-->
ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി (Ducati) അടുത്തിടെ മള്‍ട്ടസ്ട്രാഡ, പാനിഗാലെ എന്നിവയുടെ പുതിയ 2025 മോഡലുകള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ കമ്പനി സ്ട്രീറ്റ്‌ഫൈറ്റര്‍ V2 നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ പുത്തന്‍ പതിപ്പിനെയും ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ്, V2 S എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വരുന്ന ബൈക്കിന് യഥാക്രമം 17,50,200 രൂപയും 19,48,900 രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
പാനിഗാലെ V2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു മിഡ്-കപ്പാസിറ്റി സ്പോര്‍ട് നേക്കഡ് ഫൈറ്റര്‍ മോട്ടോര്‍സൈക്കിളാണിത്. ഇന്ത്യയില്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ V2 ഡ്യുക്കാട്ടി റെഡ് കളര്‍ ഓപ്ഷനില്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. സ്റ്റാന്‍ഡേര്‍ഡ് V2 പതിപ്പിന് മുന്നില്‍ മാര്‍സോച്ചിയില്‍ നിന്നും പിന്നില്‍ കയാബയില്‍ നിന്നുമുള്ള പൂര്‍ണമായി ക്രമീകരിക്കാവുന്ന സസ്പെന്‍ഷനാണ് ഇറ്റാലിയന്‍ ബ്രാന്‍ഡ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം സ്ട്രീറ്റ്‌ഫൈറ്റര്‍ V2 S വേരിയന്റില്‍ രണ്ട് അറ്റത്തും ഓഹ്ലിന്‍സില്‍ നിന്നുള്ള ഫുള്ളി അഡ്ജസ്റ്റബിള്‍ സസ്‌പെഷനുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ട്രീറ്റ്‌ഫൈറ്റര്‍ V2 S സാധാരണ ബാറ്ററി മാറ്റി ലിഥിയം-അയണ്‍ യൂണിറ്റ് ഉപയോഗിച്ച് ഭാരം കുറച്ചിട്ടുണ്ട്. 175 കിലോഗ്രാം ഭാരമാണ് ഇതിന് വരുന്നതെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 178 കിലോഗ്രാം ഭാരമാണുള്ളതെന്ന് ഡ്യുക്കാട്ടി പറയുന്നു. രണ്ട് പതിപ്പുകളിലും ഒരേ കാസ്റ്റ്, Y ആകൃതിയിലുള്ള 6 സ്പോക്ക് അലോയ് വീലുകള്‍, 120/70 ഫ്രണ്ട്, 190/55 റിയര്‍ സൈസുകളില്‍ പിരെലി ഡയാബ്ലോ റോസോ IV ടയറുകള്‍, സാക്സ് സ്റ്റിയറിംഗ് ഡാംപര്‍ എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഡ്യുക്കാട്ടി ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും ഭാരം കുറഞ്ഞ ട്വിന്‍ സിലിണ്ടര്‍ 890 സിസി, 90-ഡിഗ്രി V2 എഞ്ചിനാണ് പുതിയ 2025 മോഡല്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ V2 സൂപ്പര്‍ബൈക്കിന്റെ ഹൃദയം. ഇതിന് 10,750 ആര്‍പിഎമ്മില്‍ 119 bhp പവറും 8,250 ആര്‍പിഎമ്മില്‍ 93.3 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാനാവും. ക്വിക്ക് ഷിഫ്റ്റ് 2.0 സിസ്റ്റവും പ്രോഗ്രസീവ് ഹൈഡ്രോളിക് കണ്‍ട്രോളുള്ള ഓയില്‍-ബാത്ത് സ്ലിപ്പര്‍ ക്ലച്ചുമുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
റൈഡര്‍ എയ്ഡുകള്‍ക്കായി മോട്ടോര്‍സൈക്കിളില്‍ സിക്സ്-ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റാണ് ഡ്യുക്കാട്ടി ഉപയോഗിക്കുന്നത്. ബ്രേക്കിംഗ് കാര്യക്ഷമാക്കുവാനായി 'സ്ലൈഡ് ബൈ ബ്രേക്ക്' ഫംഗ്ഷനോടു കൂടിയ കോര്‍ണറിംഗ് എബിഎസ്, ഗ്രിപ്പ് മാനേജ്‌മെന്റിനായി ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍, ക്ലോസ്ഡ് ത്രോട്ടില്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളെല്ലാം 2025 സ്ട്രീറ്റ്‌ഫൈറ്റര്‍ V2 സൂപ്പര്‍ബൈക്കില്‍ കൊടുത്തിട്ടുണ്ട്. റേസ്, സ്‌പോര്‍ട്, റോഡ്, വെറ്റ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും മോട്ടോര്‍സൈക്കിളിലുണ്ട്.