിലെ സൈബര്‍പോലീസാണ് കേസെടുത്തിരിക്കുന്നത്.
രാഹുല്‍ ഈശ്വര്‍, സന്ദീപ് വാര്യര്‍ എന്നിവരെ കുടാതെ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാസെക്രട്ടറി രജിതാ പുളിക്കന്‍, സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ്, ഫേസ്ബുക്ക് അക്കൗണ്ട് ഉടമ ദീപ ജോസഫ്, എന്നിവരെയും പരാതിക്കാരിക്കെതിരായി മോശം കമന്റ് ഇട്ടവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് പോലീസ് പറയുന്നത്. പരാതിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.