Thursday, March 12, 2026 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 02.57 PM

കുറ്റം തെളിയിക്കാന്‍ കുറ്റാരോപിതനെ കുരു തീറ്റിക്കുന്ന വിചിത്ര ആചാരം: ഒതള മരത്തിനുമുണ്ട് ഒരു ക്രൂര ചരിത്രം

cerbera, odollam, history+

നമുക്കെല്ലാം പരിചിതമായ മരമാണ് ഒതളമരം. ചാവുമരം, പോപോങ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. അപ്പോസൈനേസി സസ്യകുടുംബത്തില്‍പ്പെട്ട ഒതളമരത്തിനു പിന്നില്‍ ക്രൂരതയുടെ വലിയ ചരിത്രം മറഞ്ഞുകിടക്കുന്നുണ്ട്. സെര്‍ബെറ ഒഡോളം കുപ്രസിദ്ധി നേടിയത് മഡഗാസ്‌കറില്‍ നടന്ന ക്രൂരമായ കുറ്റവിചാരണകളിലൂടെയാണ്. കുറ്റാരോപിതനായ വ്യക്തിയെ ഇതിന്റെ കുരു കഴിപ്പിക്കുകയായിരുന്നു ഇവിടത്തെ രീതി. ജീവന്‍ രക്ഷപ്പെട്ടാല്‍ നിരപരാധിയായും മരിച്ചാല്‍ കുറ്റവാളിയായും കണക്കാക്കി.

18, 19 നൂറ്റാണ്ടുകളില്‍ മഡഗാസ്‌കറില്‍ ഈ ദുരാചാരത്തിലൂടെ വര്‍ഷംതോറും ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് നിര്‍ത്തലാക്കിയത്. ഒതളമരത്തിന്റെ കുരുവില്‍ അടങ്ങിയിരിക്കുന്ന സെര്‍ബെറിന്‍ എന്ന വീര്യംകൂടിയ വിഷമാണ് പ്രധാന വില്ലന്‍. ഹൃദയതാളം മാരകമായി തെറ്റിക്കാന്‍ കഴിവുള്ളതാണ് ഈ വിഷം. ഒരൊറ്റക്കുരു അകത്തുചെന്നാല്‍ പോലും മാരകഫലമുണ്ടാകും.ഇത് ഹൃദയമിടിപ്പ് അപകടകരമായി കുറയുക, ഹൃദയതരംഗങ്ങളിലെ താളപ്പിഴ, വായ്ക്കുള്ളില്‍ ചുട്ടുനീറ്റല്‍, ഓക്കാനം, ഛര്‍ദി, ക്രമരഹിത ശ്വാസമെടുപ്പ്, തലവേദന എന്നിവയുണ്ടാക്കാം. ഇവ പിന്നീട് കോമ, മരണം തുടങ്ങിയവയിലേക്കും നയിക്കാം.

തെക്കനേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, പസിഫിക് ദ്വീപുകള്‍, വടക്കന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമാണ് ഈ മരം സ്വാഭാവികമായി വളരുന്നത്. മണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളിലും നദീതീരങ്ങളിലും കണ്ടല്‍ക്കാടുകളുടെ ഓരങ്ങളിലും ഇവ കാണാം. ഏകദേശം 10-12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒതളത്തിന് തിളങ്ങുന്ന ഇലകളും, നടുവില്‍ മഞ്ഞനിറമുള്ള വെളുത്ത പൂക്കളുമാണുള്ളത്. അപ്പോസൈനേസി കുടുംബത്തിലെ മറ്റുചെടികളെപ്പോലെ വെളുത്തകറ ഇതിന്റെ സ്വഭാവമാണ്.

കായകള്‍ കാഴ്ചയില്‍ അരളിപ്പഴത്തോട് സാമ്യമുള്ളവയാണ്. പച്ചനിറത്തില്‍ കാണുന്ന കായ് പഴുക്കുമ്പോള്‍ ചുവപ്പാകും. നാരുകളുള്ള പുറംതോടിനകത്ത് കട്ടിയുള്ള ഒരു പരിപ്പുണ്ടാകും. ഈ പരിപ്പിനുള്ളിലാണ് അതീവ വിഷമുള്ള 2 വിത്തുകള്‍. പുറത്തെടുത്ത് കാറ്റുകൊള്ളിക്കുമ്പോള്‍ ഈ പരിപ്പിന്റെ നിറം വെള്ളയില്‍നിന്ന് വയലറ്റായും പിന്നീട് കടും തവിട്ടുനിറമോ കറുപ്പോ ആയും മാറും. ആത്മഹത്യയ്ക്കും കൊലപാതകത്തിനും ഇതിന്റെ കുരു വ്യാപകമായി ഉപയോഗിച്ചിരുന്നു. കേരളത്തില്‍ പോലും ഒതളങ്ങ കഴിച്ചുള്ള മരണങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Ads by Google
Friday 28 Nov 2025 02.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW