-->
അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റുമുള്ള ദക്ഷിണ സമുദ്രത്തില്‍ കാണപ്പെടുന്ന അത്ഭുത മത്സ്യമാണ് അന്റാര്‍ട്ടിക് ഐസ്ഫിഷ്. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള ശേഷിയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകിതകളില്‍ ഒന്ന്. മറ്റ് മത്സ്യങ്ങള്‍ നശിക്കുന്ന മൈനസ് 1.8 മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള വെള്ളത്തിലാണ് ഇവ താമസിക്കുന്നത്. ഐസ്ഫിഷുകളുടെ ഏറ്റവും അസാധാരണ സവിശേഷത രക്തത്തില്‍ ഹീമോഗ്ലോബിന്‍ ഇല്ലെന്നതാണ്. മിക്ക ജീവികളുടെയും രക്തത്തിന് ചുവപ്പുനിറം നല്‍കുന്നതും ഓക്‌സിജന്‍ വഹിക്കുന്നതും ഈ തന്മാത്രയാണ്.
ഹീമോഗ്ലോബിന്‍ ഇല്ലാത്തതിനാല്‍ ഐസ്ഫിഷുകളുടെ രക്തം സുതാര്യമാണ്, അല്‍പം കലങ്ങിയ വെള്ളംപോലെ നിറം. കശേരുക്കളുള്ള ജീവികളില്‍ ഹീമോഗ്ലോബിന്‍ രക്തത്തിലില്ലാത്ത ഒരേയൊരു വിഭാഗം ഐസ്ഫിഷുകളാണ്. ഓക്‌സിജന്‍ സമ്പുഷ്ടമായ ദക്ഷിണ സമുദ്രത്തിലെ ജലത്തില്‍നിന്ന് നേരിട്ട് ഓക്‌സിജന്‍ സ്വീകരിച്ചാണ് ഇവ കഴിയുന്നത്. രക്തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷി കുറവാണെങ്കിലും, കൂടിയ അളവിലുള്ള രക്തവും വേഗത്തിലുള്ള രക്തചംക്രമണവും വഴി കലകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ഈ മത്സ്യങ്ങള്‍ക്ക് സാധിക്കും.
200 മീറ്ററിനും 1000 മീറ്ററിനുമിടയില്‍ ആഴമുള്ള തണുത്ത കടലിലാണ് ഇവയുടെ താമസം. രക്തത്തില്‍ പ്രത്യേകതരം ആന്റിഫ്രീസ് ഗ്ലൈക്കോപ്രോട്ടീനുകള്‍ വികസിപ്പിച്ചെടുത്താണ് ഐസ്ഫിഷുകള്‍ കഠിനസാഹചര്യം അതിജീവിക്കുന്നത്. ഈ പ്രോട്ടീനുകള്‍ കോശങ്ങള്‍ക്കുള്ളില്‍ ഐസ് പരലുകള്‍ രൂപപ്പെടുന്നത് തടയും. ഇതിനാല്‍ പൂജ്യത്തിനുതാഴെ താപനിലയുള്ള വെള്ളത്തിലും ഇവയ്ക്ക് പെരുകാനാകും. ചെറുപ്രായത്തില്‍ ക്രില്‍, മത്സ്യ ലാര്‍വകള്‍ എന്നിവയെയും പ്രായപൂര്‍ത്തിയാകുമ്പോള്‍ ആല്‍ഗ, ചെറുമത്സ്യങ്ങള്‍ എന്നിവയെയും ഇവ ആഹാരമാക്കുന്നു. കൂട്ടമായി സഞ്ചരിക്കുന്ന മത്സ്യങ്ങളാണ് ഐസ്ഫിഷുകള്‍. വെഡല്‍ കടല്‍, അന്റാര്‍ട്ടിക് ഉപദ്വീപ് എന്നിവിടങ്ങളില്‍ ഐസ്ഫിഷുകളുടെ പ്രജനനകേന്ദ്രങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഇവയെക്കുറിച്ച് ധാരാളം പഠനങ്ങളും നടന്നു.
മാത്രമല്ല കാഴ്ചശക്തിയില്‍ ഐസ്ഫിഷുകള്‍ക്ക് പരിണാമപരമായ അനുകൂല്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അവയുടെ കണ്ണുകളിലെ റെഡോപ്‌സിന്‍ പിഗ്മെന്റുകളില്‍ വന്ന ജനിതകമാറ്റങ്ങള്‍, മഞ്ഞുമൂടിയ കടലിനടിയില്‍ ചുവപ്പുപ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും വ്യക്തമായി കാണാന്‍ സഹായിക്കുന്നു. ഈ മാറ്റങ്ങള്‍ കൊടുംതണുപ്പിലും അവയുടെ പ്രവര്‍ത്തനക്ഷമത കൂട്ടും. ഭൂമിയിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളിലൊന്നില്‍ അതിജീവിക്കാന്‍ പരിണാമം വഴി സാധിച്ചതിന്റെ മികച്ച ഉദാഹരണമാണ് അന്റാര്‍ട്ടിക് ഐസ്ഫിഷ്.