-->
രാത്രിയാത്ര സ്ത്രീകള്‍ക്ക് പലപ്പോഴും ഒരു ഭീകരത തന്നെയാണ്. സ്ത്രീകള്‍ക്ക് അസമയത്ത് പുറത്തിറങ്ങാന്‍ പോലും പേടിയാണ്. അതിന് അര്‍ധരാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. ഏതൊരു സമയത്തും തനിച്ചുള്ള യാത്രകള്‍ സ്ത്രീകളെ സംബന്ധിച്ച് അപകടം തന്നെയാണ്. ആ പേടി ഉള്ളില്‍ വച്ചു തന്നെയാണ് ഓരോ സ്ത്രീയും തന്റെ ചുവടുകള്‍ വയ്ക്കുന്നത്.
ഇപ്പോഴിതാ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ഹൈദ്രാബാദില്‍ നിന്നുള്ള ഒരു വീഡിയോ ഷെയർ ചെയ്തിരിക്കയാണ് കാവ്യ മേത്തി ഖണ്ഡേല്‍വാള്‍ എന്ന യുവതി. പുലര്‍ച്ചെ രണ്ട് മണിക്ക് നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് കാവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. സംരംഭക കൂടിയായ കാവ്യ പങ്കിട്ട ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുകയാണ്. 44 സെക്കന്റ് വരുന്ന വീഡിയോയില്‍ നഗരത്തിലെ സൈക്കിള്‍ ട്രാക്കിലൂടെ സൈക്കിളോടിക്കുന്ന കാവ്യയെ കാണാം. ഈ സമയത്ത് ധൈര്യപൂർവ്വം നഗരത്തിലൂടെ സൈക്കിളോടിച്ച് പോകുന്ന മറ്റ് സ്ത്രീകളെയും വീഡിയോയില്‍ കാണാം.
‘‘ഹൈദരാബാദ്, ഞാൻ അക്ഷരാർത്ഥത്തിൽ പുലർച്ചെ 2 മണിക്ക് സൈക്കിൾ ചവിട്ടുകയാണ്. വളരെ നല്ല കാലാവസ്ഥയാണ്. എന്റെ ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഇതാണ് എന്റെ ട്രാക്ക്, ഇതിങ്ങനെയാണ് കാണപ്പെടുന്നത്. ഇതെന്താണ്, ഇതെന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു...’’ കൊക്കപേട്ടിലെ സൈക്ലിംഗ് ട്രാക്കിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ കാവ്യ പറയുന്നു. സംരംഭക കൂടിയായ കാവ്യ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമില്‍ വൈറലായി മാറിക്കഴിഞ്ഞു. രാത്രി ഏറെ വൈകിയിട്ടും ഇങ്ങനെ സുരക്ഷിതമായി സഞ്ചരിക്കുന്നതിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് തെളിഞ്ഞു കാണാം. രാത്രി വൈകിയുള്ള രസകരമായ യാത്രയിൽ മറ്റൊരു സൈക്കിളിൽ ഉണ്ടായിരുന്ന സഹോദരിയോടൊപ്പം മത്സരിക്കുന്നുണ്ട് കാവ്യ.
മൂന്ന് മില്ല്യണിലധികം പേര്‍ കണ്ട വീഡിയോയ്ക്ക് രണ്ട് ലക്ഷത്തിലധികം ലൈക്കും ആയിരത്തിലധികം കമന്റുകളും വന്നിട്ടുണ്ട്. ‘എല്ലാ ഇന്ത്യൻ നഗരങ്ങളും, ഓരോ തെരുവും, ഓരോ റോഡും ഇങ്ങനെയായിരിക്കണം. ഇന്ത്യയിലെ എല്ലാ നഗരങ്ങളും ഇതുപോലെ ആയിരുന്നെങ്കില്‍, കാവ്യയുടെ സന്തോഷം ആ മുഖത്ത് കാണാനുണ്ട്, ഇതാണ് ഹൈദരാബാദിനെക്കുറിച്ചുള്ള ഏറ്റവും നല്ല കാര്യം...’ എന്നതടക്കമാണ് കമന്റുകള്‍.