Thursday, March 12, 2026 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 09.19 AM

400 വര്‍ഷമായി മരുഭൂമിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു വന്‍ മരം: അതിജീവനത്തിന്റെ രഹസ്യം ഇന്നും കണ്ടെത്താനാകാതെ ശാസ്ത്രലോകം

baharain, tree

വ്യത്യസ്തവും വിചിത്രവുമായ അനേകം മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചുമൊക്കെ നാം കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ബഹ്‌റൈനിലെ വരണ്ട് സഖീര്‍ മരുഭൂമിക്ക് നടുവില്‍ 400 വര്‍ഷത്തിലേറെയായി ഒറ്റയ്ക്ക് നില്‍ക്കുന്ന മരമാണ് ' ശജറത്ത് അല്‍ ഹയാത്ത്'. ജീവന്റെ മരം എന്നാര്‍ത്ഥമുള്ള പേരുള്ള ഈ മരം പ്രാസോപിസ് സിനറേറിയ ഇനത്തില്‍പ്പെട്ടതാണ്. ഏകദേശം 9-10 മീറ്റര്‍ ഉയരമുള്ള ഈ മരം ശുദ്ധജല സ്രോതസ്സുകള്‍ സമീപത്തില്ലാത്ത ഒരു ചെറിയ മണല്‍ക്കുന്നിന് മുകളിലാണ് വളരുന്നത്. ചുറ്റും പച്ചപ്പൊന്നും തന്നെയില്ല. ഈ മരത്തിന്റെ അതിജീവനം ശാസ്ത്രത്തിന് അജ്ഞമാണ്. കഠിനമായ കാലാവസ്ഥയിലും നൂറ്റാണ്ടുകളുടെ പഴക്കവും ഒറ്റപ്പെട്ട നിലനില്‍പ്പും സമൃദ്ധമായ ഇലച്ചാര്‍ത്തും ഈ മരത്തെ ബഹ്‌റൈനിലെ ഏറ്റവും പ്രശസ്തമായ പ്രകൃതിദത്ത ആകര്‍ഷണങ്ങളിലൊന്നാക്കുന്നു. അനേകം സന്ദര്‍ശകര്‍ ഈ മരം കാണാനായി സഖീര്‍ മരുഭൂമിയില്‍ എത്താറുണ്ട്.

എങ്ങനെയായിരിക്കും ഈ മരം നിലനില്‍ക്കുന്നത്. ഇന്നും ഗവേഷകര്‍ക്കതൊരു പിടികിട്ടാ സമസ്യയാണ്. വിശാലമായ വേരുപടലങ്ങളിലൂടെ ഭൂമിക്കുള്ളില്‍ ആഴത്തിലുള്ള ജലസ്രോതസ്സില്‍നിന്ന് ജലം കണ്ടെത്തുന്നെന്നാണ് പ്രബലമായ ഒരു വിശ്വാസം. ഈ മരത്തിന്റെ വേരുകള്‍ 50 മീറ്റര്‍ ആഴത്തില്‍ വരെ പോയിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. മരുഭൂമിയില്‍ പെയ്യുന്ന തുച്ഛമായ മഴയില്‍നിന്നും മണലിലെ ഈര്‍പ്പത്തില്‍നിന്നും ജലം വലിച്ചെടുക്കാന്‍ ഈ മരം പ്രാപ്തി നേടിയിരിക്കാമെന്നും ചില ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.എന്നാല്‍, ഈ വിഷയത്തില്‍ കൃത്യമായ ഒരു വിശദീകരണം നിലവിലില്ല. ഈ അനിശ്ചിതത്വം പല ഐതിഹ്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.

മരത്തിന് ചുറ്റും നടത്തിയ പുരാവസ്തു ഗവേഷണങ്ങളില്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും പുരാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശം ഒരുകാലത്ത് സജീവമായ മനുഷ്യവാസത്തിന് സാക്ഷ്യം വഹിച്ചിരുന്നു എന്നതിന്റെ സൂചനയാണിത്. ബഹ്‌റൈന്‍ തലസ്ഥാനം മനാമയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് ഈ മരത്തിന്റെ സ്ഥാനം. ബഹ്‌റൈനിലെ ഏറ്റവുമുയര്‍ന്ന ഭൂമേഖലയായ ജെബെല്‍ ദുഖാന്‍ ഈ മരത്തിന് 6 കിലോമീറ്റര്‍ അകലെയാണ്. മഴപ്പെയ്ത്ത് വളരെക്കുറവുള്ള രാജ്യമാണ് ബഹ്‌റൈന്‍. പ്രോസോപിസ് സിനറേറിയ മരങ്ങള്‍ പേര്‍ഷ്യന്‍ മെസ്‌ക്വിറ്റ്, ഖെജ്‌റി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. പുഷ്പിക്കുന്ന മരങ്ങളില്‍ പെട്ടതാണ് ഇവ.പടിഞ്ഞാറന്‍ ഏഷ്യയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഇവ കാണാം. രാജസ്ഥാന്റെ ഔദ്യോഗിക സംസ്ഥാനമരവുമാണ് ഇത്.

Ads by Google
Saturday 29 Nov 2025 09.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW