-->
ആഭ്യന്തര വിപണിയില്‍ പുതിയ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹാര്‍ലി ഡേവിഡ്സണ്‍. അടുത്ത ആഴ്ച്ച ഗോവയില്‍ നടക്കാനിരിക്കുന്ന 2025 ഇന്ത്യ ബൈക്ക് വീക്കില്‍ ഹാര്‍ലിയുടെ പുത്തന്‍ മോഡല്‍ അവതരിപ്പിക്കും. 2023-ല്‍ പുറത്തിറങ്ങിയ XX40 റോഡ്സ്റ്ററിന്റെ പുത്തനൊരു വേരിയന്റായിരിക്കും വരാനിരിക്കുന്നത്. X440 T എന്നുപേരിട്ടിരിക്കുന്ന ബൈക്കിന്റെ ചിത്രങ്ങളും അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സ്പോര്‍ട്ടിയര്‍, റോഡ്സ്റ്റര്‍ ഡിസൈനായിരിക്കും ഹാര്‍ലി ഡേവിഡ്സണ്‍ X440 T വഹിക്കുക. പുതിയ ആംഗുലര്‍ ഡിസൈന്‍ ഉപയോഗിച്ച് ടെയില്‍ സെക്ഷന്‍ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്.
പുതിയ ബാര്‍-എന്‍ഡ് മിററുകളും പുതിയ കളര്‍ ഓപ്ഷനുകളും ഉപയോഗിച്ച് X440 T കൂടുതല്‍ സ്‌പോര്‍ട്ടിയറാക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാല്‍ മോട്ടോര്‍സൈക്കിളിന് റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍ സിസ്റ്റം അമേരിക്കന്‍ ബ്രാന്‍ഡ് ചേര്‍ത്തേക്കുമെന്നാണ് വിവരം. ഒപ്പം ഇന്ത്യ ബൈക്ക് വീക്കില്‍ അരങ്ങേറ്റം കുറിക്കാന്‍ പോവുന്ന മോഡലില്‍ റൈഡിംഗ് മോഡുകള്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ് എന്നിവയും കമ്പനി സമ്മാനിച്ചേക്കും. ഡെനിം, വിവിഡ്, S, എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് ഹാര്‍ലി X440 റോഡ്സ്റ്റര്‍ ഇപ്പോള്‍ വിപണിയിലെത്തുന്നത്. ഡെനിം വേരിയന്റിന് 2.39 ലക്ഷം രൂപയും വിവിഡിന് 2.59 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് S ട്രിമ്മിന് 2.79 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്.
ടൂ-വാല്‍വ്, 440 സിസി, എയര്‍-ഓയില്‍ കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഹാര്‍ലി ഡേവിഡ്സണ്‍ X440 റോഡ്സ്റ്ററിന് തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27.6 bhp പവറില്‍ പരമാവധി 38 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാവും. ഇതേ പവര്‍ കണക്കുകളും എഞ്ചിനുമായിരിക്കും പുത്തന്‍ മോഡലിലും ഉണ്ടാവുക.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ സസ്പെന്‍ഷനായി മുന്‍വശത്ത് KYB-യില്‍ നിന്നുള്ള 43 mm ഡ്യുവല്‍ കാട്രിഡ്ജ് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റുള്ള ഗ്യാസ് ചാര്‍ജ്ഡ് ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളുമായിരിക്കും പുതിയ പതിപ്പിലും ഉപയോഗിക്കുകയെന്നാണ് അനുമാനം. ബ്രേക്കിംഗ് സിസ്റ്റത്തില്‍ മുന്‍വശത്ത് 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് കമ്പനി നല്‍കുന്നത്. 18 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയര്‍ വീലുമായി മോട്ടോര്‍സൈക്കിള്‍ അലോയ് അല്ലെങ്കില്‍ സ്പോക്ക് വീലുകളില്‍ ലഭ്യമാണ്. ടയര്‍ സൈസിലേക്ക് വന്നാല്‍ മുന്‍വശത്ത് 100/90 സെക്ഷനും പിന്നില്‍ 140/70 സെക്ഷനുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.