-->
സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് രാജലക്ഷ്മി. ഇടയ്ക്ക് അമ്മയ്‌ക്കൊപ്പം പാട്ട് പാടുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. അമ്മ എത്ര ഭംഗിയായി പാടുന്നു എന്നായിരുന്നു വീഡിയോ കണ്ടവരെല്ലാം പറഞ്ഞത്. അമ്മയിലൂടെയാണ് എനിക്ക് സംഗീതം കിട്ടിയത്. പാട്ടുകാരിയാവണമെന്ന് ആഗ്രഹിച്ച ആളായിരുന്നു അമ്മ.
അന്നത്തെ സാഹചര്യത്തില്‍ അത് നടക്കാതെ പോയി. കുഞ്ഞായിരുന്നപ്പോള്‍ അമ്മ പാടുന്നത് കേട്ട് മൂളിത്തുടങ്ങിയതാണ്. അങ്ങനെയാണ് എനിക്ക് പാടാനുള്ള കഴിവുണ്ടെന്ന് അമ്മ മനസിലാക്കുന്നത്. പിന്നീടാണ് സംഗീതം പഠിപ്പിക്കുന്നത്. മത്സരങ്ങളിലെല്ലാം പങ്കെടുപ്പിക്കുമായിരുന്നു. പിന്നീട് ഗാനമേളകളിലും സജീവമായി എന്നും അവര്‍ പറഞ്ഞിരുന്നു. അടുത്തിടെയായി താന്‍ അത്ര സജീവമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
‘കുറേ ദിവസങ്ങളായി ഞാൻ ഇതിലേ വന്നിട്ട്. ജീവിതത്തിൽ ചില ബ്രേക്കുകൾ അനിവാര്യമാണല്ലേ. ഒക്ടോബർ മാസത്തിൽ തുടങ്ങിയ ചുമ അങ്ങനെ നീണ്ടു നിന്നു. പെട്ടെന്ന് ഫലം ലഭിക്കുന്ന മരുന്നുകൾ പലതും കഴിച്ചു പരിപാടികൾക്കും റെക്കോർഡിങ്ങിനും ഒക്കെ പാടി. ഉള്ളിലെ അസുഖം പൂർണ്ണമായും ഭേദമായിട്ടില്ലന്നെനിക്കറിയാമെങ്കിലും റെസ്റ്റ് ഇല്ലാതെ പരിപാടികളായിട്ടും ഉദ്ഘാടനങ്ങളായിട്ടും സംഗീത ക്ലാസ്സുകളായിട്ടും നിരങ്ങി നീങ്ങി എന്ന് വേണം പറയാൻ. അങ്ങനെ രണ്ടാഴ്ച മുമ്പ് കടുത്ത പനിയും ശ്വാസംമുട്ടലും തുടങ്ങി.
"എഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി"എന്ന് പറഞ്ഞതുപോലെ കിടപ്പിലായി. ഡോക്ടർ അഡ്മിറ്റ് ആകാൻ എഴുതി. വീട്ടിലെ കാര്യങ്ങളും, എന്റെ ഇഞ്ചക്ഷന്റെ പേടിയും കാരണം ഞാൻ ഡോക്ടറോട് ഒന്നു റിക്വസ്റ്റ് ചെയ്തു. എനിക്കൊരു ഒരു കോഴ്സ് ആന്റിബയോട്ടിക് കൂടി തരാമോ കുറവില്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ഞാൻ വന്നു അഡ്മിറ്റ് ആയിക്കോളാമെന്നു പറഞ്ഞു. എങ്കിൽ അങ്ങനെ ഒന്നു നോക്കു എന്ന് ഡോക്ടർ സമ്മതിച്ചു. പക്ഷെ ഹോസ്പിറ്റലിൽ കിടക്കുന്നപോലെ റെസ്റ്റ് ആയിരിക്കണം എന്ന നിർദേശവും. ഞാൻ ഉറപ്പു കൊടുത്തു.
ഒരു ലോഡ് മരുന്നും നെബുലൈസിംഗ് മെഷീനും ഒക്കെ വാങ്ങി വീട്ടിൽ വന്നു ഒരൊറ്റ കിടപ്പ്. 2021 ൽ കോവിഡ് വന്നപ്പോഴാണ് ഇങ്ങനെ കിടന്നത് എന്ന് ഓർത്തുപോയി. കോവിഡിന് ശേഷം വരുന്ന വൈറസുകൾ പലതരം കോംപ്ലിക്കേഷൻസ് വരുത്തുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതെനിക്കും ഇപ്പോൾ തോന്നുന്നുണ്ട്. അങ്ങനെ പാടാതെ മിണ്ടാതെ അനങ്ങാതെ രണ്ടാഴ്ച.
ഇപ്പോൾ ആശ്വാസമുണ്ട്. ഉടനെ കൂടുതൽ പാട്ടുകളും വിശേഷങ്ങളും ഒക്കെയായി ഞാനിവിടെ ഉണ്ടാകും. ഒത്തിരി പേർ എന്നെ അന്വേഷിച്ചു -രാജിയെ കാണുന്നില്ല, അമ്മയുടെയും രാജിയുടെയും പാട്ടുകൾ കാണാനില്ല എന്നൊക്കെ. താങ്ക് യൂ ഫോർ യുവർ ലവ് ആൻഡ് കൺസേൺ ഫോർ മി. ഞാനൊന്ന് റെഡി ആയിക്കോട്ടെ ട്ടോ , അമ്മ ദേ തയ്യാറായി വെയ്റ്റിംഗാണ്. അപ്പോ എല്ലാം പറഞ്ഞതുപോലെ സീ യൂ സൂൺ’ രാജലക്ഷ്മി കുറിച്ചു.