-->
തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപുകളില്‍ കാണപ്പെടുന്ന കുഞ്ഞന്‍ ജീവികളാണ് ടാര്‍സിയര്‍. മനുഷ്യരും കുരങ്ങുകളും ആള്‍ക്കുരങ്ങുകളുമൊക്കെയടങ്ങിയ െ്രെപമേറ്റ് കുടുംബത്തില്‍പെട്ടതാണ് ടാര്‍സിയര്‍. അസാധാരണമായ ശാരീരിക സവിശേഷതകള്‍കൊണ്ടും തനതായ അതിജീവനരീതികള്‍കൊണ്ടും ഇവ ശ്രദ്ധേയമാണ്. 80 മുതല്‍ 150 ഗ്രാം വരെയാണ് ഭാരം. ചാരനിറം, തവിട്ടുനിറം എന്നിങ്ങനെ പല നിറങ്ങളില്‍ കാണുന്ന മൃദുവായ രോമം മരത്തൊലികള്‍ക്കും ഇലകള്‍ക്കുമിടയില്‍ ടാര്‍സിയറുകള്‍ക്ക് മികച്ച സംരക്ഷണം നല്‍കുന്നു.
ശരീരവലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ സസ്തനികളില്‍ ഏറ്റവും വലിയ കണ്ണുകളാണ് ഇവയ്ക്ക്. ടാര്‍സിയറുകളുടെ ഏറ്റവും വ്യത്യസ്തമായ സവിശേഷതയും ഇതു തന്നെ. 16 മില്ലിമീറ്റര്‍ വ്യാസമുള്ള ഈ കണ്ണുകള്‍ രാത്രിയിലും പുലര്‍കാലത്തും വേട്ടയാടുന്നതിന് ആവശ്യമായ മികച്ച കാഴ്ചശക്തി ടാര്‍സിയറുകള്‍ക്ക് നല്‍കുന്നു. െ്രപമേറ്റുകള്‍ക്കിടയില്‍, പൂര്‍ണമായും മാംസാഹാരിയായ ഏക ജീവിവര്‍ഗമാണ് ടാര്‍സിയറുകള്‍. വണ്ടുകള്‍, ചിലന്തികള്‍, പുല്‍ച്ചാടികള്‍ തുടങ്ങിയ പ്രാണികളാണ് പ്രധാന ഭക്ഷണമെങ്കിലും പല്ലി, തവള, ചെറിയ പക്ഷികള്‍, വിഷപ്പാമ്പുകള്‍ തുടങ്ങിയവയെയും ഈ ജീവികള്‍ ഇരയാക്കും. മരത്തടികളിലും ശിഖരങ്ങളിലും കുത്തനെ പറ്റിപ്പിടിച്ചിരുന്ന് ഇരയെ പതിയിരുന്ന് ആക്രമിക്കുന്നതില്‍ വിരുതരാണ്. സൂക്ഷ്മമായ കേള്‍വിശക്തിയും കാഴ്ചശക്തിയും ഇരയെ കണ്ടെത്താന്‍ സഹായിക്കുന്നു. ഇരയെ കണ്ടുകഴിഞ്ഞാല്‍ അതിവേഗം കുതിച്ചുചാടി ശക്തമായ താടിയെല്ലുകളും മൂര്‍ച്ചയുള്ള പല്ലുകളും ഉപയോഗിച്ച് പിടികൂടുന്നു.
അഞ്ച് മീറ്റര്‍ വരെ ദൂരം ചാടാനുള്ള ഇവയുടെ കഴിവ് അതിശയകരമാണ്. ശരീരഭാരത്തിന്റെ നാലിലൊന്ന് വരുന്ന ശക്തമായ കാല്‍പേശികളും നീളമേറിയ കണങ്കാലിലെ എല്ലുകളുമാണ് ഈ ചാട്ടത്തിന് സഹായിക്കുന്നത്. ഇടതൂര്‍ന്ന ഉഷ്ണമേഖലാ വനങ്ങളിലെ മരങ്ങള്‍ക്കിടയിലൂടെ അതിവേഗം സഞ്ചരിക്കാന്‍ ഈ കഴിവ് ടാര്‍സിയറുകളെ സഹായിക്കുന്നു. ഇതിനുപുറമെ, ശരീരം അനങ്ങാതെ ചുറ്റുപാടുകള്‍ നിരീക്ഷിക്കാന്‍ കഴിയുംവിധം കഴുത്ത് ഇരുവശത്തേക്കും ഏകദേശം 180 ഡിഗ്രി വരെ തിരിക്കാനും ഈ ജീവികള്‍ക്ക് സാധിക്കും. സ്വഭാവത്തില്‍ നാണക്കാരായ ടാര്‍സിയറുകള്‍ തങ്ങളുടെ വാസസ്ഥലം അതിരിട്ടു സൂക്ഷിക്കുന്നവരാണ്. ടാര്‍സിയറുകളുടെ സംരക്ഷണത്തിന് അതീവ പ്രാധാന്യമുണ്ട്. ഫിലിപ്പീന്‍സ്, ബോര്‍ണിയോ, സുലവേസി തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപുകളിലെ വനപ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. അതിജീവനത്തിന് ഇടതൂര്‍ന്നതും ശല്യപ്പെടുത്തലുകളില്ലാത്തതുമായ വനങ്ങള്‍ ഇവയ്ക്ക് അത്യാവശ്യമാണ്.