-->
BE 6 ഫോര്‍മുല-E എഡിഷന്‍ പുറത്തിറക്കി ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra And Mahindra). ഫോര്‍മുല-ഇ കാറോട്ട മത്സരത്തില്‍ സേഫ്റ്റി കാറായി BE 6 സാന്നിധ്യമറിയിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ഫുള്ളി-ലോഡഡ് ആയിട്ടുള്ള FE2, FE3 എന്നീ രണ്ട് വേരിയന്റിലാണ് പുതിയ മോഡല്‍ വാങ്ങാനാവുക.
BE 6 ഫോര്‍മുല-ഇയുടെ FE2, FE3 എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഇലക്ട്രിക് എസ്യുവിയുടെ ഈ സ്‌പെഷ്യല്‍ എഡിഷന്‍ വാങ്ങുന്ന ആദ്യ 999 ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചില സമ്മാനങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്.
മഹീന്ദ്ര പ്രൂവിംഗ് ട്രാക്കില്‍ ട്രാക്ക് ഡേ എക്സ്പീരിയന്‍സ്, മഹീന്ദ്ര റേസിംഗ് മെമ്മോറബിലിയകളുള്ള കളക്ടേഴ്സ് ബോക്‌സ്, എന്നിവയാണ് സമ്മാനങ്ങള്‍. ഇതോടൊപ്പം സൈഡ് ഡോര്‍ ഡീക്കലായി വരുന്ന 0 മുതല്‍ 99 വരെയുള്ള പ്രത്യേക നമ്പറുകള്‍, ലണ്ടന്‍ ഇ-പ്രിക്‌സിനുള്ള മഹീന്ദ്ര റേസ്‌കാറില്‍ ഉപഭോക്താവിന്റെ പേരും ആദ്യത്തെ 999 ഉടമകള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ വാഹനം വാങ്ങുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് ലണ്ടന്‍ ഇ-പ്രിക്‌സിനുള്ള ടിക്കറ്റുകളും പാഡോക്ക് ആക്സസും മഹീന്ദ്ര റേസിംഗ് ടീമുമായും MADE ടീമുമായും കൂടിക്കാഴ്ചയും പ്രത്യേക റൂഫ് ഡീക്കലും നേടാന്‍ അവസരമുണ്ടാവും. BE 6 ഫോര്‍മുല-ഇ ഇലക്ട്രിക് എസ്യുവിക്കായുള്ള ബുക്കിംഗ് 2026 ജനുവരി 14 നും ഡെലിവറി 2026 ഫെബ്രുവരി 14 നും ആരംഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തില്‍ BE 6 ഫോര്‍മുല-ഇ എഡിഷനില്‍ ടോപ്പ്-സ്‌പെക്ക് പാക്ക് ത്രീ വേരിയന്റിലുള്ളതെല്ലാം ലഭിക്കും. രണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍ പോലുള്ള കിറ്റ്, കൂള്‍ഡ് ആംറെസ്റ്റ് കണ്‍സോള്‍, 360-ഡിഗ്രി ക്യാമറ, ADAS ടെക്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആംബിയന്റ് ലൈറ്റിംഗ്, ഹാര്‍മണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹയര്‍-സ്‌പെക്ക് BE 6 ഫോര്‍മുല എഡിഷന്‍ FE3-യില്‍ അഡാപ്റ്റീവ് സസ്‌പെന്‍ഷനും കിട്ടുന്നതാണ്. സ്‌പെഷ്യല്‍ എഡിഷന്‍ BE 6 ഫോര്‍മുല-ഇയില്‍ സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന (RWD) 79kWh ബാറ്ററി പായ്ക്കാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ ഇതിന് 282 bhp കരുത്തില്‍ പരമാവധി 380 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. സിംഗിള്‍ ചാര്‍ജില്‍ 683 കിലോമീറ്റര്‍ റേഞ്ചാണ് ഇലക്ട്രിക് എസ്യുവിയില്‍ കമ്പനി അവകാശപ്പെടുന്നത്.