-->
തിരുവനന്തപുരം: അതിജീവിതക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം വേണ്ടെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് കുടിച്ചത്. കേസില്‍ ഇന്നലെ വഞ്ചിയൂര്‍ കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു. ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്. രാഹുലിന്റെ വിഡിയോകള്‍ പരിശോധിച്ച ശേഷമാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്.
കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ സ്വന്തം ഫെയ്‌സ്ബുക്ക്, യൂട്യൂബ് ചാനല്‍ വഴി അതിജീവിതയുടെ വ്യക്തിവിവരം പരസ്യപ്പെടുത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പ് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ അതിജീവിതയുടെ ഫോട്ടോ കണ്ടെത്തിയ തായാണ് വിവരം. പോലീസ് ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി അറിയിച്ചു. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്കു കൊണ്ടുപോയി. ജയിലില്‍ നിരാഹാരസമരം ഇരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
കണ്ടെടുത്ത ലാപ്‌ടോപ് വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിന് കൈമാറും. കേസിലെ അതിജീവിതയെ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. എറണാകുളം സൈബര്‍ പൊലീസാണ് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തത്. റസാഖ് പി എ, രാജു വിദ്യകുമാര്‍ എന്നിവര്‍ ക്കെതിരെയാണ് ഐടി ആക്ട് പ്രകാരം കേസ് എടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് കേസ്.