-->
മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ വി.കെ ശ്രീരാമന്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങള്‍ സിനിമയിലും ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ്. ഇരുവരുടെയും വീട്ടുകാർ തമ്മിലും നല്ല സൗഹൃദവും അടുപ്പവുമുണ്ട്. കൊച്ചിയില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ വീട് സന്ദർശിക്കാൻ വികെ ശ്രീരാമൻ മറക്കാറില്ല. ഇടയ്ക്ക് മമ്മൂട്ടി ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിലും അതിഥിയായി എത്താറുണ്ട്.
മമ്മൂട്ടിയുടെ പല വിശേഷങ്ങളും ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും പലപ്പോഴും ശ്രീരാമന്‍ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മിക്കപ്പോഴും മമ്മൂട്ടിയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതൊക്കെ ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്.
ഇപ്പോഴിതാ വി.കെ. ശ്രീരാമൻ ഫേസ്‌ബുക്കില്‍ പങ്കുവെച്ച ഒരു ത്രോബാക്ക് ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഒരു കൊച്ചു കുട്ടിയ്ക്കൊപ്പമുള്ള ചിത്രമാണ് ശ്രീരാമന്‍ പങ്കുവച്ചത്. ‘‘എന്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി. പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്...’’ എന്ന ഹൃദയസ്പർശിയായ ക്യാപ്ഷന്‍ നല്‍കിയാണ് ശ്രീരാമൻ ഈ ചിത്രം പങ്കുവെച്ചത്. ശ്രീരാമനൊപ്പം നില്‍ക്കുന്ന ഈ ചിത്രത്തിലെ കുട്ടി മലയാളത്തിലെ യുവതാരം ദുല്‍ഖർ സല്‍മാൻ ആണെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകർ തിരിച്ചറിഞ്ഞു. നിരവധി പേര്‍ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുകൂടിയായ വി.കെ. ശ്രീരാമൻ, അടുത്തിടെ മെഗാസ്റ്റാറിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ആർഡിഎക്സ്’ എന്ന വിജയ ചിത്രത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തില്‍ നായകനാകുന്നത് ദുല്‍ഖർ സല്‍മാനാണ്. ഈ പ്രോജക്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദുല്‍ഖറിന്റെ തന്നെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
ദുല്‍ഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് സംഘട്ടനം. ദുല്‍ഖറിന്റെ പുതിയ ആക്ഷൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.