-->
ശേഖർ, ത്രിലോക്, ശിവ, രുദ്ര എന്നിങ്ങനെ നാലു കഥാപാത്രങ്ങളുടെ കഥകൾ ചേര്‍ത്തിണക്കിയ ദുൽഖർ സൽമാൻ നായകനായി എത്തിയ 2017 ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായിരുന്നു ‘സോളോ’. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാ കഥകളിലും ഒരാൾ തന്നെ നായകനാകുന്നു എന്നതായിരുന്നു. കഥകൾ കൂട്ടിയിണക്കിയ പരീക്ഷണങ്ങൾ നേരത്തെ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഒരേ നായകനെത്തുന്നത് ആദ്യമായിട്ടാണ്.
ഈ കഥകള്‍ തമ്മില്‍ പക്ഷേ പ്രത്യക്ഷത്തിലോ അല്ലാതെയോ ഒരു ബന്ധവുമില്ല, എങ്കിലുമത് പ്രേക്ഷകരുടെ ആസ്വാദനത്തെ ഒട്ടും തന്നെ ബാധിക്കാത്ത രീതിയിലാണ് ഒരുക്കിയത്. എന്നാല്‍ സിനിമാസ്വാദകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ ‘സോളോ’ സിനിമയുടെ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ബിജോയ് നമ്പ്യാർ. ‘സോളോ’യുടെ പരാജയം വേദനിപ്പിച്ചെന്നും പിന്നീട് ഒരു മലയാള സിനിമ ചെയ്യാത്തതിന്റെ കാരണം ആ പരാജയമാണെന്നും ആണ് ബിജോയ് പറഞ്ഞത്.
‘‘എന്റെ പക്കല്‍ മൂന്ന് കഥകളേ ഉണ്ടായിരുന്നുള്ളൂ, ദുൽഖറിന് ‘സോളോ’ ഇഷ്ടമായി. അദ്ദേഹമാണ് തമിഴിലും മലയാളത്തിലും ചെയ്യാമെന്ന് നിര്‍ദ്ദേശിക്കുന്നത്. അന്ന് സോഷ്യല്‍ മീഡിയ ഇന്നത്തേത് പോലെ സജീവമായിരുന്നില്ല. 'റിലീസിന് മുന്നേ സോളോയുടെ ജോണര്‍ എന്തെന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. സിനിമയിറങ്ങും മുമ്പ് പ്രേക്ഷകരുമായി കൃത്യമായി സംവദിക്കാൻ അതിനാൽ കഴിഞ്ഞില്ല. നാല് കഥയാണെന്നും നാല് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ദുല്‍ഖര്‍ വരുന്നത് എന്നൊന്നും പറയാനായില്ല. ദുല്‍ഖറിന്റെ മാസ് സിനിമയാകുമെന്നാണ് പ്രേക്ഷകർ കരുതിയത്. അതിലെ പാട്ടുകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘സോളോ’ ബോക്‌സ് ഓഫീസിൽ ചിത്രം വിജയമാകാത്തത് നിരാശപ്പെടുത്തി. സിനിമയുടെ പരാജയം ഏറെ വേദനിപ്പിച്ചു. എന്നാലിന്ന് ഒരുപാട് സ്‌നേഹത്തോടെ ആളുകള്‍ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാറുണ്ട്. ഒരു പരീക്ഷണമാണ് ഞങ്ങളന്ന് നടത്തിയത്. ദുല്‍ഖറിനെപ്പോലൊരു വലിയ താരം അതിന് ഒപ്പം നിന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയായിരുന്നു ‘സോളോ’. വീണ്ടുമൊരു മലയാളം സിനിമ ചെയ്യാതിരിക്കുന്നതിന് കാരണം ‘സോളോ’യില്‍ നിന്നുണ്ടായ ഹാര്‍ട്ട് ബ്രേക്കാണ്....’’ ബിജോയ് നമ്പ്യാർ പറഞ്ഞു.
വമ്പൻ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ‘സോളോ’. ധൻസിക, നേഹ ശർമ്മ, നാസർ, സുഹാസിനി, മനോജ് കെ ജയൻ, സൗബിൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു. എബ്രഹാം മാത്യു, ഷെരീഷ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ബിജോയ് നമ്പ്യാർ എന്നിവർ ചേർന്നായിരുന്നു ഈ സിനിമയുടെ നിർമാണം.