-->
ഹാച്ച്ബാക്കുകള്‍ മുതല്‍ പ്രീമിയം എസ്യുവികള്‍ വരെയുള്ള എല്ലാ സെഗ്മെന്റുകളിലും തങ്ങുടെതായ സ്ഥാനം ഉറപ്പിച്ച ഒരു ബ്രാന്‍ഡാണ് ഹ്യുണ്ടായി. പുതിയ മോഡല്‍ പുറത്തിറക്കുന്നതിന്റെ ഒരുക്കത്തിലാണ് കമ്പനി. ചെന്നൈയിലെ ശ്രീപെരുമ്പുത്തൂര്‍ പ്ലാന്റിന് സമീപം പരീക്ഷണ ഓട്ടം നടത്തിയ കാറിന്റെ സ്‌പൈ ചിത്രങ്ങളാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ക്യാമറ കണ്ണില്‍ കുടുങ്ങിയ പുതിയ എസ്യുവി അടുത്ത വലിയ ലോഞ്ചിനുള്ള സൂചനകളാണ് നല്‍കുന്നത്.
ഇപ്പോള്‍ ലഭ്യമായത് വെറും ചില സ്‌പൈ ദൃശ്യങ്ങള്‍ മാത്രമാണ്. അതിനാല്‍ ഡിസൈനുകളേയും മറ്റ് ഇന്റീരിയറും സാങ്കോതികവിദ്യകളേയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും കാറിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ചുറ്റുമുള്ള ശക്തമായ വീല്‍ ആര്‍ച്ചുകള്‍, ബോക്‌സിയായ ബോഡി രൂപം, കട്ടിയുള്ള സ്റ്റാന്‍സ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഇത് എക്സ്റ്റര്‍ ഫെയ്സ്ലിഫ്റ്റ് ആണോ എന്നുള്ള ഊഹാപോഹങ്ങളും പുറത്ത് വരുന്നുണ്ട്.
സാധാരണ ഫെയ്സ്ലിഫ്റ്റ് മോഡലുകളില്‍ ചെയ്യുന്നതുപോലെ ഈ എസ്യുവിയിലും കൂടുതല്‍ പ്രീമിയവും ആധുനികവും പുതുതലമുറയെ ആകര്‍ഷിക്കുന്നതുമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകളുണ്ട്. നിലവിലുള്ള എക്സ്റ്ററിനെ അപേക്ഷിച്ച് വലിയതും മികച്ചതുമായ അപ്‌ഡേറ്റഡ് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്സ്‌ക്രീന്‍ നല്‍കിയേക്കും. അതിനോടൊപ്പം പുതുതലമുറ ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും ഇന്റീരിയറിലെ സോഫ്റ്റ്-ടച്ച് ഡാഷ്‌ബോര്‍ഡ് മെറ്റീരിയലുകളും, മെച്ചപ്പെടുത്തിയ സീറ്റുകളും, ആംബിയന്റ് ലൈറ്റിംഗും, സെന്റര്‍ കണ്‍സോള്‍ ലേഔട്ടും ഉള്‍പ്പെടുത്തും.
ഇതിന് പുറമെ നിലവിലുള്ള 1.2-ലിറ്റര്‍ പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ എന്നീ ഓപ്ഷനുകള്‍ തുടരുമെന്ന് കരുതപ്പെടുന്നു. പെട്രോള്‍ എഞ്ചിന്‍ പരമാവധി 83 bhp പവറും 113.8 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും AMT ട്രാന്‍സ്മിഷനോട് കൂടിയും ലഭിക്കുന്നതാണ്. മാത്രവുമല്ല 19.4 കിലോമീറ്റര്‍ മൈലേജും നല്‍കുന്നുണ്ട്. സിഎന്‍ജി എഞ്ചിനില്‍ ഏകദേശം 69 bhp പവറും 27.1 കിലോമീറ്റര്‍ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.