-->
എല്ലാക്കൊല്ലവും ജനുവരിയില്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കുമെല്ലാം വില കൂടുന്നൊരു (Price Hike) സാഹചര്യം പലപ്പോഴും ഉണ്ട്. നിര്‍മാണ ചെലവിലുണ്ടാവുന്ന വര്‍ധനവ് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് വാഹന നിര്‍മാതാക്കള്‍ ഇത്തരത്തില്‍ വില വര്‍ധനവ് നടപ്പിലാക്കാറുള്ളത്. എന്നാല്‍ രാജ്യത്തെ മുന്‍നിര ബ്രാന്‍ഡായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra And Mahindra) ഇത്തവണ ചിലപ്പോള്‍ ഇതില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സാധ്യത. നിര്‍മാണ ചെലവില്‍, പ്രത്യേകിച്ച് അസംസ്‌കൃത വസ്തുക്കളില്‍ വ്യക്തവും ഗണ്യമായതുമായ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ 2026 ജനുവരി മുതല്‍ വാഹന വില വര്‍ധിപ്പിക്കില്ലെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സൂചിപ്പിച്ചതായി പ്രഖുഖ മാധ്യമ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സമീപകാല നികുതി പരിഷ്‌ക്കരണങ്ങളുമായി പൊരുത്തപ്പെടാന്‍ കമ്പനി ഉദ്ദേശിക്കുന്നതായി കമ്പനിയുടെ ഓട്ടോ, കാര്‍ഷിക മേഖലകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരിക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടര്‍ന്നുള്ള വിശാലമായ നയ പരിതസ്ഥിതിയെക്കുറിച്ച് മഹീന്ദ്രയ്ക്ക് ബോധമുണ്ടെന്ന് ജെജൂരിക്കര്‍ കൂട്ടിച്ചേര്‍ത്തു. വില ഉയര്‍ത്തുക എന്ന ലാഭകരമായ ലക്ഷ്യം മുന്‍നിര്‍ത്തി ഈ നീക്കത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ഞങ്ങള്‍ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലായാലും നിര്‍മാണ ചെലവില്‍ വളരെ പ്രകടവും സ്പഷ്ടവുമായ ഉയര്‍ച്ച ഉണ്ടായാല്‍ മാത്രമേ മഹീന്ദ്ര മോഡലുകള്‍ക്കായുള്ള വിലകള്‍ ഉയര്‍ത്തുകയുള്ളൂവെന്നും ജെജുരിക്കര്‍ പറഞ്ഞു.
നിലവില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കൂടി പ്രത്യേക ശ്രദ്ധ കൊടുക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇക്കഴിഞ്ഞ ദിവസം XEV 9S എന്ന പുതിയ 7-സീറ്റര്‍ മോഡലിനെ അവതരിപ്പിച്ചിരുന്നു. BE 6, XEV 9e എന്നിവയ്ക്ക് ശേഷം ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിക്കുന്ന ബ്രാന്‍ഡിന്റെ മൂന്നാമത്തെ ഇവിയാണിത്. 19.95 ലക്ഷം രൂപ മുതല്‍ 29.45 ലക്ഷം രൂപ വരെയാണ് ഈ പുതുപുത്തന്‍ മൂന്നുവരി വൈദ്യുത കാറിനായി ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.