-->
റാഞ്ചി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ സൂപ്പർ താരം വിരാട് കോലിക്കു സെഞ്ചറി. ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡാണ് കോഹ്‍ലി സ്വന്തമാക്കിയത്. മൂന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയ കോലി, 102–ാം പന്തിൽ, ബൗണ്ടറി പായിച്ചാണ് സെഞ്ചറി തികച്ചത്. രാജ്യാന്തര കരിയറിലെ 83–ാം സെഞ്ചറിയാണ് കോലി ഇന്നു നേടിയത്. ടെസ്റ്റിൽ കോലിക്ക് 30 സെഞ്ചറിയുണ്ട്. ട്വന്റി20യിൽ ഒരു സെഞ്ചറിയും.
ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ നേടിയ 51 സെഞ്ച്വറിയെന്ന നേട്ടമായിരുന്നു ഇതുവരെ ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ ഒരു താരത്തിന്റെ പേരിൽ കുറിയ്ക്കപ്പെട്ട ഉയർന്ന സെഞ്ച്വറി നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 120 പന്തിൽ 11 ഫോറും ഏഴ് സിക്സറും സഹിതം 135 റൺസുമായാണ് വിരാട് കോഹ്‍ലി പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ക്രിക്കറ്റിൽ കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും കോഹ്‍ലി സ്വന്തമാക്കി. ആറ് സെഞ്ച്വറികളാണ് കോഹ്‍ലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്.
അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ ടോട്ടൽ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. വിരാട് കോഹ്‍ലിയുടെ സെഞ്ച്വറിയും രോഹിത് ശർമയുടെയും ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.