-->
ഇന്ത്യയിലെത്തിയ ഒരു യുഎസ് യാത്രികയുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യയിലുടനീളം യാത്ര ചെയ്ത ഈ യുഎസ് വനിത രാജ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെ ശക്തമായി എതിര്‍ക്കുന്നു. തനിക്ക് അമേരിക്കയില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ സന്തോഷവും സംതൃപ്തിയും ഇന്ത്യ നല്‍കിയെന്ന് അവര്‍ പറയുന്നു. ഇന്ത്യയെ കാണിക്കുന്ന വൈറല്‍ വീഡിയോകള്‍ എവിടെയാണെന്ന് സിയറ വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ ചോദിക്കുന്നു.
സമ്പന്നവും ആഴമേറിയതുമായ സംസ്‌കാരത്തിന്റെ വീഡിയോകള്‍, ദയാപൂര്‍വ്വം സ്വാഗതം ചെയ്യുന്ന മനുഷ്യര്‍. ഒന്നാംതരം മാളുകളും ഷോപ്പിംഗ് സെന്ററുകളും, വൃത്തിയുള്ളതും മനോഹരവുമായ നഗരങ്ങള്‍, കേരളത്തിലെ കായലുകളുടെ വീഡിയോകള്‍, ആധുനിക സാങ്കേതിക കേന്ദ്രമായ ബാംഗ്ലൂര്‍, ഉത്തരാഖണ്ഡിലെ ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രങ്ങള്‍... എന്നിവയുടെ വീഡിയോകള്‍ എവിടെയെന്നും ഇവര്‍ ചോദിക്കുന്നു.
സഞ്ചാരിയായ സിയറ ലിലിയന്‍, ഒരു ആധുനിക ഷോപ്പിംഗ് മാളിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പങ്കുവെച്ചത്. പല വിനോദ സഞ്ചാരികളും അപൂര്‍വ്വമായി മാത്രം കാണുന്ന ഇന്ത്യയുടെ മറ്റൊരു വശം അവര്‍ അതിലൂടെ കാണിച്ചുതന്നു. സുഖസൗകര്യവും, സാംസ്‌കാരിക സമ്പന്നതയും, താങ്ങാനാവുന്ന വിലയുമെല്ലാം ചേര്‍ന്ന ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം. ദൃശ്യങ്ങളില്‍ സിയറ, എച്ച്&എം, ബര്‍ക്കന്‍സ്‌റ്റോക്ക്‌സ്, അഡിഡാസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഒരു ഫുള്‍ബോഡി മസാജിന് വെറും നാല് യുഎസ് ഡോളര്‍ മാത്രമാണ് ചെലവെന്നും അവര്‍ എടുത്ത് പറയുന്നു.
പല പാശ്ചാത്യ രാജ്യങ്ങളിലെയും ചെലവിന്റെ ഒരു അംശം മതി ഇവിടെ ആഢംബരവും സൗകര്യവും ലഭ്യമാകാനെന്നും അവര്‍ നിരീക്ഷിക്കുന്നു. സഞ്ചാരികള്‍ എന്ന നിലയില്‍, രാജ്യത്തിന്റെ മോശം ഭാഗങ്ങള്‍ മാത്രമല്ല, അതിശയകരവുമായ ഭാഗങ്ങളും കാണിക്കണം. മോശം ഭാഗങ്ങള്‍ പങ്കിടാം പക്ഷേ, അത് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നെന്ന് അവകാശപ്പെടരുതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലും സിയറയുടെ ഈ നിരീക്ഷണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുകയും വ്യാപക ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. കമന്റുകളില്‍ പലരും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ സത്യസന്ധവും വിശാലവുമായ കാഴ്ചപ്പാടിനെ അഭിനന്ദിച്ചു.