-->
സാധാരണയായി എല്ലാ ജീവജാലങ്ങളുടെയും രക്തം ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീന്‍ രക്തത്തില്‍ ഉള്ളതിനാലാണ് ഇത്. എന്നാല്‍ വ്യത്യസ്തമായ നിറത്തില്‍ രക്തമുള്ള അനേകം ജീവികളുണ്ട് ഈ ലോകത്ത്. ഇക്കൂട്ടത്തില്‍ വളരെ പ്രശസ്തമാണ് ന്യൂ ഗിനിയില്‍ കാണപ്പെടുന്ന അരണ വര്‍ഗത്തില്‍പ്പെട്ട പലതരം ജീവികള്‍. ഈ ഉഷ്ണമേഖലാ ഉരഗങ്ങള്‍ക്ക് എന്തിനാണ് പച്ച രക്തം എന്നതിനെക്കുറിച്ച് ഗവേഷകര്‍ക്ക് ഇപ്പോഴും വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഈ പ്രത്യേകതരം അരണകള്‍ക്ക് ഇളം പച്ച നിറത്തിലുള്ള രക്തമാണുള്ളത്. തന്മൂലം ഇവയുടെ നാക്കിലും പേശികളിലും അസ്ഥികളിലും പച്ചഛവി കലര്‍ന്നിട്ടുണ്ട്. മനുഷ്യരെപ്പോലെ തന്നെ ഈ ഉരഗങ്ങള്‍ക്കും ഹീമോഗ്ലോബിന്‍ ധാരാളമായി അടങ്ങിയ ചുവന്ന രക്താണുക്കളുണ്ട്. ഈ കോശങ്ങള്‍ക്ക് അധികം ആയുസ്സില്ല. നമ്മുടെയും ഈ ജീവികളുടെയും ശരീരത്തില്‍ ഇവ നശിക്കുമ്പോള്‍ ബിലിവെര്‍ഡിന്‍ എന്ന പച്ച നിറമുള്ള വിസര്‍ജ്യഘടകം സൃഷ്ടിക്കപ്പെടാറുണ്ട്.
മിക്ക നട്ടെല്ലുള്ള ജീവികളും ഈ പദാര്‍ഥത്തെ രക്തചംക്രമണ വ്യവസ്ഥയില്‍ നിന്ന് അരിച്ചുമാറ്റും. ബിലിവെര്‍ഡിന്റെ ഉയര്‍ന്ന അളവ് ജീവികളുടെ കോശങ്ങള്‍ക്കും നാഡികള്‍ക്കും ജനിതകവ്യവസ്ഥയ്ക്കും ഹാനികരമാണ്. എന്നാല്‍ ഈ അരണകളുടെ രക്തത്തില്‍ വളരെ ഉയര്‍ന്ന അളവില്‍ ബിലിവെര്‍ഡിന്‍ നിലനില്‍ക്കുന്നു. പച്ചനിറമാണു ബിലിവെര്‍ഡിന്. അരണകളുടെ ശരീരത്തിലുള്ള ഹീമോഗ്ലോബിന്റെ ചുവപ്പ് നിറത്തെ മറികടക്കാന്‍ തക്ക സാന്ദ്രതയില്‍ ബിലിവെര്‍ഡിന്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇവയുടെ രക്തം പച്ചയായി കാണപ്പെടുന്നത്.
പൊതുവെ ജീവികള്‍ക്കുള്ള ഇത്തരം ശാരീരിക സവിശേഷതകള്‍ അവര്‍ക്കെന്തെങ്കിലും നേട്ടമുണ്ടാക്കാറുണ്ട്. അതിജീവനത്തിനോ അല്ലെങ്കില്‍ വേട്ടയില്‍ സഹായിക്കാനോ അങ്ങനെ എന്തെങ്കിലും കാര്യത്തിനു സഹായകമായിരിക്കും ഈ സവിശേഷതകള്‍. എന്നാല്‍ ഈ അരണകള്‍ക്കു പച്ചരക്തം കൊണ്ടുള്ള നേട്ടമെന്തെന്നു കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവയെ ഭക്ഷിക്കുന്ന ഇരപിടിയന്മാര്‍ക്ക് ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നില്ല. സാധാരണ രക്തമുള്ള അരണകളെ അപേക്ഷിച്ച് മികച്ച രീതിയില്‍ ചുറ്റുപാടുകളുമായി ഇഴുകിച്ചേര്‍ന്ന് ശത്രുക്കളില്‍നിന്ന് രക്ഷപ്പെടാനും ഇവയ്ക്ക് കഴിവില്ല.